ADVERTISEMENT

കൊച്ചി∙ കേരള കേര കർഷക സഹകരണ ഫെഡറേഷനിൽ(കേരഫെഡ്) നിയമവിരുദ്ധ സ്ഥാനക്കയറ്റത്തിനു വീണ്ടും നീക്കം. 2013–ൽ ഹൈക്കോടതി ഇടപെടലിനെ തുടർന്നു റദ്ദാക്കിയ സ്ഥാനക്കയറ്റ പട്ടികയിൽപ്പെട്ട 46 പേർക്കടക്കം മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നൽകാനാണു നീക്കം. ഇതിനു വേണ്ടി, വിരമിച്ചവരുൾപ്പടെയുള്ള 66 പേരുടെ കരട് പട്ടിക കേരഫെഡ് പുറത്തിറക്കി. നിയമനങ്ങൾ പിഎസ്‌സിക്കു വിടുന്നതിനുള്ള സ്പെഷൽ റൂൾസ് അംഗീകരിക്കുന്നതിനു തൊട്ടു മുൻപു സ്ഥാനക്കയറ്റം സംബന്ധിച്ച അന്തിമ ഉത്തരവ് ഇറക്കാനാണു ശ്രമം.

സഹകരണ അപക്സ് സ്ഥാപനങ്ങളിലെ നിയമനം‍ സർക്കാർ പിഎസ്‌സിക്കു വിട്ടിട്ട് 23 വർഷമായെങ്കിലും കേരഫെഡിൽ നടപ്പാക്കിയിട്ടില്ല. 2011ലാണ് 46 പേർക്ക് അനധികൃതമായി സ്ഥാനക്കയറ്റം നൽകാനുള്ള ആദ്യ ഉത്തരവിറങ്ങിയത്. കോടതി ഇടപെട്ടതിനെ തുടർന്ന് 2013–ൽ ഈ ഉത്തരവ് പിൻവലിച്ചു. 2003ൽ തയാറാക്കിയ സ്പെഷൽ റൂൾസ് ചില ഭേദഗതികൾ സഹിതം പിഎസ്‌സി തിരിച്ചയച്ചു. തുടർന്ന് ഇക്കാര്യത്തിൽ അനക്കമൊന്നുമുണ്ടായില്ല. 2004ൽ കേരഫെഡിലെ 23 തസ്തികകൾ സർക്കാർ അംഗീകരിച്ചുവെങ്കിലും ഈ പട്ടികയിൽ പെടാത്ത 6 തസ്തികകൾ ഇപ്പോഴും നിലവിലുണ്ട്.

അനർഹരെ ഉൾപെടുത്തിയും അർഹരെ ഒഴിവാക്കിയുമാണു കരടുപട്ടിക തയാറാക്കിയതെന്ന് ആക്ഷേപമുണ്ട്. അനുപാതം തെറ്റിച്ചതായും നേരിട്ടു നിയമനം നടത്തേണ്ട തസ്തികയിലേക്കു സ്ഥാനക്കയറ്റം നൽകുന്നതായു കരടു പട്ടിക സംബന്ധിച്ച പരാതി കേൾക്കൽ പ്രഹസനമാക്കിയതായും ആക്ഷേപങ്ങളുണ്ട്. പട്ടികയ്ക്കെതിരെ സഹകരണ ആർബിട്രേഷൻ കോടതിയിൽ പരാതി നൽകിയ ജീവനക്കാരിയെ അനുനയിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സ്ഥാനക്കയറ്റം ലഭിക്കാത്തവരെ അനുനയിപ്പിക്കാനായി, 2 ഇൻക്രിമെന്റും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്പെഷൽ റൂൾ നടപ്പാക്കുന്നതിനു കേരഫെഡിനു ഹൈക്കോടതി നൽകിയ സാവകാശം ഈ മാസം 21ന് അവസാനിക്കും. ഇത് നടപ്പാക്കിയാൽ നിയമനവും സ്ഥാനക്കയറ്റവുമൊക്കെ പിഎസ്‌സിയുടെ നിബന്ധനകൾക്കു വിധേയമായേ നടക്കൂ. ഇതാണു തിരക്കിട്ടു സ്ഥാനക്കയറ്റം നൽകാനുള്ള നീക്കത്തിന്റെ പിറകിൽ.

അതേസമയം, സ്പെഷൽ റൂൾസ് ഇല്ലാത്തതിനാൽ 20 വർഷത്തിലേറെയായി സ്ഥാനക്കയറ്റം ലഭിക്കാത്തവർക്ക് ഒരു തവണയെങ്കിലും അതു നൽകാനാണു ശ്രമിക്കുന്നതെന്നു കേരഫെഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു. ‘സാങ്കേതികത്വം കാരണം സ്ഥാനക്കയറ്റം ലഭിക്കാതെ തന്നെ വിരമിച്ചവരുണ്ട്. അതുകൊണ്ടാണ് അവരെയും പട്ടികയിൽ ഉൾപെടുത്തിയത്. പിഎസ്‌സി ആവശ്യപ്പെട്ട പ്രകാരമുള്ള മാറ്റങ്ങൾ വരുത്തി സ്പെഷൽ റൂൾസ് സർക്കാരിനു സമർപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കേരഫെഡല്ല. സ്ഥാനക്കയറ്റം ലഭിക്കാത്ത ചിലരാണ് ആരോപണങ്ങൾക്കു പിറകിൽ.’ – എംഡി ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com