ADVERTISEMENT

മൂന്നാർ∙ദേവികുളം സബ് കലക്ടർ ഡോ. രേണുരാജിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രൻ എംഎൽഎ. സബ് കലക്ടറെ അധിക്ഷേപിച്ചിട്ടില്ലെന്നു എംഎൽഎ മനോരമ ന്യൂസിനോടു പറഞ്ഞു. ‘അവൾ’ എന്നത് അത്ര മോശം വാക്കല്ല. എംഎൽഎയെന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തത്. തന്റെ സംസാരം ആർക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ േഖദം രേഖപ്പെടുത്തുന്നു. 

സംഭവത്തിൽ സിപിഎം – സിപിഐ ജില്ലാ സെക്രട്ടറിമാർ രാജേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു. രാജേന്ദ്രനോടു വിശദീകരണം തേടുമെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചിരുന്നു. രാജേന്ദ്രന്റെ നടപടി ശരിയായില്ലെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും വ്യക്തമാക്കിയിരുന്നു. 

മൂന്നാറിലെ അനധികൃത നിര്‍മാണം തടഞ്ഞതിനെത്തുടർന്നാണ് എസ്. രാജേന്ദ്രൻ എംഎൽഎ സബ് കലക്ടർക്കെതിരെ രംഗത്തെത്തിയത്. പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോടു ചേര്‍ന്ന സ്ഥലത്താണു വനിതാ വ്യാവസായ കേന്ദ്രം നിർമിക്കുന്നത്. 2010ലെ ഹൈക്കോടതി ഉത്തരവു പ്രകാരം കലക്ടറുടെ അനുമതിയില്ലാതെയാണു നിര്‍മാണം. പുഴയാറിന്റെ തീരം കയ്യേറിയാണു നിര്‍മാണമെന്നും ആരോപണമുണ്ട്. 

നിര്‍മാണം തടയാനെത്തിയ തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ ദേവികുളം എംഎല്‍എയുടെ നേതൃത്തില്‍ മടക്കിയയച്ചു. പിന്നീടാണു സബ് കലക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രന്‍ എംഎല്‍എ പരസ്യമായി അധിക്ഷേപം നടത്തിയത്. നടപടിയെടുക്കാനെത്തിയ റവന്യുസംഘത്തെ തടഞ്ഞവര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് രേണുരാജ് അറിയിച്ചിരുന്നു. എംഎൽഎയുടെ ഇടപെടലും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com