2019ൽ മോദിയോ രാഹുലോ?, കണക്കിലെ കളികളിൽ 543 മണ്ഡലങ്ങൾ

INDIA-ELECTION0Modi-Rahul-Gandhi
(ഫയൽ ചിത്രം)
SHARE

പൊതുതിരഞ്ഞെടുപ്പിന്റെ മറ്റൊരു വേനൽചൂടിലേക്ക് രാജ്യം. 17–ാം ലോക്സഭയ്ക്കായി ഏപ്രിൽ, മേയ് മാസങ്ങളിലാകും തിരഞ്ഞെടുപ്പെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇതോടൊപ്പം ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ജമ്മുകശ്മീർ, ഒഡീഷ, സിക്കിം നിയമസഭകളിലേക്കും തിരഞ്ഞടുപ്പു നടക്കാനാണ് സാധ്യത. അടുത്ത മേയിൽ പുതിയ സർക്കാർ അധികാരമേൽക്കും. 

തിരഞ്ഞെടുപ്പ് 543 സീറ്റിലേക്ക്

ലോക്സഭയിൽ 545 സീറ്റുകളാണുള്ളത്. തിരഞ്ഞെടുപ്പു നടക്കുന്നത് 543 സീറ്റിലേക്കും. രണ്ടു സീറ്റ് ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനായി സംവരണം ചെയ്തിരിക്കുന്നു. രാഷ്ട്രപതിയാണു രണ്ട് അംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുന്നത്. പുതിയതായി അധികാരമേൽക്കുന്ന കേന്ദ്രസർക്കാരിന്റെ ശുപാർശയിലാണു നോമിനേറ്റഡ് അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്നതും.

29 സംസ്ഥാനങ്ങളിലായി 530 സീറ്റും 6 കേന്ദ്രഭരണപ്രദേശങ്ങളിൽ ആറു സീറ്റും ദേശീയ തലസ്ഥാനപ്രദേശമായ ഡൽഹിയിൽ ഏഴു ലോക്സഭാ സീറ്റുകളുമാണുള്ളത്. ആകെയുള്ള സീറ്റിൽ 412 നിയോജകമണ്ഡലങ്ങൾ പൊതുവിഭാഗത്തിൽ.  84 എണ്ണം പട്ടികജാതിക്കും 47 എണ്ണം പട്ടികവർഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. കഴിഞ്ഞ തവണ 83.4 കോടി വോട്ടർമാരിൽ 55.3 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. രാജ്യത്തു മൊത്തമായി 66.30 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ സീറ്റുള്ളത്. 80 മണ്ഡലങ്ങൾ. 

മത്സരം എങ്ങനെ?

ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണിയും(എൻഡിഎ) കോൺഗ്രസ് നേതൃത്വത്തിലുള്ള  ഐക്യ പുരോഗമന സഖ്യവും(യുപിഎ) തമ്മിലാണ് പ്രധാനമത്സരം. ഇരുമുന്നണികളുടെയും ഭാഗമല്ലാത്ത പ്രദേശീക കക്ഷികൾ ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമാണ്. 140 സീറ്റുകളിൽ  ഈ കക്ഷികൾക്കു വ്യക്തമായ സ്വാധീനമുണ്ട്. ബാക്കി 400 സീറ്റിലാണു പ്രധാന മുന്നണികൾ തമ്മിലുള്ള പോരാട്ടം.

2014 ലെ പ്രകടനം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച വിജയം നേടി. 282 സീറ്റു നേടിയ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി. ദേശീയ ജനാധിപത്യ സഖ്യത്തിന് മൊത്തം 336 സീറ്റ് ലഭിച്ചു. ഉത്തർപ്രദേശിൽ ആകെയുള്ള 80 സീറ്റിൽ 73 ഇടങ്ങളിൽ സഖ്യം ജയിച്ചു.

ഗുജറാത്ത്, ഗോവ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്താരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലെ എല്ലാ സീറ്റിലും ബിജെപി ജയിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 60 സീറ്റ് ലഭിച്ചു. കോൺഗ്രസിന് ലഭിച്ചത് 44 സീറ്റ് മാത്രം. ഇടതുപക്ഷത്തിന് 12 സീറ്റും മറ്റുകക്ഷികൾക്കെല്ലാം കൂടി 135 സീറ്റും ലഭിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA