ന്യൂഡല്‍ഹി ∙ മോദി സര്‍ക്കാര്‍ പകയോടെ പെരുമാറുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാധ്ര. അമ്മ മൗറീന്‍ വാധ്രയ്ക്കൊപ്പം ജയ്പുരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലിനായി എത്തിയതായിരുന്നു വാധ്ര.
കമ്പനിയിൽ സഹ ഉടമയായ മൗറീനു ചോദ്യം ചെയ്യലിനു നോട്ടിസ് ലഭിച്ചിരുന്നു. ലണ്ടനിലെ സ്വത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി ഇവരെ ജയ്പുരിലേക്കു വിളിപ്പിച്ചത്. യുപിയിലെ റോഡ് ഷോയ്ക്കു ശേഷം പ്രിയങ്കാ ഗാന്ധി ഇവരുടെ അടുത്തെത്തി.
75 വയസ്സുള്ള അമ്മയ്ക്കൊപ്പമാണു ജയ്പുരിൽ മൊഴി കൊടുക്കാന്‍ എത്തിയതെന്നു വാധ്ര ഫെയ്സ്ബുക്കില്‍ കുറിച്ചു. അമ്മയോടൊപ്പമുള്ള ചിത്രവും പോസ്റ്റിലുണ്ട്. ‘മകളും മകനും ഭര്‍ത്താവും നഷ്ടപ്പെട്ട ഒരു മുതിര്‍ന്ന സ്ത്രീയെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാരിന്റെ പ്രതികാരബുദ്ധി മനസ്സിലാകുന്നില്ല. മൂന്നു മരണങ്ങള്‍ക്കു ശേഷം അമ്മയോട് ആകെ ആവശ്യപ്പെട്ടത് എന്റെയൊപ്പം ഓഫിസില്‍ എത്താനാണ്. അമ്മയെ മികച്ച രീതിയില്‍ സംരക്ഷിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും വേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ അതിന്റെ പേരില്‍ അവരെ ചോദ്യം ചെയ്യുകയാണ്. ഇതും എന്നെ കരുത്തനാക്കും. ദൈവം ഞങ്ങള്‍ക്കൊപ്പമുണ്ട്.’- വാധ്ര കുറിച്ചു.
രാജസ്ഥാന് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഇരുവര്‍ക്കും നോട്ടിസ് അയച്ചത്. ബിക്കാനീറില്‍ പാക്ക് അതിര്‍ത്തിക്കു സമീപം 34 ഗ്രാമങ്ങളിലായി സൈനിക ആവശ്യങ്ങള്‍ക്കായി നീക്കിവച്ച സ്ഥലം വ്യാജരേഖകള്‍ ചമച്ചു കുറഞ്ഞ വിലയ്ക്ക് വാധ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ഈ സ്ഥലം മറ്റൊരു കമ്പനിക്കു മറിച്ചുവിറ്റ് കോടികള്‍ ലാഭമുണ്ടാക്കിയെന്നു പരാതിയില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ഉള്‍പ്പെട്ട ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനു പ്രിയങ്ക ഇറങ്ങിയതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ തന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും വാധ്ര ആരോപിച്ചു.