ADVERTISEMENT

കൊച്ചി∙ രക്തത്തിന്റെ രുചി പിടിച്ച സിപിഎം ഭീകരസംഘടനയെ പോലെയാണ് പെരുമാറുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോരക്കളി അവസാനിപ്പിക്കാൻ സിപിഎം തയാറാകുന്നില്ല. ജനാധിപത്യ ക്രമത്തിൽ എങ്ങനെ പെരുമാറണമെന്ന് പോലും അവർക്ക് അറിയില്ല. ശുഹൈബിന്റെ കൊലപാതകത്തിന് ഒരു വർഷം തികഞ്ഞപ്പോഴാണ് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇല്ലാതാക്കിയത്. ഭരണത്തിന്റെ തണലിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നു ചെന്നിത്തല പറഞ്ഞു.

സിപിഎമ്മാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽ നടക്കുന്ന കൊലപാതകങ്ങളുടെ മുഖ്യപ്രഭവകേന്ദ്രം. അരാജകത്വത്തിലേക്ക് കേരളം പോകുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇത്. സംസ്ഥാനം ഭരിക്കുന്ന ഒരു പാർട്ടി എങ്ങനെ ഈ കൊലപാതകങ്ങളെ ന്യായീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാനുള്ള നടപടികൾ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണെന്നും അദ്ദേഹത്തിന്റെ നിലപാടിൽ നിന്നുണ്ടായ കൊലപാതകങ്ങളാണു കാസർകോട്ടു നടന്നതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ‘കൊലപാതകം ആസൂത്രിമാണ്. സിപിഎമ്മാണ് പിറകിൽ. കൊല്ലപ്പെട്ട 2 പേരും നിഷ്കളങ്കരാണ്. അവർക്കെതിരെ ഒരു കേസുമില്ല. അവർക്കു ഭീഷണിയുണ്ടായിരുന്നു. കൊലപ്പെടുത്താനുള്ള കാരണം മുഖ്യമന്ത്രി വിശദീകരിക്കണം. 50 വർഷമായി മലബാർ രാഷ്ട്രീയം കാപാലിക രാഷ്ട്രീയമാക്കിയ നേതാവാണു പിണറായി വിജയൻ. അദ്ദേഹം ആയുധം താഴെ വയ്ക്കണം. അദ്ദേഹത്തിനു മനസ്സാക്ഷിയില്ല. ധീരനാണെങ്കിൽ, അണികളോട് ആയുധം ഉപേക്ഷിക്കാൻ ആവശ്യപ്പെടണം. അക്രമം ഉപേക്ഷിക്കാൻ പിണറായി തയാറല്ലെന്നാണു കാസർകോട്ടെ കൊലപാതകങ്ങൾ വ്യക്തമാക്കുന്നത്.

അക്രമത്തിനെതിരെ ജനമനസ്സാക്ഷി ഉയരണം. അക്രമത്തിന് അന്ത്യം വേണ്ടേ? അക്രമം നിലയ്ക്കുന്നതു വരെ കോൺഗ്രസ് ധർമസമരം തുടരും. കൊലപാതകത്തിന്റെ കാരണം രണ്ടു ദിവസത്തിനകം വ്യക്തമാകും. ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്തവർ എന്തിനാണു കേരള സംരക്ഷണ യാത്ര നടത്തുന്നത്? നാണംകെട്ട ഇവർ ആരുടെ സുരക്ഷയാണ് ഉറപ്പുവരുത്തുന്നത്? ’ മുല്ലപ്പള്ളി ചോദിച്ചു. ജനമഹായാത്രയുടെ തിങ്കളാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയതായും സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധ ദിനമാചരിക്കുമെന്നും അനുശോചന പരിപാടികൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ടുമാസമായി ഇവിടെ നവോത്ഥാന പ്രസംഗം നടത്തിയ നവോത്ഥാന നായകരൊക്കെ എവിടെ പോയെന്നു എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് ചോദിച്ചു. ഇഷ്ടപ്പെട്ട പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചു പ്രവർത്തിക്കാൻ ഭരണഘടന പൗരന് അവകാശം നൽകുന്നുണ്ട്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവർ ഈ കൊടും ക്രൂരതയിൽ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ നടപടി അത്യന്തം ക്രൂരവും അപലപനീയവുമാണെന്നു വി.ഡി.സതീഷൻ എംഎൽഎ പ്രതികരിച്ചു.
സിപിഎമ്മിന്റെ ഈ കൊലപാതക രാഷ്ട്രീയം ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാണ്. സിപിഎം നേതാക്കന്മാർ പരസ്യമായി നടത്തുന്ന പ്രോത്സാഹനമാണ് ഈ കൊലക്കത്തി രാഷ്ട്രീയത്തിന് പ്രേരണ നൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com