ഐഎഎസ് – ഐപിഎസ് പോര്; പൊലീസ് കമ്മിഷണറേറ്റ് രൂപീകരണം പ്രതിസന്ധിയില്‍

pinarayi-and-behra
മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും
SHARE

തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ തുടര്‍ന്നു പൊലീസ് കമ്മിഷണറേറ്റ് രൂപീകരണം പ്രതിസന്ധിയില്‍. മുഖ്യമന്ത്രിയുടെ അനുമതിയോടെ ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് നിയമസെക്രട്ടറി തിരിച്ചയച്ചു. ഇതോടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പൊലീസ് തലപ്പത്തെ അഴിച്ചുപണി പ്രതിസന്ധിയിലാവുകയും ഐഎഎസ്, ഐപിഎസ് പോര് മൂര്‍ച്ഛിക്കുകയും ചെയ്തു.

രാജ്യത്തെ പ്രധാന 48 നഗരങ്ങളിലേതു പോലെ തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറേറ്റ് രൂപീകരിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഘടനയില്‍ മാറ്റം വരുത്താനും തീരുമാനിച്ചിരുന്നു. സേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്ന വിലയിരുത്തലില്‍ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി അംഗീകാരവും നല്‍കി. ഇതിന്റെ അടിസ്ഥാത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ നല്‍കിയ റിപ്പോര്‍ട്ടാണു പലവിധ സംശയങ്ങളുന്നയിച്ചു നിയമസെക്രട്ടറി മടക്കിയത്. 2011ലെ സെന്‍സസ് പ്രകാരം കമ്മിഷണറേറ്റ് രൂപീകരിക്കാനാവശ്യമായ പത്തു ലക്ഷത്തിലധികം ജനസംഖ്യ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലില്ലെന്നാണു നിയമസെക്രട്ടറിയുടെ എതിര്‍പ്പിന്റെ പ്രധാനകാരണം.

ഇതോടെ തുടര്‍നടപടികള്‍ക്കായി ആഭ്യന്തര സെക്രട്ടറി നിയമോപദേശം തേടി. കമ്മിഷണറേറ്റ് രൂപീകരിച്ചാല്‍ കലക്ടറുടെ മജിസ്റ്റീരിയില്‍ അധികാരം പൊലീസിനു ലഭിക്കും. ഇതിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പാണ് റിപ്പോര്‍ട്ട് മടക്കാന്‍ കാരണമെന്നാണ് ഐപിഎസുകാരുടെ ആക്ഷേപം. 2013ലെ മന്ത്രിസഭ തന്നെ ജനസംഖ്യയുണ്ടെന്നു കണ്ട് കമ്മിഷണറേറ്റിന് അംഗീകാരം നല്‍കിയെന്നും ഇതിലും ചെറിയ നഗരങ്ങളായ തിരുനെല്‍വേലിയിലും തിരുച്ചിറപ്പള്ളിയിലും വരെ കമ്മിഷണറേറ്റുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

കമ്മിഷണറേറ്റിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഘടനയില്‍ മാറ്റം വരുത്തിയുള്ള അഴിച്ചുപണി തിരഞ്ഞെടുപ്പിന് മുന്‍പ് നടത്താനായിരുന്നു തീരുമാനം. സ്ഥലംമാറ്റത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച സമയത്തിന് മുന്‍പ് അത് നടക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA