ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരായ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. പാക്കിസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ചുങ്കം ഇന്ത്യ 200 ശതമാനം വർധിപ്പിച്ചു. രാജ്യാന്തര തലത്തിൽ നയന്ത്രപരമായി പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ തുടക്കമാണിത്.

വ്യാപാരമേഖലയിൽ പാക്കിസ്ഥാനുള്ള അഭിമത രാഷ്ട്ര പദവി (മോസ്റ്റ് ഫേവേഡ് നേഷൻ – എംഎഫ്എൻ) പിൻവലിക്കാൻ കേന്ദ്ര മന്ത്രിസഭാ സുരക്ഷാകാര്യ സമിതി (സിസിഎസ്) തീരുമാനിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ്, പ്രത്യാക്രമണത്തിന്റെ ശക്തി കൂട്ടാനായി ഇറക്കുമതിച്ചുങ്കം കുത്തനെ വർ‌ധിപ്പിച്ചത്. പുൽവാമയുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ നികുതി 200 ശതമാനം കൂട്ടിയെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാക്കിസ്ഥാന് ഇന്ത്യയുടെ നടപടി വലിയ ക്ഷീണമുണ്ടാക്കുമെന്നു വിദഗ്ധർ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഏകദേശം 200 കോടി ഡോളറിന്റെ കയറ്റിറക്കുമതിയാണുള്ളത്. പരുത്തി, ഡൈ, രാസവസ്തുക്കൾ, പച്ചക്കറി, ഇരുമ്പ്, സ്റ്റീൽ തുടങ്ങിയവയാണ് ഇന്ത്യയുടെ കയറ്റുമതി. പഴങ്ങൾ, സിമന്റ്, തുകൽ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയാണു പാക്കിസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്.

പാക്കിസ്ഥാനെ ‘തീവ്രവാദ സാമ്പത്തിക സഹായ നിരീക്ഷണപ്പട്ടിക’യിലെ (ഫിനാൻഷ്യൽ ആ‌ക്‌ഷൻ ടാസ്ക് ഫോഴ്സ്– എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ 2018 ഫെബ്രുവരിയിൽ ഉൾപ്പെടുത്തിയിരുന്നു. യുഎസ്, യുകെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളാണു എഫ്എടിഎഫ് പട്ടികയിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താൻ സമ്മർ‌ദം ചെലുത്തിയത്. ഉറ്റ സുഹൃത്തും വികസന പദ്ധതികളിലെ പങ്കാളിയുമായിട്ടും അവസാന നിമിഷം പാക്കിസ്ഥാനെ ചൈനയും കൈവിട്ടിരുന്നു,

ഇതിന്റെ പേരിൽ പല വ്യാപാര ഇടപാടുകളിലും യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ളവ പാക്കിസ്ഥാനെ വിലക്കിയിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളെ അമർച്ച ചെയ്യുന്നതിനു നൽകിയ നിർദേശങ്ങൾ പൂർണമായി പാലിച്ചെന്നു രാജ്യാന്തര സമൂഹത്തെ ബോധിപ്പിച്ചാലേ ഗ്രേ പട്ടികയിൽനിന്നു ഒഴിവാക്കൂ. ഭീകരർക്കും ഭീകരസംഘടനകൾക്കുമെതിരെ നടപടിയെടുക്കാത്ത പാക്കിസ്ഥാനുള്ള സഹായങ്ങൾ നിർത്താൻ യുഎസും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നു വ്യക്തമാക്കിയ യുഎസ്, ഭീകരസംഘങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായവും അവയുടെ ആസ്തികളും മരവിപ്പിക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതിനിടെ, പാരിസിൽ നടക്കുന്ന എഫ്എടിഎഫ് യോഗത്തിൽ പാക്കിസ്ഥാനെതിരെയുള്ള വിശദമായ രേഖകൾ ഇന്ത്യ കൈമാറും. പാക്കിസ്ഥാനെ എഫ്എടിഎഫിന്റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. പട്ടികയിൽ ഉൾപ്പെട്ടാൽ ലോക ബാങ്ക്, ഐഎംഎഫ്, ഏഷ്യൻ‍ വികസന ബാങ്ക് തുടങ്ങിയവയിൽ നിന്നുള്ള സഹായത്തിന് തടസ്സമുണ്ടാകാം.

പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ നൽകുന്ന ആദ്യ തിരിച്ചടിയാണ് പാക്കിസ്ഥാന്റെ അഭിമതരാജ്യ പദവി പിൻവലിക്കൽ. ലോകവ്യാപാരസംഘടനയിലെ (ഡബ്ല്യുടിഒ) അംഗരാജ്യങ്ങൾ പരസ്പരം നൽകുന്നതാണ് അഭിമതരാജ്യ പദവി. ഡബ്ല്യുടിഒ രൂപീകരണത്തിന്റെ പിറ്റേ വർഷം, 1996ൽ ആണ് പാക്കിസ്ഥാന് ഇന്ത്യ എംഎഫ്എൻ പദവി നൽകിയത്. ഇന്ത്യയ്ക്കു പാക്കിസ്ഥാനും ഈ പദവി നൽകുന്നതിന് 2012ൽ ചർച്ചകൾ നടന്നു. എന്നാൽ, പാക്ക് വ്യാപാരികൾ എതിർത്തതിനാൽ തുടർനടപടിയുണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com