ADVERTISEMENT

ലക്നൗ∙ ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടു ലക്നൗവില്‍ നടത്തിയ റോഡ് ഷോയ്ക്ക് ആവേശോജ്വലമായ സമാപനം. എഐസിസി ജനറൽ സെക്രട്ടറി ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ വൻ ആവേശത്തോടെയാണ് പ്രിയങ്ക ഗാന്ധിയെ പ്രവർത്തകർ വരവേറ്റത്. പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും റോഡ്ഷോയിൽ പങ്കെടുത്തു. ലക്നൗ വിമാനത്താവളത്തിൽനിന്ന് യുപിസിസി ആസ്ഥാനത്തേയ്ക്ക് നടത്തിയ യാത്രയിൽ വഴിനീളെ വന്‍ജനക്കൂട്ടമാണ് പൂക്കളും മൂവര്‍ണപ്പതാകയും കയ്യിലേന്തി പ്രിയങ്കയെ എതിരേറ്റത്.

ലോക്സഭാ തിരഞ്ഞെടുപ്പ് കൊണ്ട് അവസാനിക്കുന്നതല്ല പ്രിയങ്കയുടെയും സിന്ധ്യയുടെയും ദൗത്യമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതു വരെ വിശ്രമമില്ല. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും അത്. യുപിയിലെ അനീതികള്‍ക്കെതിരെ പോരാടാനാണ് പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും ആവശ്യപ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ കടന്നാക്രമിക്കാനും രാഹുൽ ഗാന്ധി മറന്നില്ല. ചൗക്കീദാർ ചോർ ഹെ’(കാവൽക്കാരൻ കള്ളനാണ്) എന്ന പരാമർശം ഇവിടെയും കോൺഗ്രസ് അധ്യക്ഷൻ ആവർത്തിച്ചു. 

Rahul Gandhi and Priyanka Gandhi Vadra
പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം യുപിയില്‍ റാലിക്കിടെ

ലോക്സബാ തിരഞ്ഞെടുപ്പിൽ വിശാലസഖ്യം ഉണ്ടാകുമെന്നുള്ള സൂചനകളും റോഡ് ഷോയ്ക്കിടെ രാഹുൽ ഗാന്ധി നൽകി. മായാവതിയോടും അഖിലേഷ് യാദവിനോടും തനിക്ക് ബഹുമാനമാണ്. കോണ്‍ഗ്രസ് അതിന്റെ സർവ്വശക്തിയോടെയും പോരാടും. പ്രത്യാശാസ്ത്രത്തിനും യുപിയുടെ വികസനത്തിനും വേണ്ടിയാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്നും രാഹുൽ പറഞ്ഞു. റോഡ് ഷോയ്ക്ക് പിന്നാലെ എസ്പിയും ബിഎസ്പിയും കോൺഗ്രസിനോടുള്ള നിലപാട് പുനഃപരിശോധിക്കുമെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നതു പ്രിയങ്ക ഗാന്ധിയുടെ സ്വാധീനശക്തിയാണ് സൂചിപ്പിക്കുന്നതെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. 

Priyanka Gandhi Vadra
പ്രിയങ്കാ ഗാന്ധി യുപിയില്‍ റാലിക്കിടെ.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും റോഡ്ഷോയുടെ ഭാഗമായി. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയുടെ വ്യക്തിപ്രഭാവം സംഘടനാതലത്തിൽ പാർട്ടി തീർത്തും ദുർബലമായ സംസ്ഥാനത്ത് ചലനങ്ങളുണ്ടാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

Rahul Gandhi and Priyanka Gandhi Vadra
പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം യുപിയില്‍ റാലിക്കിടെ

പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പുരും ഉൾപ്പെടുന്നു. ഇവിടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നടതക്കമുള്ള ചുമതല പ്രിയങ്കയ്ക്കുണ്ടാകും. അതിനിടെ, രാഷ്ട്രീയപ്രവേശനത്തിന്റെ ആദ്യഘട്ടമായി ട്വിറ്ററിൽ വേരിഫൈഡ് പേജും പ്രിയങ്കയുടേതായി തയാറായി. ഇതുവരെ ട്വീറ്റ് ചെയ്തിട്ടില്ലെങ്കിലും ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ വാർത്ത പുറത്തുവന്നതിനുപിന്നാലെ പേജിനു ലഭിച്ചിട്ടുണ്ട്.

Rahul Gandhi and Priyanka Gandhi Vadra
പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം യുപിയില്‍ റാലിക്കിടെ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com