കൊച്ചി∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ ജയിലില്‍ നല്ലനടപ്പുകാരനാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുഞ്ഞനന്തനു നിയമാനുസൃതമായാണു പരോള്‍ അനുവദിച്ചിട്ടുള്ളത്. കുഞ്ഞനന്തന് പരോള്‍ നല്‍കിയതിനെതിരെ കെ.കെ.രമ നല്‍കിയ ഹര്‍ജി അനാവശ്യമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കെ.കെ.രമയുടെ ഹര്‍ജി നിയമാനുസൃതം നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതിയില്‍ സര്‍ക്കാർ സത്യവാങ്മൂലം നല്‍കിയത്. കുഞ്ഞനന്തന്റെ ആദ്യ പരോള്‍ അപേക്ഷ കിട്ടിയത് 2014 ജനുവരി 28നാണ്. അതു പരിശോധിച്ച ജില്ലാ പൊലീസ് സൂപ്രണ്ടും പ്രൊബേഷന്‍ ഒാഫിസറും പരോള്‍ നിഷേധിച്ചിരുന്നു. ജയിലില്‍ നല്ല നടപ്പും അച്ചടക്കവും പാലിക്കുന്ന കുഞ്ഞനനന്തന്‍ ഒരിക്കല്‍ പോലും മോശം പെരുമാറ്റത്തിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ടിട്ടില്ല. ഇതെല്ലാം പരിഗണിച്ചാണ് പിന്നീട് കുഞ്ഞനന്തന്റെ പരോള്‍ അപേക്ഷകള്‍ പരിഗണിച്ചതും നിയമാനുസൃതം പരോള്‍ അനുവദിച്ചിട്ടുള്ളതും.
2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 60 ദിവസത്തെ അടിയന്തര പരോളും 135 ദിവസത്തെ സാധാരണ പരോളുമാണു നല്‍കിയട്ടുള്ളത്. മാത്രമല്ല ഒരുവര്‍ഷം 60 ദിവസത്തിന് മുകളില്‍ സാധാരണ പരോള്‍ അനുവദിച്ചിട്ടുമില്ല. അടിയന്തര പരോള്‍ നിയമാനുസൃതം സര്‍ക്കാരിന്റെ അനുമതി മുന്‍കൂട്ടി തേടിയാണു നല്‍കിയിട്ടുള്ളത്. രാഷ്ട്രീയമായ ഒരു പരിഗണനയും കുഞ്ഞനന്തന് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ചട്ടം ലംഘിച്ച് പരോള്‍ അനുവദിച്ചെന്ന രമയുടെ വാദം നിലനില്‍ക്കില്ലെന്നും ആഭ്യന്തരവകുപ്പ് എതിര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.