ADVERTISEMENT

ന്യൂഡൽഹി∙ രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണികൾ ഒറ്റക്കെട്ടായി നേരിടാൻ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ഡൽഹിയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.

രാജ്യത്തിന്റെ ഐക്യം കാത്തുസംരക്ഷിക്കുന്നതിന് നിർവ്യാജം പ്രവർത്തിക്കുന്ന സൈനിക ഉദ്യോഗസ്ഥർക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യോഗത്തിൽ പ്രമേയം പാസാക്കി. പുൽവാമയിലെ ഭീകരാക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തെ യോഗം ശക്തമായി അപലപിച്ചു.

പാക്കിസ്ഥാനെ പേരെടുത്തു പരാമർശിച്ചില്ലെങ്കിലും അതിർത്തി കടന്നെത്തുന്ന ഭീകരവാദത്തെ അയൽരാജ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി യോഗം വിലയിരുത്തി. ഈ വെല്ലുവിളികളെ നേരിടാനുള്ള ദൃഢനിശ്ചയത്തിൽ രാജ്യത്തെ എല്ലാവർക്കും ഒരൊറ്റ ശബ്ദമായിരിക്കും.

ഭീകരവാദത്തിനെതിരെ പോരാടുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും സൈനികർക്കൊപ്പം എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിളിച്ചുചേർത്ത യോഗത്തിൽ കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജ്യോതിരാദിത്യ സിന്ധ്യ, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, സിപിഐ നേതാവ് ഡി.രാജ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

പുൽവാമ ഭീകരാക്രമണത്തെ തുടർന്നു സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ച് യോഗത്തിൽ വിശദീകരിച്ചതായി ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരാക്രമണത്തെ തുടർന്നു ജമ്മു കശ്മീരിൽ ഉണ്ടായ ആക്രമണങ്ങൾക്കെതിരെയും യോഗത്തിൽ രാജ്നാഥ് സിങ് ശക്തമായി പ്രതികരിച്ചു. രാജ്യത്ത് ഒരുതരത്തിലുള്ള വർഗീയ കലാപങ്ങളും വച്ചുപൊറുപ്പിക്കില്ലെന്നു അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com