ADVERTISEMENT

ലണ്ടൻ ∙ കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആചാര്യനുമായ കാൾ മാർക്സിന്റെ ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരത്തിനും സ്മാരകത്തിനും നേരേ വീണ്ടും ആക്രമണം. രണ്ടാഴ്ചയ്ക്കിടെ രണ്ടാംതവണയും ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ സ്മാരകങ്ങൾക്കു സംരക്ഷണം ഏർപ്പെടുത്താനും പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കാനും പൊലീസ് തീരുമാനിച്ചു.

നോർത്ത് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള മാർക്സിന്റെ ശവകുടീരത്തിനു മുകളിലെ മാർബിൾ ഫലകവും സ്മാരകവുമാണ് ആക്രമിക്കപ്പെട്ടത്. ‘ഡോക്ടറിൻ ഓഫ് ഹെയ്റ്റ്’ (വെറുപ്പിന്റെ സിദ്ധാന്തം), ‘ആർക്കിടെക്ട് ഓഫ് ജെനേസൈഡ്’ (വംശഹത്യയുടെ ശിൽപി) എന്നീ അധിക്ഷേപ വാക്കുകൾ ചുവന്ന പെയിന്റുകൊണ്ടു സ്മാരകത്തിനു ചുറ്റും എഴുതി വികൃതമാക്കി.

ഈ മാസം നാലിനായിരുന്നു ആദ്യ ആക്രമണം. മാർക്സിന്റെയും കുടുംബത്തിന്റെയും പേരുവിവരങ്ങൾ എഴുതിയ മാർബിൾ ഫലകം അന്നു തച്ചുടച്ചു. പൊലീസ് കേസെടുത്തെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. അതിനുപിന്നാലെയാണു രണ്ടാമത്തെ ആക്രമണമുണ്ടായത്. മാർക്സിന്റെ ശവകുടീരം കാണാൻ ദിവസേനയെത്തുന്നവരുടെ ഹൃദയം തകർക്കുന്ന കാഴ്ചയാണിത്. മലയാളികൾ ഉൾപ്പെടെയുള്ള ചില സന്ദർശകർ ഇതു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

karl-marx-memorial
മാർക്സിന്റെ ശവകുടീരം അക്രമികൾ വികൃതമാക്കിയ നിലയിൽ.

അധിക്ഷേപ വാക്കുകൾ മാഞ്ഞുപോയേക്കാമെങ്കിലും മാർക്സിനെപ്പോലുള്ള ചരിത്രപുരുഷന്റെ ശവകുടീരത്തിനും സ്മാരകത്തിനും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ നല്ല പ്രവണതയല്ലെന്നു ബ്രിട്ടിഷ് മ്യൂസിയം പ്രതിനിധി പ്രതികരിച്ചു. ഹൈഗേറ്റ് സെമിത്തേരിയുടെ പ്രസക്തിതന്നെ കാറൽ മാർ‌ക്സിന്റെ ശവകുടീരമാണ്. ഇത് അക്രമിക്കപ്പെടുന്നതു രാജ്യത്തിനു നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി.

1883ൽ കാൾ മാർക്സിനെ സംസ്കരിച്ച സ്ഥലത്തുനിന്നു ഭൗതികാവശിഷ്ടങ്ങൾ ശേഖരിച്ച് 1956ലാണു ശവകുടീരം സ്മാരകമാക്കി അർദ്ധകായ പ്രതിമ സ്ഥാപിച്ചത്. ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർട്ടി മുൻകയ്യെടുത്തു സ്ഥാപിച്ച സ്മാരകത്തിനു നേരേ വർഷങ്ങൾക്കു മുൻപും പലതവണ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT