ന്യൂഡൽഹി∙ സിബിഐ മുൻ ഡയറക്ടർ നാഗേശ്വര റാവുവിന് പിഴചുമത്തി സുപ്രീംകോടതി. ഒരു ലക്ഷം രൂപയാണു പിഴ ചുമത്തിയത്. ഇന്നു കോടതി പിരിയുംവരെ പുറത്തുപോകരുതെന്നും നിർദേശം. കോടതിയലക്ഷ്യക്കുറ്റത്തിനാണു നടപടി. റാവുവിന്റെ മാപ്പപേക്ഷ കോടതി തള്ളി.
ബിഹാർ ഷെൽട്ടർ ഹോം പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും സിബിഐ ജോയിന്റ് ഡയറക്ടറുമായി എ.കെ.ശർമയെ കോടതി വിധി ലംഘിച്ച് നാഗേശ്വര റാവു സ്ഥലംമാറ്റിയിരുന്നു. സിബിഐയുടെ ഇടക്കാല ഡയറക്ടർ ആയിരിക്കെയായിരുന്നു ഇത്. ഇതിൽ നേരിട്ട് ഹാജരാകാൻ അദ്ദേഹത്തോടു കോടതി നിർദേശിക്കുകയും ചെയ്തു. ഇതേത്തുടർന്ന് നിരുപാധികം മാപ്പുപറഞ്ഞ് നാഗേശ്വര റാവു കോടതിയിൽ സത്യവാങ്മൂലം നൽകി. ഈ സത്യവാങ്മൂലം ഇന്നു കോടതി തള്ളുകയായിരുന്നു.