കൊച്ചി ∙ രണ്ടു ദിവസമായുള്ള നെഗറ്റീവ് പ്രവണത ഇന്ത്യൻ വിപണിയിൽ തുടരുന്നു. ആദ്യ മണിക്കൂറുകളിൽ നേരിയ ഇടിവോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 10888.80ൽ ക്ലോസ് ചെയ്ത നിഫ്റ്റി രാവിലെ 10879.70ലാണ് വ്യാപാരം ആരംഭിച്ചത്. ഒരുവേള നിഫ്റ്റി വ്യാപാരം 10862.25 വരെ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ 36395.03ൽ വ്യാപാരം അവസാനിപ്പിച്ച സെൻസെക്സാകട്ടെ രാവിലെ 36405.72ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിക്ക് ഇന്ന് 10855ൽ സപ്പോർട് ലഭിച്ചേക്കുമെന്നു ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തി. 10930ൽ നിഫ്റ്റി റെസിസ്റ്റൻസ് നേരിട്ടേക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
വിപണിയിലെ പ്രവണതകളും പ്രതീക്ഷകളും
∙ ഏഷ്യൻ വിപണിയിൽ പോസിറ്റീവ് പ്രവണത പ്രകടം.
∙ ജപ്പാനിലെ സൂചികകൾ രണ്ടു ശതമാനത്തിന്റെ നേട്ടം കാണിക്കുന്നു.
∙ യുഎസ് – ചൈന വ്യാപാരത്തർക്ക വിഷയത്തിൽ ഈയാഴ്ച അവസാനത്തോടെ തീരുമാനമുണ്ടായേക്കും
∙ യുഎസ് അതിർത്തി സുരക്ഷയ്ക്ക് കൂടുതൽ ഫണ്ടനുവദിക്കുന്നതിന് ധാരണയായെന്നു സൂചനയുണ്ട്. ഇത് യുഎസിലെ ഭരണ സ്തംഭനം ഒഴിവാക്കാൻ ഇടയാക്കും.
∙ യുഎസ് ഫ്യൂച്ചേഴ്സിന്റെ സൂചികയിൽ അരശതമാനം നേട്ടം കാണുന്നു.
∙ ഇന്ത്യയിലെ എല്ലാ സെക്ടറിലും ചെറിയ റേഞ്ചിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
∙ കഴിഞ്ഞ ദിവസം മുന്നേറ്റം കാണിച്ച ഐടി സെക്ടറിലെ ഓഹരികളിൽ ഇടിവ് പ്രവണത.
∙ ഓട്ടോ മൊബൈൽ, മെറ്റൽ സെക്ടറുകളിലും ഇടിവാണ്.
∙ ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ ഓഹരി സൂചികകളിൽ നേരിയ വർധന.
∙ സൺ ഫാർമ, കോൾ ഇന്ത്യ, ബാറ്റ, ഇന്ത്യാ സിമന്റ്സ് തുടങ്ങി മുന്നൂറോളം കമ്പനികളുടെ പ്രവർത്തനഫലം വരാനിരിക്കുന്നു.
∙ ഇന്ന് വ്യാപാരം അവസാനിച്ചതിനു ശേഷം രണ്ട് പ്രധാന ഇക്കണോമിക് ഡേറ്റകൾ പുറത്തു വരും.
∙ ജനുവരി മാസത്തിലെ പണപ്പെരുപ്പം, ഡിസംബറിലെ വ്യാവസായിക വളർച്ചാനിരക്ക് എന്നിവ വരും.
∙ പണപ്പെരുപ്പം 2.19 ശതമാനത്തിൽനിന്നു 2.48 ശതമാനത്തിലേയ്ക്ക് ഉയർന്നേക്കുമെന്ന പ്രതീക്ഷയിലാണു വിപണി.