ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തില്‍ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

തന്റെ ഹൃദയത്തിൽ തീയാണെന്നു മോദി പറഞ്ഞു. വീരമൃത്യു വരിച്ച സഞ്ജയ് കുമാർ സിൻഹ, രത്തൻ കുമാർ ഠാക്കൂർ എന്നിവർക്ക് ആദരമർപ്പിക്കുകയാണ്. നിങ്ങളുടെ നെഞ്ചില്‍ തീയാളുന്ന പോലെ എന്റെ ഹൃദയത്തിലും തീയാണ്– ബിഹാറിലെ സർക്കാർ പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.

പുൽവാമയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തരുടെയും ഓരോ കണ്ണീര്‍തുള്ളിക്കും മറുപടി നൽകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈന്യത്തെ വിശ്വാസത്തിലെടുത്തു ജനങ്ങൾ ക്ഷമ പാലിക്കണം. പുൽവാമയിൽ വീരമൃത്യു വരിച്ചവരുടെ ത്യാഗം വ്യഥാവിലാകില്ല.

ജവാൻമാരുടെ കുടുംബത്തോടൊപ്പം രാജ്യമുണ്ട്. നമുക്കു നേരെ നിറയൊഴിക്കുന്നവരെയും നമ്മുടെ സൈനികരെ ലക്ഷ്യം വയ്ക്കാന്‍ തോക്കുകളും ബോംബുകളും നൽകുന്നവരെയും വെറുതെ വിടില്ല.– പ്രധാനമന്ത്രി വ്യക്തമാക്കി.

അതസമയം ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരില്‍ പലയിടത്തും സംഘർഷം ഉടലെടുത്തു. ജമ്മുവിലെ പിഡിപി ഓഫിസ് പൊലീസ് സീൽ ചെയ്തു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണു പൊലീസ് നടപടി.

പാർ‌ട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി എത്തുന്നതിനു തൊട്ടുമുൻപാണ് ഓഫിസ് പൂട്ടിയത്. കശ്മീരികൾ അക്രമിക്കപ്പെടുന്നതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങവെയാണ് പൊലീസ് നടപടിയുണ്ടായത്.

ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരായ നടപടികൾ കേന്ദ്രം ശക്തമാക്കി. പാക്കിസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ചുങ്കം ഇന്ത്യ 200 ശതമാനം വർധിപ്പിച്ചു. രാജ്യാന്തര തലത്തിൽ നയന്ത്രപരമായി പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ തുടക്കമാണിത്.

വ്യാപാരമേഖലയിൽ പാക്കിസ്ഥാനുള്ള അഭിമത രാഷ്ട്ര പദവി (മോസ്റ്റ് ഫേവേഡ് നേഷൻ – എംഎഫ്എൻ) പിൻവലിക്കാൻ കേന്ദ്ര മന്ത്രിസഭാ സുരക്ഷാകാര്യ സമിതി (സിസിഎസ്) തീരുമാനിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com