ADVERTISEMENT

വിഎസിന്റെ പൂച്ചകള്‍ തൊട്ടിങ്ങോട്ടു ഐഎഎസ്/ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു ബാലികേറാമലയാണു മൂന്നാർ‍. അനധികൃത കയ്യേറ്റങ്ങള്‍ക്കുമേല്‍ നിയമത്തിന്റെ ചക്രങ്ങള്‍ ഉരുണ്ടുതുടങ്ങുമ്പോള്‍ കൊടിയുടെ നിറം മറന്ന് ആര്‍ത്തലച്ചെത്തുന്ന പ്രതിഷേധങ്ങളില്‍ ഉരുണ്ടത് നിരവധി തലകൾ‍. പക്ഷേ ചവിട്ടിത്തേച്ചിട്ടും ഒരണു പോലും കുറയാത്ത വാശിയോടെ ക്ഷുഭിതയൗവ്വനങ്ങള്‍ വീണ്ടും മല കയറിയെത്തുമ്പോള്‍ വിവാദങ്ങള്‍ക്കു ചൂടേറുന്നു. ‘കടിച്ചതിനേക്കാള്‍ വലുത് അളയിൽ’ എന്ന അവസ്ഥയില്‍ അങ്കലാപ്പിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍.

'ഞാന്‍ മുന്നോട്ട് തന്നെ പോകും'-  ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ അധിക്ഷേപം ചൊരിഞ്ഞപ്പോള്‍ സബ് കലക്ടര്‍ ഡോ. രേണു രാജിന്റെ ഉറച്ച വാക്കുകളാണിത്. ശക്തമായ നിലപാടെടുത്ത്, ചെയ്യുന്ന ജോലിയോട് നൂറു ശതമാനം ആത്മാര്‍ഥത പുലര്‍ത്തിയ യുവ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കു കേരളമാകെ അഭിനന്ദനപ്രവാഹം. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ചു വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചത്. എംഎല്‍എയുടെ വാക്കുകള്‍ തലവേദനയായപ്പോള്‍ സിപിഎം കൈവിട്ടു. സബ് കലക്ടറെ പിന്തുണച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും രംഗത്തെത്തി. ഇതോടെ ഖേദം പ്രകടിപ്പിക്കേണ്ട നിലയിലെത്തി എംഎല്‍എ.

മൂന്നാറില്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു ശക്തമായ നേതൃത്വം നല്‍കുകവഴി സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇഷ്ടക്കേട് ഏറ്റുവാങ്ങിയാണു ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആ പദവിയില്‍നിന്നു തെറിച്ചത്. മൂന്നാറിലെ വിവാദ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ശ്രീറാമിന്റെ നീക്കത്തിനു ഹൈക്കോടതിയുടെ അംഗീകാരം ഉണ്ടായതിന്റെ പിറ്റേന്നാണു മന്ത്രിസഭായോഗം അദ്ദേഹത്തെ നീക്കിയത്. ശ്രീറാമിനെ സംരക്ഷിച്ചുവന്ന റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനെയും സിപിഐയെയും മൂകസാക്ഷിയാക്കിയായിരുന്നു തീരുമാനം. വയനാട് സബ് കലക്ടര്‍ പ്രേംകുമാറിനെ പകരം നിയമിച്ചു. ശ്രീറാമിന് എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറുടെ ചുമതലയും നല്‍കി.

മൂന്നാര്‍ പൊലീസ് സ്റ്റേഷന് എതിര്‍വശമുള്ള വി.വി.ജോര്‍ജിന്റെ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന 22 സെന്റ് സ്ഥലം കയ്യേറ്റ ഭൂമിയിലാണെന്നും ഒഴിപ്പിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിവാദഭൂമി ഒഴിപ്പിക്കണമെന്നു ശ്രീറാം മുന്‍പ് ഉത്തരവു നല്‍കിയതിനെത്തുടര്‍ന്നാണ് അതിനെതിരെ മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതും അദ്ദേഹം യോഗം വിളിച്ചതും. മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയപ്പോള്‍തന്നെ ശ്രീറാമിനെതിരെ നടപടി ആവശ്യപ്പെട്ടു മന്ത്രി മണിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടു സമ്മര്‍ദം തുടങ്ങിയിരുന്നു.

എം.എം.മണിയും എസ്.രാജേന്ദ്രനും നിരന്തരം ശ്രീറാമിനെതിരെ പരസ്യമായി രംഗത്തെത്തി. കയ്യേറ്റ ഭൂമിയിലെ കുരിശു തകര്‍ത്ത വിവാദത്തില്‍ മുഖ്യമന്ത്രി തന്നെ റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞു. മണ്ണുമാന്തിയോ മറ്റു യന്ത്രങ്ങളോ ഉപയോഗിച്ചു ഇടിച്ചുപൊളിക്കല്‍ നടത്താതെ മതി മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കലെന്നു തലസ്ഥാനത്തു സര്‍വകക്ഷി യോഗത്തില്‍ നിര്‍ദേശിച്ചു സബ്കലക്ടറെ നിയന്ത്രിച്ചു. ദേവികുളം സബ് കലക്ടറായി വി.ശ്രീറാം 350 ദിവസത്തോളമാണു സേവനം അനുഷ്ഠിച്ചത്.

ഇക്കാലത്തിനിടെ ഉന്നത ഉദ്യോഗസ്ഥര്‍ തൊടാന്‍ മടിച്ച മൂന്നാര്‍ ഭൂമി വിഷയത്തില്‍ ആരെയും കൂസാതെ നടപടി തുടങ്ങി. കയ്യേറ്റക്കാരുടെ പട്ടിക തയാറാക്കി. ഒഴിപ്പിക്കലിനു നേരിട്ടു നേതൃത്വം നല്‍കി. രാഷ്ട്രീയ ശുപാര്‍ശകള്‍ ചെവിക്കൊണ്ടില്ല. ഒപ്പമുള്ള ഉദ്യോഗസ്ഥരെ സംരക്ഷിച്ചു. ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനു വീടുള്ള, സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമമെന്നു വിളിക്കപ്പെടുന്ന ഇക്കാ നഗറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചു. പാപ്പാത്തിച്ചോലയിലെ ഒഴിപ്പിക്കല്‍ വന്‍ വിവാദമായി.

പാപ്പാത്തിച്ചോലയ്ക്കു പിന്നാലെ ചിന്നക്കനാലിലും കയ്യേറ്റമൊഴിപ്പിക്കുമെന്ന സൂചന ലഭിച്ചതോടെ ഇടുക്കി ജില്ലയിലെ സിപിഎം ഒന്നടങ്കം രംഗത്തെത്തി. മൂന്നാറില്‍നിന്നുള്ള സര്‍വകക്ഷിസംഘം മുഖ്യമന്ത്രിയെ സമീപിച്ചു. പ്രാദേശിക സിപിഐ, കോണ്‍ഗ്രസ് നേതാക്കളും ശ്രീറാമിന് എതിരായ നിലപാടെടുത്തു. ലവ്‌ഡേല്‍ ഹോംസ്റ്റേ ഒഴിപ്പിക്കലിനു ഹൈക്കോടതി അനുമതി നല്‍കി. ഇത്, ശ്രീറാം വര്‍ധിതവീര്യത്തോടെ നടപടികള്‍ പുനരാരംഭിക്കാനുള്ള സാധ്യത തുറന്നു. പിന്നെ സര്‍ക്കാരിനു മുന്നില്‍ ഒറ്റവഴിയേ ഉണ്ടായിരുന്നുള്ളൂ- ശ്രീറാമിനെ ഒഴിപ്പിക്കല്‍ !

ശ്രീറാമിന്റെ അതേ വഴിയിലായിരുന്നു വി.ആര്‍.പ്രേംകുമാറും. ദേവികുളം സബ് കലക്ടറായി പ്രേംകുമാറും കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെ കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതോടെയാണു പ്രേംകുമാറിനെതിരെ സിപിഎമ്മില്‍ അപ്രീതി പുകഞ്ഞത്. ഭൂമി കയ്യേറ്റക്കാരുടെ സ്വാധീനവും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെയും അപ്രീതിയും ചേര്‍ന്നപ്പോള്‍ സ്ഥലംമാറ്റം ഉത്തരവെത്തി. വിവിധ വിഷയങ്ങളില്‍ ജനതാല്‍പര്യവും സമൂഹനന്മയും മാത്രം പരിഗണിച്ചു തീരുമാനങ്ങളെടുത്തു ശക്തമായി മുന്നോട്ടുപോയ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും സമാനമായ പ്രതികരങ്ങളാണു മുമ്പും ലഭിച്ചിരുന്നത്.

നോക്കുകൂലി, പച്ചക്കറികളിലെ കീടനാശിനികളുടെ അമിതസാന്നിധ്യം, ഭക്ഷ്യവസ്തുക്കളിലെ മായം കലര്‍ത്തല്‍ എന്നിവയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് ടി.വി. അനുപമ വമ്പന്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ പലരുടെയും കണ്ണിലെ കരടായത്. അനുപമയുടെ നിലപാടുകള്‍ ജനശ്രദ്ധ നേടി. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വിഷം തളിച്ച പച്ചക്കറികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കേരളത്തെ വിഷം തീറ്റിക്കില്ലെന്ന അനുപമയുടെ ഉറച്ച തീരുമാനം മലയാളികളെ പോലും ഇരുത്തിചിന്തിപ്പിച്ചു. നേരത്തേ, എട്ടു മാസം ആലപ്പുഴ ജില്ലാ കലക്ടര്‍ ആയപ്പോള്‍ സര്‍ക്കാരിനെ വിറപ്പിച്ചാണ് അനുപമ നിലകൊണ്ടത്.

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിക്കു മന്ത്രിപദം നഷ്ടമാക്കിയ വിവാദ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച നടപടിയിലൂടെയും അനുപമ ശ്രദ്ധാകേന്ദ്രമായി. കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണായകമായിരുന്നു. തോമസ് ചാണ്ടിയും ബന്ധുവും നിയമലംഘനം നടത്തിയെന്നും ഭൂമി കയ്യേറിയെന്നുമുള്ള കലക്ടറുടെ കണ്ടെത്തല്‍ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി. മുന്‍ കലക്ടര്‍ വീണ എന്‍.മാധവന്‍ തുടങ്ങി വച്ച അന്വേഷണം പൂര്‍ത്തിയാക്കിയാണ് അനുപമ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ വിമര്‍ശനത്തിനും വഴിയൊരുക്കി. ഒടുവില്‍ മന്ത്രിയുടെ രാജിയുമുണ്ടായി. 2009 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയാണ് അനുപമ ഭരണവഴിയിലെത്തുന്നത്. മലപ്പുറം പൊന്നാനി സ്വദേശിയാണ്.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലെ റെയ്ഡിലൂടെയാണു ചൈത്ര തെരേസ ജോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടിയുടെയും തലവേദനയായത്. വുമണ്‍സ് സെല്‍ എസ്പിയായ ചൈത്ര, ഡിസിപിയുടെ അധിക ചുമതല വഹിക്കുമ്പോഴായിരുന്നു സംഭവം. റെയ്ഡിനു പിന്നാലെ ഡിജിപിയും മുഖ്യമന്ത്രിയും ചൈത്രയെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. പോക്‌സോ കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ക്കു വേണ്ടിയായിരുന്നു ചൈത്രയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സിപിഎം ഓഫിസിലെത്തിയത്.

മെറിന്‍ ജോസഫ് എന്ന പേര് മലയാളി ആദ്യം കേള്‍ക്കുന്നതു സമൂഹമാധ്യമങ്ങളിലൂടെയാണ്. ജോലി ലഭിക്കുന്നതിനു മുമ്പേ തന്നെ വൈറലായ വനിത ഐപിഎസ് ഉദ്യേഗസ്ഥയാണു മെറിന്‍. ശ്രീലേഖയ്ക്കും സന്ധ്യയ്ക്കും ശേഷം ഐപിഎസ് സ്വന്തമാക്കിയ മലയാളി യുവതി. സൗന്ദര്യമാണ് മെറിനെ ആദ്യം താരമാക്കിയത്. ട്രെയിനിങ് സമയത്ത് മെറിന്‍ യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതുകണ്ട് ദേ സുന്ദരി ഐപിഎസുകാരി കൊച്ചിയില്‍ എസിപിയാകുന്നു എന്നാരോ തട്ടിവിട്ടു. സംഭവം ഹിറ്റായി. മെറിനു ഫെയ്‌സ്ബുക്ക് പേജുവരെ ആരാധകര്‍ ഒരുക്കി.

മൂന്നാര്‍ എസ്പി ആയിരിക്കെ മൂന്നാര്‍ തേയില തോട്ടങ്ങളില്‍ പെണ്ണൊരുമ പ്രവര്‍ത്തകര്‍ സമരം ആരംഭിച്ചപ്പോള്‍ ക്രമസമാധാന ചുമതല എസ്പിയായ മെറിനായിരുന്നു. സംയമനത്തോടെ സമരക്കാരെ നേരിട്ട മെറിന്‍ മാധ്യമങ്ങളുടെയും ജനപ്രതിനിധികളുടെയും സമരക്കാരുടെയും കയ്യടിവാങ്ങി. നടന്‍ നിവിന്‍ പോളിയുടെ കൂടെ നിന്ന് ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കിലിട്ടപ്പോള്‍ സമൂഹമാധ്യമങ്ങളുടെ പരിഹാസവും കേള്‍ക്കേണ്ടി വന്നു. കേരള റെയില്‍വേ പൊലീസില്‍ എസ്പിയായ മെറിന്‍, 'ബിവയര്‍' എന്ന ഷോര്‍ട്ട് മൂവിയിലൂടെ ട്രെയിന്‍ യാത്രക്കാരെ ബോധവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ്.

ശബരിമല തീര്‍ഥാടനത്തിനെത്തിയ തന്നോട് മോശമായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ അവകാശ ലംഘന നോട്ടിസ് കിട്ടിയ ഐപിഎസ് ഉദ്യോഗസ്ഥനാണു യതീഷ് ചന്ദ്ര. തീര്‍ഥാടനത്തിനിടെ, നിലയ്ക്കല്‍ വച്ച് സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടുന്നതിനെക്കുറിച്ച് ആരാഞ്ഞ തന്നോട് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകുമോ എന്ന് യതീഷ് തിരിച്ചു ചോദിച്ചതെന്നാണു മന്ത്രിയുടെ പരാതി. എന്നാല്‍, ശബരിമലയിലെ ആദ്യഘട്ട ഡ്യൂട്ടിക്കു നേതൃത്വം നല്‍കിയ യതീഷ് ചന്ദ്ര ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അനുമോദനപത്രം നല്‍കിയാണു സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിച്ചത്.

നിലയ്ക്കലില്‍ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്ര നിയമങ്ങളിലെ കാര്‍ക്കശ്യത്തിന്റെ പേരിലാണു വിവാദ താരമായത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയുടെ അറസ്റ്റ്, ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ അറസ്റ്റ്, വീണ്ടുമെത്തിയ ശശികലയ്ക്കു ബസില്‍ കയറി നോട്ടിസ്, യുഡിഎഫ് നേതാക്കളുടെ പ്രതിഷേധത്തിനു മുന്‍പില്‍ ചിരിച്ചുകൊണ്ടു ബോധവല്‍ക്കരണം, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി പരസ്യസംവാദം, ഹൈക്കോടതി ജഡ്ജിയുടെ കാര്‍ തടയല്‍.. തുടങ്ങിയ സംഭവങ്ങളിലൂടെ യതീഷ് താരമായി. പ്രതിഷേധവും അധിക്ഷേപവും ഉണ്ടായിട്ടും യതീഷിനെ മടക്കിവിളിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.

കേരളമെന്ന ഇട്ടാവട്ടത്തില്‍ കിടന്നു തായം കളിച്ചു കളയാനുള്ളതല്ല ഔദ്യോഗിക ജീവിതമെന്നും യുദ്ധത്തിനാണു പുറപ്പാടെങ്കില്‍ ശേഖരിച്ചുവച്ച ആയുധങ്ങളൊന്നും മതിയാവില്ലെന്നും ആത്മവിശ്വാസത്തോടെ ഉറക്കെ പറയുന്നു ഈ യുവത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com