‘പേജ് പ്രമുഖ്’ കേരളത്തിലും; യോഗത്തിന് യോഗിയും കേന്ദ്രമന്ത്രിമാരുമെത്തുന്നു

HIGHLIGHTS
  • വോട്ടർ പട്ടികയിലെ ഓരോ പേജിലും ഓരോ പ്രവർത്തകന് ചുമതല.
  • യോഗി ആദിത്യനാഥ് 14ന് പത്തനംതിട്ടയിൽ എത്തും.
Yogi Adityanath
യോദി ആദിത്യനാഥ്
SHARE

പത്തനംതിട്ട∙ വോട്ടർപട്ടികയിലെ ഒരു പേജിന്റെ ചുമതല ഒരു പ്രവർത്തകന് നൽകി ആ വോട്ടർമാരെ നിരന്തരം സന്ദർശിച്ച് വോട്ടുറപ്പിക്കുന്ന ‘പേജ് പ്രമുഖ്’ പദ്ധതി കേരളത്തിലും ബിജെപി നടപ്പാക്കുന്നു. പേജ് പ്രമുഖ് മാരുടെ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലേക്കും ബിജെപി ദേശീയ നേതൃത്വം നിയോഗിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 14ന് പത്തനംതിട്ടയിലും രണ്ടാഴ്ചയ്ക്കുള്ളിൽ കോട്ടയത്ത് കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും കൊച്ചിയിൽ രവിശങ്കർ പ്രസാദും പങ്കെടുക്കും. പാലക്കാട് യോഗത്തിൽ ദേശീയ അധ്യഷൻ അമിത് ഷാ തന്നെയാണ് പങ്കെടുക്കുന്നത്. മറ്റു കേന്ദ്രമന്ത്രിമാർ രണ്ടാം ഘട്ടത്തിലെത്തും.

വോട്ടർ പട്ടികയുടെ ഒരു പേജിന്റെ ഒരു വശത്ത് 30 പേരാണുള്ളത്. അഞ്ചോ ആറോ വീടുകളിലാകും ഇൗ വോട്ടുകൾ. ഇവരുടെ ചുമതല മാത്രമാകും ഇൗ പേജ് പ്രമുഖിന്. നിരന്തര ഗൃഹസമ്പർക്കത്തിലൂടെ ഇവരുടെ വോട്ട് അനൂകൂലമാക്കി വോട്ട് ചെയ്യാൻ എത്തിക്കുന്നതുവരെയാണ് ചുമതല. ഉത്തർപ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപി പരീക്ഷിച്ചതാണ് പേജ് പ്രമുഖ് പദ്ധതി. രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പേജിന് രണ്ടുപേർക്കായിരുന്നു ചുമതല.

കേരളത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസർകോഡ് മണ്ഡലങ്ങളിൽ പേജിന്റെ ചുമതല ചില സ്ഥലങ്ങളിൽ രണ്ടുപേർക്കാണ്. തങ്ങളുടെ ചുമതലയിൽപ്പെട്ട വോട്ടർ പട്ടിക പേജുമായാണ് ഇവർ യോഗത്തിനെത്തേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്. പേജ് പ്രമുഖർ എല്ലാംകൂടി ഒരു മണ്ഡലത്തിൽ 25000–30000 പേർ കാണും. ഇവരുടെ യോഗത്തിൽ പങ്കെടുക്കാനാണ് കേന്ദ്ര നേതാക്കളും മുഖ്യമന്ത്രിമാരുമെത്തുന്നത്.

പത്തനംതിട്ടയിൽ 14ന് എത്തുന്ന യോഗി ആദിത്യനാഥ് ആദ്യം പങ്കെടുക്കുന്നത് തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങൽ, പത്തനംതിട്ട ജില്ലകളിലെ ‘ശക്തി കേന്ദ്ര ’ കോ–ഓർഡിനേറ്റർമാരുടെ യോഗത്തിലാണ്. ബിജെപി പാർട്ടി ഘടനയിൽ അഞ്ചു ബൂത്തുകൾ ചേർത്ത് ‘ശക്തി കേന്ദ്ര’ എന്ന പുതിയ സംവിധാനം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റിനും ഒരു ശക്തികേന്ദ്രയുടെ ചുമതലയുണ്ട്. ശക്തികേന്ദ്രയിൽ വോട്ട് കുറഞ്ഞാൽ ആ നേതാവാണ് ഉത്തരവാദി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബുത്ത് കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റിയ്ക്കും ഇടയിൽ ഇൗ ഘടന തുടരുമെന്നാണ് നിർദേശം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA