sections

manoramaonline

MORE

ബിജെപി 18 എംഎല്‍എമാര്‍ക്ക് 10 കോടി വീതം വാഗ്ദാനം ചെയ്തു: കോണ്‍ഗ്രസ്‌

kc-venugopal-press-meet
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താസമ്മേളനത്തിനിടെ. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ന്യൂഡൽഹി∙ കർണാടക രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കു കരുത്തു പകർന്ന് ബിജെപിക്കെതിരെ കടുത്ത ആരോപണ ശരങ്ങളുമായി കോൺഗ്രസ് രംഗത്ത്. കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി നേതാക്കൾ 200 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. കർണാടകയിലെ 18 കോൺഗ്രസ്–ജെഡിഎസ് എംഎൽഎമാർക്ക് മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പ 10 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർട്ടി വക്താവ് രൺദീപ് സുർജേവാല എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരും കർണാടകയിലെ ജെഡിഎസ്–കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിൽ പങ്കാളികളാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനു കൂട്ടുനിൽക്കാൻ കർണാടക സ്പീക്കർക്ക് യെഡിയൂരപ്പ 50 കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണമുണ്ട്. എന്തു വില കൊടുത്തും കർണാടകയിൽ അധികാരം പിടിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും നേതാക്കൾ വ്യക്തമാക്കി. ബിജെപി നേതാക്കൾക്ക് നീതിന്യായ വ്യവസ്ഥയെ ‘കൈകാര്യം’ ചെയ്യാനാകുമെന്ന അവകാശവാദത്തിന്റെ പശ്ചാത്തലത്തിൽ ഇവർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും കോൺഗ്രസ് നേതാക്കൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയോട് ആവശ്യപ്പെട്ടു. 

‘കർണാടക സർക്കാരിനെ അട്ടിമറിക്കാൻ മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപി നടത്തുന്ന രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായി ജെഡിഎസ് എംഎൽഎമാരിൽ ഒരാളുടെ സഹോദരനോട് യെഡിയൂരപ്പ വിലപേശൽ നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പ് കർണാടക മുഖ്യമന്ത്രി ഇന്നലെ പുറത്തുവിട്ടിരുന്നു. കർണാടകയിൽനിന്നുള്ള ഈ വാർത്ത കേട്ട് രാജ്യം മുഴുവനും ഞെട്ടിത്തരിച്ചിരിക്കുകയാണ്’ – കെ.സി. വേണുഗോപാൽ പറഞ്ഞു.

ദൾ എംഎൽഎയെ പാട്ടിലാക്കാൻ ബിജെപി സംസ്ഥാനാധ്യക്ഷൻ യെഡിയൂരപ്പ 25 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ആരോപിച്ച്  മുഖ്യമന്ത്രി കുമാരസ്വാമി വെള്ളിയാഴ്ച ഓഡിയോ ക്ലിപ് പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം. ദൾ എംഎൽഎ നാഗനഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാൻ അദ്ദേഹത്തിന്റെ മകൻ ശരണഗൗഡയുമായി സംസാരിക്കുന്നതിന്റെ ക്ലിപ്പാണിത്. ബജറ്റ് അവതരണത്തിനു തൊട്ടുമുൻപായിരുന്നു മുഖ്യമന്ത്രിയുടെ ‘ആക്രമണം’.

‘സ്വന്തം നിലയ്ക്ക് യെഡിയൂരപ്പ ഓരോ എംഎൽഎയ്ക്കും 10 കോടി വീതം വാഗ്ദാനം ചെയ്തുവെന്നതും ഈ ക്ലിപ്പിൽ വ്യക്തമാണ്. ഏതാണ്ട് 18 എംഎൽഎമാർക്കാണ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്. ആകെ വാഗ്ദാനം ചെയ്ത തുക 200 കോടിയോളം വരും. 12 എംഎൽഎമാർക്ക് മന്ത്രിപദവിയും ആറു പേർക്ക് വിവിധ ബോർഡുകളിൽ ചെയർമാൻ സ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്’ – വേണുഗോപാൽ പറഞ്ഞു.

‘രാജിവയ്ക്കുന്ന എംഎൽഎമാർക്ക് തിരഞ്ഞെടുപ്പ് ചെലവിലേക്കും കോടികളാണ് വാഗ്ദാനം ചെയ്തത്. തന്റെ എംഎൽഎമാരെ അയോഗ്യരാക്കാതിരിക്കാൻ സ്പീക്കർക്ക് 50 കോടി രൂപയാണ് വാഗ്ദാനം. യെഡിയൂരപ്പ വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നതിന്റെ സൂചനകളും ഓഡിയോ ക്ലിപ്പിലുണ്ട്’ – വേണുഗോപാൽ ചൂണ്ടിക്കാട്ടി.

∙ കർണാടകയിൽ ഇന്നലെ നടന്നത്

‘‘50 കോടി രൂപ നൽകി സ്പീക്കറെ ഞങ്ങളുടെ ഭാഗത്താക്കിക്കഴിഞ്ഞു. നിങ്ങൾക്ക് 25 കോടി നൽകാം. കർണാടക സർക്കാരിനു ഭൂരിപക്ഷം ഇല്ലെന്നു സ്പീക്കറുടെ കൂടി പിന്തുണയോടെ ഗവർണറെ അറിയിക്കും. ഗവർണർ ബിജെപിക്ക് ഒപ്പം നിൽക്കുമെന്ന് അമിത് ഷായും പ്രധാനമന്ത്രി മോദിയും ഉറപ്പാക്കും.’’,  ദൾ എംഎൽഎയെ വശത്താക്കാനായി യെഡിയൂരപ്പ പറഞ്ഞ കാര്യങ്ങളെന്ന പേരിൽ കുമാരസ്വാമി വിശദീകരിച്ചതാണിത്.

അതേസമയം, 24 മണിക്കൂറിനകം ഇതു തെളിയിച്ചാൽ രാഷ്ട്രീയം വിടുമെന്നു യെഡിയൂരപ്പ വെല്ലുവിളിച്ചിരുന്നു. സിനിമാ നിർമാതാവ് കൂടിയായ കുമാരസ്വാമി കൃത്രിമമായി ചമച്ചതാണ് ഓഡിയോയെന്നും അദ്ദേഹം ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA