റൈറ്റായി ഇടപെട്ട് ഉലയാതെ രേണുരാജ്: പഠിച്ചത് കലക്ടറാകാന്‍ ഉറച്ച്‌ തന്നെ

Renu Raj
രേണു രാജ്
SHARE

ആദ്യ അവസരത്തിൽ തന്നെ ഐഎഎസ് പരീക്ഷയിൽ രണ്ടാംറാങ്ക് നേടി അന്ന് മലയാളിയുടെ അഭിമാനമായി. ഇന്ന് ഉറച്ച നിലപാടുകൾ കൊണ്ടും. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാർഥത പുലർത്തിയതിന് ദേവികുളം എംഎൽഎ അധിക്ഷേപം ചൊരിഞ്ഞപ്പോഴും ദേവികുളം സബ് കലക്ടർ ഡോ. രേണു രാജ് പറഞ്ഞു. ‘ഞാൻ മുന്നോട്ട് തന്നെ പോകും’ നീതിക്കൊപ്പം നിന്ന ഈ ചങ്കൂറ്റത്തിന് കേരളം സല്യൂട്ട് െചയ്യുകയാണ്. 

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ച് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച് സംസാരിച്ചത്. ഇതോടെ സിപിഎമ്മിന് തന്നെ തലവേദനയായിരിക്കുകയാണ് എംഎൽഎയുടെ വാക്കുകൾ. സബ് കലക്ടറെ പിന്തുണച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്. 

Renu Raj
രേണു രാജ്

‘അവൾ ഒരു ഡോക്ടറായി തുടർന്നാൽ അവൾക്കു മുന്നിലെത്തുന്ന രോഗികൾക്കു മാത്രമേ സഹായം ലഭിക്കൂ. എന്നാൽ ഒരു ഐഎഎസുകാരി ആയാൽ ലക്ഷക്കണക്കിനു പേരെ സഹായിക്കാനാകും. നീതിക്കു വേണ്ടി അവർക്കൊപ്പം നിൽക്കാനാകും.’ 2015ൽ ഐഎഎസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയെത്തിയ മകളെ ചേർത്തു നിർത്തി രേണുവിന്റെ അച്ഛൻ അന്ന് മനോരമ ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളെ കാലം തെളിയിച്ചു. മകൾ നേരിനൊപ്പം നിലനിൽക്കുന്നു. ഏതു പ്രതിസന്ധിയിലും ഉലയാത്ത മരമായി മാറുന്നു.

കേരളത്തിന്റെ മനസ് ഇൗ കലക്ടർക്കൊപ്പം ഉറച്ചുനിന്നതോടെ എംഎൽഎയ്ക്കും മറ്റുവഴികളില്ലാതെയായിരിക്കുകയാണ്. ‘അവൾ’ എന്നത് മോശം പദമല്ലെന്നും തന്റെ സംസാരം ആർക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായും ഒടുവിൽ എംഎൽഎയ്ക്ക് തുറന്നുപറയേണ്ടി വന്നു.

ചെറിയ പ്രായത്തിൽത്തന്നെ അച്ഛനും അമ്മയും പറയുമായിരുന്നു ‘മോൾ പഠിച്ചു കലക്ടറാകണം...’ ഹൈസ്കൂൾ ക്ലാസിലെത്തിയപ്പോൾ അച്ഛനോടൊരു മോഹം പറഞ്ഞു – ഒരു കലക്ടറെ നേരിൽ കണ്ടു സംസാരിക്കണം. അന്നു മിനി ആന്റണിയാണ് ‌കോട്ടയം ജില്ലാ കലക്ടർ. മുൻകൂട്ടി അനുമതി വാങ്ങി അച്ഛൻ രാജകുമാരൻ നായർ രേണുവിനെയും കൂട്ടി കലക്ടറെ നേരിട്ടു കണ്ടു. സിവിൽ സർവീസിനെ കുറിച്ച് അറിയാൻ വന്ന പെൺകുട്ടിയെ കണ്ടപ്പോൾ കലക്ടർക്കും കൗതുകം. സൗഹൃദത്തോടെ സംസാരിച്ചു. സംശയങ്ങൾ ദൂരീകരിച്ചു. നന്നായി പഠിച്ചാൽ മോൾക്കും കലക്ടറാകാം എന്നു പറഞ്ഞ് അനുഗ്രഹിച്ചാണ് രേണുവിനെ മിനി ആന്റണി യാത്രയാക്കിയത്. അന്നു കണ്ട സ്വപ്നവും ആ അനുഗ്രഹവും പാഴായില്ലെന്നു പൂവറ്റൂർ ലതാലയത്തിലെ മരുമകൾ ഡോ. രേണു രാജ് തെളിയിച്ചു.

പഠിച്ചത് എംബിബിഎസാണെങ്കിലും മലയാളം ഐച്ഛികമായെടുത്തു പരീക്ഷയെഴുതിയ രേണുവിന്റെ ഇഷ്ട സാഹിത്യകാരൻ ഒ.വി. വിജയനാണ്. സുഗതകുമാരിയുടെയും ഒ.എൻ.വി. കുറുപ്പിന്റെയും കവിതകളോടാണു പ്രിയം. ഒഎൻവിയുടെ ഭൂമിക്കൊരു ചരമഗീതം വളരെ പ്രിയപ്പെട്ട കവിതയായതു കൊണ്ടാകാം സമയം കിട്ടുമ്പോഴൊക്ക രേണുവിന്റെ ചുണ്ടിൽ കവിതയുടെ മൊഴി വിരിയും – ‘ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി...’

നൃത്തമാണ് രേണുവിന്റെ പ്രിയപ്പെട്ട വിനോദം. ആരാധനാപാത്രം പത്മ സുബ്രഹ്മണ്യം. ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താൻ നൃത്തം നല്ലതാണ്. നല്ലൊരു റിലാക്സേഷൻ ടെക്നിക് കൂടിയാണ്. തൃക്കൊടിത്താനം ബാലകൃഷ്ണൻ നായരുടെ ശിക്ഷണത്തിൽ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുള്ള രേണുവിനു സ്കൂൾതല മൽസരങ്ങളിൽ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം എനിക്കുറപ്പിച്ചു പറയാനാകും, ന്യായമായ ആവശ്യവുമായി എന്റെ മുന്നിൽ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്റെ മുന്നിൽ വരേണ്ടി വരില്ല – മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ രേണു രാജ് പറഞ്ഞതാണ്.

Renu Raj
രേണു രാജ്

കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് കഴിഞ്ഞ ശേഷമാണ് ഐഎഎസ് സ്വപ്നവും പേറി രേണു ഇറങ്ങിയത്. ചങ്ങനാശേരി മലകുന്നം തുരുത്തി ശ്രീശൈലത്തിൽ എം.കെ. രാജകുമാരൻ നായരുടെയും വി.എൻ. ലതയുടെയും മകളാണ് രേണു. കെഎസ്ആർടിസിയിൽ ഡിടിഒ ആയിരുന്നു അച്ഛൻ രാജകുമാരൻനായർ. 

ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാൻ തൽക്കാലം താങ്കൾ പോരാ; സഹപാഠിയുടെ കുറിപ്പ്

കോട്ടയം മെഡിക്കൽ കോളേജിൽ തന്റെ സഹപ്രവർത്തകയായിരുന്ന രേണുരാജിനെ പിന്തുണച്ച് ഡോ. നെല്‍സൺ. ‘അതായത്, പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തിൽനിന്ന് പഠിച്ച് എന്‍ട്രന്‍സ് എഴുതി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്നു വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാൻ തൽക്കാലം താങ്കൾ പോരാ...’ അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം:

കുറെക്കാലമായി തിരക്കുകളിൽപ്പെട്ടു കാണാതെ പോവുന്ന ചില മുഖങ്ങൾ വീണ്ടും കാണുമ്പൊ ഒരു സന്തോഷമാണ്. പ്രത്യേകിച്ച് അവർ നമുക്ക് എത്താൻ കഴിയാത്ത ഉയരങ്ങളിലെത്തിനിൽക്കുന്നത് കാണുമ്പൊ. അങ്ങനെ സന്തോഷം തോന്നിയ ഒരു മുഖമാണ് രേണുവിന്‍റേത്. അങ്ങനെ പറഞ്ഞാൽ ചിലപ്പൊ നിങ്ങളറിഞ്ഞെന്ന് വരില്ല. ഡോ.രേണു രാജ് ഐഎഎസ് എന്ന് പറഞ്ഞാൽ ചിലപ്പൊ അറിഞ്ഞെന്ന് വരും. ഒരു അഞ്ച് വർഷം മുൻപ് സോഷ്യൽ മീഡിയയും പ്രിന്റ് മീഡിയയും ഒരേപോലെ ആഘോഷിച്ച സിവിൽ സർവീസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരി. ഇന്ന് പക്ഷേ വാർത്തയിൽ ആ മുഖം കണ്ടത് അതുപോലെയൊരു നല്ല കാരണത്തിന്റെ പേരിലല്ല.

വാർത്തയുടെ ചുരുക്കം ഇതാണ്. മൂന്നാറിൽ പുഴയോരം കയ്യേറിയുള്ള പഞ്ചായത്തിന്റെ കെട്ടിടനിർമാണം പരിസ്ഥിതിപ്രവർത്തകരുടെ പരാതിയെത്തുടർന്ന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. അതെത്തുടർന്ന് എംഎൽഎ എസ്.രാജേന്ദ്രൻ ഇങ്ങനെ പറഞ്ഞു.

"അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്.. ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കലക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കലക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ "

ഈ സബ് കളക്ടർക്ക് മാത്രമാണ് പ്രശ്നമെന്ന് ഇടുക്കിയുടെ ചരിത്രവും ഭൂമിശാസ്ത്രവും നോക്കിയിട്ടുള്ളവർക്ക് ഏതാണ്ടൊരു ബോധമുണ്ടാവും. ഇതിനു മുൻപത്തെ സബ് കളക്ടറുടെയും അതിനു മുൻപ് എലിയെ പിടിക്കാൻ വിട്ട പൂച്ചകളെന്ന് വിളിക്കപ്പെട്ടവരുടെയുമൊക്കെ കഥ വായിച്ചറിഞ്ഞതാവുമല്ലോ.

Renu Raj
രേണു രാജും കുടുംബവും (ഫയല്‍ ചിത്രം)

ഈ സർട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല എങ്കിലും കുറച്ച് കാര്യങ്ങൾ പറയാം. ഡോ.രേണുവിനെ ആദ്യമായി കാണുന്നത് 2006 ലാണ്. സെപ്റ്റംബറിൽ കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ച പുതിയ എംബിബിഎസ് ബാച്ചിലെ ഒരു വരുംകാല യുവഡോക്ടർമാരിലൊരാളായിട്ട്. പിന്നീട് എട്ടാം നമ്പർ ഡിസക്ഷൻ ടേബിളിൽ അയൽവക്കമായിട്ടും വാർഡിൽ യൂണിറ്റിലൊരാളായിട്ടും അഞ്ചര വർഷം. അന്നും ഐഎഎസിനെക്കുറിച്ച്‌ ചിന്തയും ആഗ്രഹവുമുണ്ടായിരുന്നു. അത്‌ ഒടുവിൽ നേടിയെടുക്കുകയും ചെയ്തു

അതായത്, പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ച് എന്‍ട്രന്‍സ് എഴുതി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാൻ തൽക്കാലം താങ്കൾ പോരാ.

ജനാധിപത്യം ജനങ്ങളുടെ മേലുള്ള ആധിപത്യമെന്നല്ല അർഥമെന്നും ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധി മാത്രമാണെന്നും ആരുടെമേലും - അത് ഇലക്ട്രിസിറ്റി ഓഫിസിലെ ലൈൻ മാനായാലും ടോൾ പ്ലാസയിലെ തൊഴിലാളിയായാലും സർക്കാരാശുപത്രിയിലെ ജീവനക്കാരിയായാലും ആരുടെമേലും കുതിരകയറാനുള്ള ലൈസൻസല്ലെന്നും ജനപ്രതിനിധികളും മനസിലാക്കണം. അത്രമാത്രം

സബ്‌ കലക്ടർ നിയമവിരുദ്ധമായി പ്രവർത്തിച്ചെങ്കിൽ നിയമം കൊണ്ട്‌ നേരിടണം എംഎൽഎ (അയ്യോ സോറി. അങ്ങനെ വിളിച്ചെന്നാല്ലോ അടുത്ത പരാതി) അല്ലാതെ വായിൽ തോന്നുന്നത്‌ പറഞ്ഞ്‌ ഗ്രാമത്തിന്റെ തലയിൽ വയ്ക്കേണ്ട

ഡോ.രേണുവിനു സർവ പിന്തുണയും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA