ADVERTISEMENT

അമരാവതി∙ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സഖ്യകക്ഷിയായിരുന്ന തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ബിജെപി ബന്ധം ഉപേക്ഷിച്ച ശേഷം ആദ്യമായി ആന്ധ്രയിൽ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ കടന്നാക്രമണം. രാഷ്ട്രീയത്തിൽ തന്നെക്കാൾ മുതിർന്ന ആളാണെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദം. അതുശരിയാണ്, മറുകണ്ടം ചാടുന്നതിലും പുതിയ സഖ്യം രൂപീകരിക്കുന്നതിലും അദ്ദേഹത്തിന് തന്നെക്കാൾ പ്രവർത്തനപരിചയമുണ്ട്. സ്വന്തം ഭാര്യാപിതാവിനെ പോലും പിന്നിൽ നിന്നു കുത്തിയ ആളാണ് ചന്ദ്രബാബു നായിഡു.– നരേന്ദ്ര മോദി പറഞ്ഞു.

ആന്ധ്രാ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വൻതുക ചെലവാക്കുന്നതിനെയും പ്രധാനമന്ത്രി പരിഹസിച്ചു. സ്വന്തം പോക്കറ്റിൽ    നിന്നു പണം മുടക്കിയാണ് ബിജെപി പരിപാടികൾ സംഘടിപ്പിക്കുന്നത്. എന്നാൽ ജനങ്ങളുടെ പോക്കറ്റിൽ കയ്യിട്ടാണ് ചന്ദ്രബാബു നായിഡു പരിപാടികൾ നടത്തുന്നത്. ആന്ധ്രാ പ്രദേശിന് പുതിയ സൂര്യോദയം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ആൾ ഇപ്പോൾ മകന്റെ പുരോഗതിക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അമരാവതിയുടെ വികസനത്തെക്കാൾ സ്വന്തം വികസനകാര്യത്തിലാണ് അദ്ദേഹത്തിനു ശ്രദ്ധയെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഞായറാഴ്ച രാവിലെ വിജയവാഡാ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കീഴ്‌വഴക്കത്തിനു വിഭിന്നമായി ടിഡിപി മന്ത്രിസഭയിൽ നിന്ന് ആരും എത്തിയില്ല. ഗവർണറും ചീഫ് സെക്രട്ടറിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഗുണ്ടൂരിൽ റാലിയിൽ പങ്കെടുത്ത ശേഷം തിരുപ്പൂർ, റെയ്ച്ചൂർ എന്നിവടങ്ങളിലെ ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുത്തു.

‍ടിഡിപി, കോണ്‍ഗ്രസ്, ഇടതുകക്ഷികളുടെ നേതൃത്വത്തിൽ വൻപ്രതിഷേധങ്ങളാണ് നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് അരങ്ങേറിയത്. ഗുണ്ടൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത റാലിക്കു നേരേ ടിഡിപി പ്രവർത്തകർ കരിങ്കൊടി വീശി. നിരവധി പ്രദേശങ്ങളിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ആന്ധ്രാ പ്രദേശിന് ഇന്ന് കറുത്തദിനമാണെന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. തന്നെ വിമർശിക്കാനാണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്. നമുക്ക് ഒരു നീതിയും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു ലഭിച്ചിട്ടില്ല. വിഭജനത്തിന്റെ മുറിവ് ഇനിയും ഉണങ്ങാത്ത ജനതയെ പ്രധാനമന്ത്രി വീണ്ടും വീണ്ടും നോവിക്കുകയാണ്.

ആന്ധ്രാ പ്രദേശിന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി തിങ്കളാഴ്ച നിരാഹാരം അനുഷ്ഠിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ചൊവാഴ്ച്ച രാഷ്ട്രപതി റാംനാഥ് കേവിന്ദിനെ സന്ദർശിച്ച് ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള മെമ്മോറണ്ടം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com