ADVERTISEMENT

ന്യൂഡൽഹി∙ റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമർപ്പിച്ചേക്കും. ബുധനാഴ്ച പാർലമെന്റില്‍  വയ്ക്കുമെന്നാണ് അറിയുന്നത്. സര്‍ക്കാരും സിഎജിയുമായി ആശയവിനിമയം നടത്തുകയാണ്. വ്യോമസേനയുടെ ആയുധ ഇടപാടുകള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് വയ്ക്കുന്നതെന്നാണു സൂചന. റിപ്പോർട്ടിന്റെ പകർപ്പ് തിങ്കളാഴ്ച സർക്കാരിനും നൽകിയേക്കും.

റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) സമാന്തര ഇടപെടൽ നടത്തിയ വിവരം കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽനിന്നു മറച്ചുവച്ചതായുള്ള സൂചനയും പുറത്തുവന്നു. പിഎംഒയുടെ ഇടപെടൽ ഒഴിവാക്കുന്നതാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടി 2015ൽ പ്രതിരോധ സെക്രട്ടറി ജി. മോഹൻ കുമാർ അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർക്ക് നൽകിയ കുറിപ്പ്, റഫാൽ സംബന്ധിച്ച കേസ് പരിഗണിച്ച വേളയിൽ സർക്കാർ കോടതിയിൽ സമർപ്പിച്ചില്ല.

റഫാൽ പ്രക്ഷോഭം കടുപ്പിച്ച കോൺഗ്രസ്, വരും ദിവസങ്ങളിൽ ഇക്കാര്യവും പാർലമെന്റിൽ ഉന്നയിക്കും. രേഖകൾ സർക്കാർ മറച്ചുവച്ചുവെന്നും അവ കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിൽ റഫാൽ കേസിലെ വിധി മറ്റൊന്നാകുമായിരുന്നുവെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

യുദ്ധോപകരണങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ചർച്ചകളിൽ അതിനു നിയോഗിക്കപ്പെടുന്ന സമിതിക്കല്ലാതെ (നെഗോസ്യേഷൻ കമ്മിറ്റി) മറ്റാർക്കും (പ്രധാനമന്ത്രി ഉൾപ്പെടെ) ഇടപെടാനാവില്ലെന്നാണു ചട്ടം (ഡിഫൻസ് പ്രോക്യൂർമെന്റ് പ്രൊസീജ്യർ). പ്രതിരോധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുൾപ്പെട്ട സമിതിയിലെ അംഗങ്ങൾ തങ്ങളുടെ അറിവിന്റെയും അനുഭവസമ്പത്തിന്റെയും അടിസ്ഥാനത്തിലാണു ചർച്ചകൾ നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർ സമാന്തരമായി നടത്തിയ ചർച്ചയിൽ, പ്രതിരോധ മേഖലയുടെ താൽപര്യം എത്രത്തോളം സംരക്ഷിക്കപ്പെട്ടുവെന്ന ചോദ്യം പ്രസക്തം. സമാന്തര ചർച്ച ഇന്ത്യയുടെ നിലയെ ഗുരുതരമായി ബാധിക്കുമെന്നു പ്രതിരോധ സെക്രട്ടറി കുറിച്ചിട്ടതിന്റെ അടിസ്ഥാനവും ഇതാണ്.

വ്യോമസേനാ ഉപമേധാവി എയർ മാർഷൽ എസ്.ബി.പി. സിൻഹയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാണ് ഇന്ത്യയ്ക്കായി ചർച്ചകൾ നടത്തിയത്. റഫാലിൽ ആയുധങ്ങൾ ഘടിപ്പിക്കുന്നതിന് ഉയർന്ന വില നിശ്ചയിച്ചതിനെതിരെ സമിതിയിലെ 3 പേർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇത് മറികടന്ന് 4 പേരുടെ പിന്തുണയോടെ തുക അംഗീകരിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി ആ തുകയ്ക്ക് പച്ചക്കൊടി കാട്ടുകയായിരുന്നുവെന്നാണു കേന്ദ്രം ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ, ചർച്ചകളിലും പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന രേഖ പുറത്തുവന്നതോടെ, പ്രതിരോധ ചട്ടങ്ങളുടെ ലംഘനം വ്യക്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com