ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിലെ വ്യക്തികളുടെ അവകാശങ്ങൾ ഹനിക്കുന്ന വിധത്തിൽ ഇടപെടലുകൾ നടക്കുന്നെന്ന പരാതിയിൽ വിശദീകരണം നൽകാതെ ട്വിറ്റർ. കമ്പനി സിഇഒ ജാക്ക് ഡോർസെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ടു നിയോഗിക്കപ്പെട്ടിരിക്കുന്ന പാർലമെന്ററി സമിതിക്കു മുൻപാകെ ഹാജരാകാൻ വിസമ്മതിച്ചത്. സമൂഹമാധ്യമങ്ങളിലെ വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് വിവര സാങ്കേതിക വകുപ്പ് പാർലമെന്ററി സമിതിക്കു രൂപം നൽകിയത്. 

ബിജെപി എംപി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള സമിതിക്കു മുൻപാകെ ഹാജരാകണമെന്നു കാണിച്ച് ട്വിറ്ററിന് ഔദ്യോഗികമായി സമൻസ് അയച്ചിരുന്നു. ഫെബ്രുവരി ഒന്നിനായിരുന്നു ഇത്. ഫെബ്രുവരി ഏഴിനു സമിതി കൂടിക്കാഴ്ചയ്ക്കും തീരുമാനിച്ചു. എന്നാൽ ഈ യോഗം പിന്നീട് 11ലേക്കു മാറ്റി. ട്വിറ്റർ സിഇഒയുടെ ഉൾപ്പെടെ സൗകര്യം കണക്കിലെടുക്കായിരുന്നു ഇത്. എന്നാൽ വളരെ കുറഞ്ഞ സമയത്തിനകം ഇത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്ക് എത്താൻ സാധിക്കില്ലെന്നായിരുന്നു ട്വിറ്ററിന്റെ മറുപടി. 10 ദിവസം നൽകിയെന്നു സമിതിയും വ്യക്തമാക്കുന്നു. 

ട്വിറ്ററിന്റെ തലപ്പത്തുള്ള വ്യക്തി നേരിട്ടു ഹാജരാകണമെന്നു കത്തിൽ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ഒരു സഹായിയെയും കൂടെക്കൂട്ടാം. എന്നാൽ ഇക്കാര്യം നിരസിച്ചാണ് ട്വിറ്ററിന്റെ മറുപടി. ഇന്ത്യയിലെ കണ്ടന്റും അക്കൗണ്ടുകളുമായി ബന്ധപ്പെട്ട നയങ്ങളിൽ നിർണായക തീരുമാനമെടുക്കാൻ പോന്ന ആരും ‘ട്വിറ്റർ ഇന്ത്യ’യിൽ നിലവിലില്ല. അത്തരത്തിൽ യാതൊരു അധികാരവുമില്ലാത്ത ‘ജൂനിയർ’ ഉദ്യോഗസ്ഥനെ പാർലമെന്റ് സമിതിക്കു മുന്നിൽ ഹാജരാക്കുന്നത് ഉചിതമായിരിക്കില്ലെന്നും മറുപടിക്കത്തില്‍ ട്വിറ്റർ വ്യക്തമാക്കി. 

യുഎസ് കോൺഗ്രസ്, യൂറോപ്യൻ യൂണിയൻ, സിംഗപ്പൂർ എന്നിവിടങ്ങളിലും ട്വിറ്ററിനു നേരത്തേ ഹാജരാകേണ്ടി വന്നിട്ടുണ്ട്. ഡേറ്റ പ്രൈവസി, ഇന്ത്യൻ തിരഞ്ഞെടുപ്പുകളിലെ അനാരോഗ്യ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ ഇപ്പോൾത്തന്നെ പല സമൂഹമാധ്യമങ്ങളും വിവാദനിഴലിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com