ADVERTISEMENT

മൂന്നാർ∙ ദേവികുളം സബ്കളക്ടർ ഡോ. രേണുരാജിനെ അപമാനിക്കുന്ന വിധം സംസാരിച്ചതിന് എസ്.രാജേന്ദ്രൻ എംഎൽഎക്കെതിരെ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണു നടപടി. മൂന്നാറിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് സബ് കലക്ടര്‍ എജിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനധികൃത നിർമാണം എംഎല്‍എ എസ്.രാജേന്ദ്രന്റെ സാന്നിധ്യത്തിലാണെന്ന് രേണുരാജ് റിപ്പോർട്ടില്‍ പറയുന്നു. പഞ്ചായത്തിന്റെ അനധികൃത നിർമാണമെന്ന റിപ്പോർട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി.

അതേസമയം, ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ കോൺഗ്രസ്‌ ഭരിക്കുന്ന മൂന്നാർ പഞ്ചായത്തിൽ അനധികൃത നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിൽ വൻ തട്ടിപ്പെന്ന് ആരോപണമുയർന്നിട്ടുണ്ട്. എംഎൽഎയുടെ പുരയിടത്തോടു ചേർന്ന് അനധികൃത നിർമാണം നടക്കുന്നെന്നും ആരോപണമുണ്ട്. പ്രദേശത്തെ ഭൂമി ഇടപാടുകളെ സംബന്ധിച്ചു റിപ്പോർട്ട്‌ സമർപ്പിക്കാൻ വില്ലേജ് ഓഫിസർക്കു സബ് കലക്ടർ രേണു രാജ് നിർദേശം നൽകി.

യുഡിഎഫ് ഭരിക്കുന്ന മൂന്നാർ പഞ്ചായത്തിന്റെ അനധികൃത നിർമ്മാണത്തിനു പഞ്ചായത്തിനൊപ്പം നിലകൊണ്ട സിപിഐ എംഎൽഎയുടെ നടപടി ദുരൂഹമാണെന്നാണ് ആരോപണം. ദേവികുളം സബ് കലക്ടർ രേണു രാജിനെ രൂക്ഷമായി അധിക്ഷേപിക്കുകയും പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും എംഎൽഎ പരസ്യമായ നിയമ ലംഘനമാണു നടത്തിയത്. മൂന്നാറിലെ സിപിഐ അംഗം ഔസേഫിന്റെ പരാതിയെ തുടർന്നാണു റവന്യൂ സംഘം നിർമാണം തടയാൻ എത്തിയത്. പരിസ്ഥിതി ലോല മേഖലയിലെ നിർമാണം തടയുന്നതിനു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഔസേഫ്.

എന്നാൽ തന്റെ ഭൂമിയിൽ അനധികൃത നിർമാണമില്ലെന്നും മൂന്നാറിൽ കയ്യേറ്റങ്ങൾ ഇല്ലെന്നും എംഎൽഎ പറഞ്ഞു. എംഎൽഎയുടെ നടപടിയിൽ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഇന്നു വിശദീകരണം തേടും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com