ADVERTISEMENT

അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണെന്ന് സിബിഐ കുറ്റപത്രം. പല തലത്തിലുള്ള നേതാക്കളുടെ പങ്കാളിത്തത്തോടെ കൃത്യമായി ഗൂഢാലോചന നടത്തി വിദഗ്‌ധമായ ആസൂത്രണത്തോടെയാണു കൊല നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

ശക്തമായ പ്രതികാരം: വ്യക്തമായ ആസൂത്രണം

ഷുക്കൂറിനെയും സുഹൃത്തുക്കളെയും തടഞ്ഞുവച്ചതു മുതൽ, കൊല്ലാനുപയോഗിച്ച കഠാര ഒളിപ്പിച്ചതിൽ വരെ വ്യക്‌തമായ ആസൂത്രണവും പ്രാദേശികതലത്തിലെ പ്രധാന നേതാക്കളുടെ നിർദേശങ്ങളുമുണ്ടായിരുന്നു. മുസ്‌ലിം ലീഗിന്റെ ശക്‌തികേന്ദ്രമായ അരിയിലിൽ ഫെബ്രുവരി മൂന്നാം വാരം ചില സിപിഎം പ്രവർത്തകർക്കു നേരെ ആക്രമണം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ടു സംഘർഷം നിലനിൽക്കുന്നതിനിടയിലാണു ഫെബ്രുവരി 20നു ജയരാജനും രാജേഷും ചില പ്രാദേശിക നേതാക്കളും അവിടം സന്ദർശിക്കാൻ പുറപ്പെട്ടത്.

അരിയിലിലേക്കു പൊലീസ് എത്തുന്നുവെന്നു കേട്ടാണു മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ തടിച്ചുകൂടിയിരുന്നത്. ഇതിനിടെ സിപിഎം നേതാക്കളും മാധ്യമസംഘവും വരുന്ന വാഹനവ്യൂഹം എത്തിയപ്പോൾ ആളറിയാതെയാണു യൂത്ത് ലീഗുകാർ തടഞ്ഞത്. തന്നെ തിരിച്ചറിഞ്ഞാൽ അക്രമമുണ്ടാവില്ല എന്ന വിശ്വാസത്തിൽ ജയരാജൻ വാഹനം നിർത്തിച്ചു പുറത്തിറങ്ങി. ജയരാജനെയും രാജേഷിനെയും ചിലർ തിരിച്ചറിഞ്ഞതോടെയാണു വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. ജയരാജനെ ചിലർ കോളറിൽ പിടിച്ചു ഭീഷണിപ്പെടുത്തുക വരെ ചെയ്‌തെങ്കിലും ഉടൻ വാഹനത്തിൽ കയറി രക്ഷപ്പെട്ടതിനാൽ കൂടുതൽ അക്രമമുണ്ടായില്ല.

ആക്രമണത്തെ തുടർന്നു ജയരാജനും സംഘവും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിൽസയ്‌ക്കെത്തിയപ്പോഴേക്കും വാർത്ത കാട്ടുതീ പോലെ പടർന്നു. ജില്ലാ സെക്രട്ടറിയെ ആക്രമിച്ചവരെ വേണ്ടപോലെ കൈകാര്യം ചെയ്യാൻ പ്രാദേശികനേതാക്കൾ അപ്പോൾ തന്നെ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് അരിയിൽ സ്വദേശിയും എംഎസ്‌എഫ് നേതാവുമായ ഷുക്കൂറും സുഹൃത്തുക്കളും സിപിഎം കോട്ടയായ കീഴറയിൽ എത്തിപ്പെടുന്നത്. ജയരാജനെ ആക്രമിച്ച ശേഷം ചിലർ ചെറുകുന്ന് ഭാഗത്തേക്കു രക്ഷപ്പെട്ടു വരുന്നതായി വിവരം ലഭിച്ചു  പ്രവർത്തകർ കീഴറ വള്ളുവൻ കടവിൽ കാത്തുനിന്നിരുന്നു.

ഇവർ സംഘം ചേർന്നു പിന്തുടർന്നതോടെ അപകടം മണത്തു ഷുക്കൂറും സംഘവും സമീപത്തെ മുഹമ്മദ്‌കുഞ്ഞിയുടെ വീട്ടിലേക്ക് ഓടിക്കയറി. ആരോ പിന്തുടരുന്നെന്നും രക്ഷിക്കണമെന്നും പറഞ്ഞപ്പോൾ മുഹമ്മദ്‌കുഞ്ഞി അഭയം നൽകി. പിന്തുടർന്നെത്തിയവർ ഇരുവരെയും പുറത്തേക്കിറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഹമ്മദ്‌കുഞ്ഞി തയാറായില്ല. ഏതോ തീവ്രവാദികളെ വീട്ടിൽ തടഞ്ഞുവച്ചിരിക്കുന്നു എന്ന മട്ടിലാണു നാട്ടിൽ വാർത്ത പ്രചരിച്ചത്. വിവരമറിഞ്ഞവരെല്ലാം മുഹമ്മദ്‌കുഞ്ഞിയുടെ വീട്ടുമുറ്റത്തെത്തി.

കണ്ണപുരം പൊലീസ് സ്‌റ്റേഷനിലെ ഫോൺ നമ്പർ വാങ്ങാനായി മുഹമ്മദ്‌കുഞ്ഞി അയൽവീട്ടിലേക്കു പോയ തക്കത്തിന് അക്രമികളിലൊരാൾ കതകു പൊളിച്ച് ഉള്ളിൽ കയറി. ‘ടി. വി. രാജേഷിനെയും പി. ജയരാജനെയും ആക്രമിച്ചതു നിങ്ങളല്ലേ’ എന്ന് അയാൾ ചോദിച്ചു. തങ്ങൾക്കു സംഭവത്തിൽ പങ്കില്ലെന്നും നാട്ടിലെ സിപിഎം പ്രവർത്തകരോടു ചോദിച്ചാൽ ഇക്കാര്യം വ്യക്‌തമാകുമെന്നും ഷുക്കൂറും കൂട്ടുകാരും കരഞ്ഞു പറഞ്ഞു.

അഞ്ചുപേരുടെയും പേരും വിലാസവും അവർ കുറിച്ചെടുത്തു. എന്നിട്ടു മൊബൈൽ ഫോണിൽ പലർക്കായി വിവരം കൈമാറി. ഒരാൾകൂടി വീടിനുള്ളിലേക്കു വന്ന് അഞ്ചുപേരുടെയും ചിത്രം മൊബൈൽ ഫോണിൽ പകർത്തിയശേഷം പുറത്തേക്കു പോയി. അകത്തുണ്ടായിരുന്നയാൾ ആരെയൊക്കെയോ വിളിച്ച് ‘പടം കണ്ടോ, ഇവർ തന്നെയാണോ’ എന്നു തിരക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഷുക്കൂറിന്റെ ജ്യേഷ്‌ഠൻ വിവരമറിഞ്ഞു പ്രാദേശിക സിപിഎം നേതാവിനെ വിളിച്ചു സഹോദരനെയും സുഹൃത്തുക്കളെയും വിട്ടയയ്‌ക്കണമെന്ന് അഭ്യർഥിച്ചു. ‘നിങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിൽ അനുഭവിച്ചോ’ എന്നായിരുന്നു നേതാവിന്റെ മറുപടി.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വിചാരണയുടെ ആദ്യഘട്ടം പൂർത്തിയായി. അബ്‌ദുൽ സലാമിനെയും അയൂബിനെയും ഹാരിസിനെയും വീട്ടിൽനിന്നു വെളിയിലേക്കു കൊണ്ടുവന്നു വയലിലേക്ക് ഇറക്കി നിർത്തി. ഇരുനൂറിലധികം ആളുകൾ അപ്പോൾ വീടിനു ചുറ്റും വയലിന്റെ പല ഭാഗങ്ങളിലുമായി കാത്തുനിൽക്കുകയാണ്. വയലിലേക്കു കൊണ്ടുപോകവേ ഒരാൾ അയൂബിന്റെ കണ്ണിൽ ആഞ്ഞുചവിട്ടി. നിലത്തു വീണ അയൂബിന്റെ കൺപോളകൾ അയാൾ തുറന്നു നോക്കി. ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു കരുതിയിട്ടാകാം, വീണ്ടും അതേ കണ്ണിൽ ആഞ്ഞുചവിട്ടി. അയൂബ് കണ്ണു പൊത്തിപ്പിടിച്ചു നിലവിളിച്ചുകൊണ്ട് ഓടി. തുടർന്ന് അബ്‌ദുൽ സലാമിനെയും ഹാരിസിനെയും സംഘം ചേർന്നു മർദിച്ചു. ഇരുവരും അയൂബിനു പിന്നാലെ ഓടി. വയൽവരമ്പിൽ തമ്പടിച്ചു നിന്ന സംഘത്തിലെ മറ്റുള്ളവർ അവരെ തടഞ്ഞില്ല.

അതിനുശേഷമാണ് കുറ്റവാളികളെന്നു വിധിച്ച ഷുക്കൂറിനെയും സക്കറിയയെയും വയലിലേക്കു കൊണ്ടുവന്നത്. ഇരുമ്പുവടികൊണ്ടുള്ള മർദനത്തോടെയായിരുന്നു ശിക്ഷ നടപ്പാക്കലിന്റെ തുടക്കം. പിന്നീടു മൂർച്ചയേറിയ ആയുധംകൊണ്ടു ശരീരമാസകലം മുറിവുണ്ടാക്കി. ഇതിനിടെ ഷുക്കൂർ കുതറി രക്ഷപ്പെട്ടു വയലിലേക്ക് ഓടി. അക്രമികൾ പിന്നാലെ പാഞ്ഞു. ഷുക്കൂറിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞതോടെ സക്കറിയ റോഡിലേക്ക് ഓടി രക്ഷപ്പെട്ടു. ഓടുന്ന വഴിക്കു കണ്ട പൊലീസ് സംഘം ആശുപത്രിയിലെത്തിച്ചതിനാൽ സക്കറിയയുടെ ജീവൻ ബാക്കിയായി.

ഓടുന്നതിനിടെ പിന്നിൽനിന്നു വെട്ടിവീഴ്‌ത്തിയായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്. വയൽവരമ്പിൽ തമ്പടിച്ചിരുന്ന നാട്ടുകാരടക്കമുള്ള ഇരുനൂറോളംപേരിൽ ആരും ഒന്നു ശബ്‌ദമുയർത്തുകപോലും ചെയ്യാതെ എല്ലാം കണ്ടു നിന്നു. ഒടുവിൽ വൈകി പൊലീസ് എത്തുമ്പോൾ വധശിക്ഷ നടപ്പാക്കി കോടതി പിരിഞ്ഞിരുന്നു. പൊലീസ് വരുമ്പോൾ അക്രമികൾ യാതൊരു കൂസലുമില്ലാതെ വാഹനത്തിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആരെയും അവർ തൊട്ടില്ല. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശേരി എംഎൽഎ ടി. വി. രാജേഷും ചെറിയൊരു മാധ്യമസംഘവും ചേർന്നുള്ള യാത്രയ്‌ക്കുനേരെ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ കല്ലേറിനു വിധിച്ച ശിക്ഷയായിരുന്നു ഷുക്കൂർവധം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT