ADVERTISEMENT

ന്യൂഡൽഹി∙ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമുണ്ടെന്ന പരാമർശവുമായി സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവ് രംഗത്ത്. പതിനാറാം ലോക്സഭയുടെ അവസാന സമ്മേളന ദിനത്തിലാണ് മോദിയെ പിന്തുണയ്ക്കുന്ന പരാമർശവുമായി അപ്രതീക്ഷിതമായി മുലായത്തിന്റെ രംഗപ്രവേശം. സമ്മേളനത്തിൽ തന്റെ അവസാന പ്രസംഗത്തിലാണ് മുലായം മോദിയോടുള്ള ‘ആരാധന’ വ്യക്തമാക്കിയത്.

ഉത്തർപ്രദേശിൽ രാഷ്ട്രീയ പ്രതിയോഗികളായ ബഹുജൻ സമാജ്‌വാദി പാർട്ടിയുമായി ചേർന്ന് ബിജെപിയെ പരാജയപ്പെടുത്താൻ മുലായത്തിന്റെ മകൻ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ കൊണ്ടുപിടിച്ച ശ്രമം തുടരുമ്പോഴാണ് ഈ ‘മോദി സ്തുതി’ എന്നത് ശ്രദ്ധേയമാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടി നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ലോക്സഭയിലെ അവസാന പ്രസംഗത്തിൽ മുലായം പറഞ്ഞു.

‘അടുത്ത ലോക്സഭയിലും ഇപ്പോഴുള്ള അതേ എംപിമാരെത്തന്നെ ഇവിടെ കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ. നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് ഒരു അവസരം കൂടി ലഭിക്കണം. ഓരോ ആവശ്യവുമായി എപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടോ, അപ്പോഴെല്ലാം പെട്ടെന്നുതന്നെ അതു ചെയ്തുതന്നിട്ടുണ്ട്’ – മുലായം പറഞ്ഞു.

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ തൊട്ടടുത്തു നിന്നായിരുന്നു മുലായത്തിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമായി. മുലായം മോദിയെ പുകഴ്ത്തുമ്പോൾ ചെറുചിരിയോടെയാണ് സോണിയ അടുത്ത് കേട്ടിരുന്നത്. മോദിയാകട്ടെ, മുലായത്തിനു നേരെ കൈകൂപ്പി. പിന്നീട് പ്രസംഗിക്കാൻ ഊഴം വന്നപ്പോൾ മുലായത്തിനു നന്ദി പറയുകയും ചെയ്തു.

സമാജ്‌വാദി പാർട്ടിയുടെ സ്ഥാപക നേതാവാണെങ്കിലും കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പു മുതൽ മകൻ അഖിലേഷ് യാദവുമായും അദ്ദേഹത്തിന്റെ നേതൃത്വവുമായും മുലായം അത്ര രസത്തിലല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com