sections

manoramaonline

MORE

‘ഈ ചൗക്കിദാർ’ അഴിമതിക്കാരെ നശിപ്പിക്കും’: കോൺഗ്രസിനു മറുപടിയുമായി മോദി

Narendra-Modi
ഗുവാഹത്തിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന പ്രധാനമന്ത്രി മോദി.
SHARE

ഗുവാഹത്തി∙ മുൻ സർക്കാരുകളെല്ലാം അഴിമതിയെ ഒരു സാധാരണ സംഭവം പോലെയാണു കണ്ടിരുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിൽ നിന്ന് ഈ വിപത്തിനെ ഇല്ലാതാക്കുകയാണ് ബിജെപി സർക്കാർ ചെയ്തത്. ചൗക്കിദാർ (കാവൽക്കാരൻ) തന്നെ ഇപ്പോൾ രാജ്യത്തെ അഴിമതിക്കാരെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഗുവാഹത്തിയിൽ പൊതുജനറാലി അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. രാജ്യത്ത് അഴിമതി പെ‌രുകുമ്പോൾ കാവൽക്കാരൻ മൗനത്തിലാണെന്ന കോൺഗ്രസിന്റെ വിമർശനത്തെ സൂചിപ്പിച്ചായിരുന്നു മോദിയുടെ മറുപടി.

പൗരത്വാവകാശ ബില്ലിനെപ്പറ്റി പല അപവാദങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എസി മുറിയിലിരുന്നാണു പലരും ഇതു പടച്ചു വിടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഭാഷയും സംസ്കാരവും വിഭവങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ് കേന്ദ്ര സർക്കാർ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വേഗത്തിലുള്ള പുരോഗതി ഉൾപ്പെടെ രാജ്യത്തിന്റെ മൊത്തം വികസനമാണു തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. 

14,000 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാകുന്നതോടെ അസം ഇന്ത്യയുടെ എണ്ണ–പ്രകൃതിവാതക ‘ഹബ്’ ആയി മാറും. ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനു ബിജെപി സർക്കാർ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബ്രഹ്മപുത്ര നദിക്കു കുറുകെ പുതിയ പാലത്തിനും മോദി തറക്കല്ലിട്ടു. പാലം വരുന്നതോടെ കിഴക്ക്, പടിഞ്ഞാറൻ ഗുവാഹത്തികൾക്കിടയിലെ യാത്രാസമയം ഒരു മണിക്കൂറിൽ നിന്നു 15 മിനിറ്റിലേക്കു കുറയുമെന്നും മോദി പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വികസിച്ചാൽ മാത്രമേ പുതിയ ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കാനാവുകയുള്ളൂവെന്ന് അരുണാചൽ പ്രദേശിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. അരുണാചലിനു മാത്രമല്ല സമീപ സംസ്ഥാനങ്ങൾക്കും സഹായകമായ 12 ജലവൈദ്യുതപദ്ധതികളാണ് താൻ ഉദ്ഘാടനം ചെയ്തത്. 

അരുണാചൽ പ്രദേശിൽ പ്രധാനമന്ത്രി സൗഭാഗ്യ യോജന പ്രകാരം ഭൂരിപക്ഷം വീട്ടിലും വൈദ്യുതിയെത്തി. അധികം വൈകാതെ രാജ്യം മുഴുവനും ഇതു സംഭവിക്കും. –മോദി പറഞ്ഞു. അരുണാചൽ പ്രദേശിനു വേണ്ടിയുള്ള ദൂരദർശന്റെ ഡിഡി അരുണപ്രഭ ചാനലും മോദി ഉദ്ഘാടനം ചെയ്തു.

അസമിൽ വെള്ളിയാഴ്ച രാത്രി മോദിക്കു നേരെ പ്രതിഷേധ ബാനറുകളും കരിങ്കൊടികളുമായി ഒട്ടേറെ പേർ അണിനിരന്നിരുന്നു. പൗരത്വാവകാശ ബില്ലിന്റെ പേരിലായിരുന്നു പ്രതിഷേധം. ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകളും വിവിധ പാർട്ടികളും പൗരാവകാശ കൂട്ടായ്മകളും ഉൾപ്പെടെയാണ് പ്രതിഷേധത്തിനെത്തിയത്. വിമാനത്താവളത്തിൽ നിന്നു രാജ്ഭവനിലേക്കു വാഹനവ്യൂഹം പോകുമ്പോഴായിരുന്നു പ്രതിഷേധം.

അരുണാചൽ പ്രദേശ്, അസം, ത്രിപുര എന്നിങ്ങനെ മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഒരൊറ്റ ദിവസം മോദി സന്ദർശനം നടത്തുന്നത്. അ‍ഞ്ചു ദിവസത്തിനകം പത്തു സംസ്ഥാനങ്ങളിൽ വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA