ADVERTISEMENT

കൊച്ചി ∙ ഗാസിയാബാദിൽ അർപിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികളെ അഗ്നി വിഴുങ്ങിയതു പ്രായമായ അമ്മയെ രക്ഷിക്കാനുള്ള മക്കളുടെ ശ്രമത്തിനിടെ. ഇതുവരെ 17 പേരാണു അപകടത്തിൽ മരിച്ചത്. മലയാളി സംഘത്തിലെ എല്ലാവരും രക്ഷപ്പെട്ടു താഴെയെത്തിയിരുന്നു. വീൽചെയറിലായ അമ്മ നളിനിക്കു സ്വയം രക്ഷപെടാൻ ആവാത്തതിനാലാണു മക്കളായ വിദ്യാസാഗറും ജയശ്രീയും മുകളിൽനിന്നതും മരണത്തീയിൽ വെന്തുരുകിയതും. ചോറ്റാനിക്കര സ്വദേശികളാണിവർ.

കഴിഞ്ഞ ഏഴാം തീയതിയാണു നളിനിയുടെ സഹോദരിയുടെ പേരക്കുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇവർ ഗാസിയാബാദിലേയ്ക്കു പുറപ്പെട്ടത്. എട്ടാം തീയതിയായിരുന്നു വിവാഹം. ചടങ്ങിൽ പങ്കെടുത്ത ശേഷം ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനായിരുന്നു പദ്ധതി. താജ്മഹൽ സന്ദർശിച്ച ശേഷം എത്തിയതായിരുന്നു ഹോട്ടലിൽ. അമൃത്സറിലേയ്ക്കു പുറപ്പെടാനിരിക്കെയായിരുന്നു ദുരന്തം.

14ന് നാട്ടിലേയ്ക്കു തിരിക്കാനായിരുന്നു പദ്ധതി. മരിച്ച മൂന്നു പേർക്കു പുറമേ വിദ്യസാഗറിന്റെ ഭാര്യ മാധുരി, മകൻ വിഷ്ണു, മൂത്തമകൻ സോമശേഖരൻ, ഭാര്യ ബീന, മകൾ സുധ, ഭർത്താവ് സുരേന്ദ്രൻ, ജയശ്രീയുടെ മക്കളായ ഹരിഗോവിന്ദ്, ഗൗരിശങ്കർ, കുടുംബാംഗമായ സരസ്വതി എന്നിവരാണു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. നളിനിയുടെ മക്കളിൽ ഗാസിയാബാദിലെ വിവാഹത്തിനു പോകാതിരുന്നതു പരേതനായ മൂത്തമകൻ ശശിധരന്റെ കുടുംബം മാത്രമാണ്. ശശിധരന്റെ ഭാര്യ ദേവിയുടെ പിതാവ് രണ്ടാഴ്ച മുൻപ് മരിച്ചതിനെത്തുടർന്നാണ് ഇവർ പോകാതിരുന്നത്.

ഈ വീട്ടിൽ ദേവിയും മകൻ മനുവും ഭാര്യ രാജലക്ഷ്മിയുമാണു താമസം. അപകടം ദേവിയും കുടുംബവും അറിയുന്നതു മാധ്യമങ്ങളിൽ വാർത്ത വരുമ്പോഴായിരുന്നു. ഇതിനു ശേഷമാണ് ഡൽഹിയിലേക്ക് തിരിച്ച സംഘത്തിലുണ്ടായിരുന്ന സോമശേഖരൻ നാട്ടിലേക്കു വിളിച്ചത്. പിന്നെ സോമശേഖരനെയും ഫോണിൽ ലഭിക്കാതെയായി. കുറച്ചുസമയത്തിനുശേഷം പൊലീസ് വീട്ടിലേക്കെത്തി. നാട്ടുകാരും ബന്ധുക്കളും ദേവിയുടെ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുന്നു.

മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്നു മലയാളികളുടെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് അറിയിച്ചു. ബുധനാഴ്ച കാലത്ത് 5.10ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയില്‍ എത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com