ADVERTISEMENT

കൊച്ചി ∙ ‘അവൾക്ക് ഒരു അനിയത്തി വളർന്നു വരുന്നുണ്ട്, ആ കുഞ്ഞിനെ ഞങ്ങൾക്കു വേണം. അതിനു വേണ്ടിയാണ് ഈ പോരാട്ടം’ – എറണാകുളം നഗരത്തിനടുത്ത് പത്താം ക്ലാസുകാരി ലൈംഗിക പീഡനവും അധിക്ഷേപങ്ങളും സഹിക്കാതെ മരണത്തിനു കീഴടങ്ങിയ സംഭവത്തിൽ മാതാവിന്റെ വാക്കുകളാണിത്. തൊട്ടടുത്ത വീട്ടിലെ 43 കാരൻ മുതൽ ട്യൂഷന് ഒപ്പം പഠിക്കുന്ന വിദ്യാർഥികൾ വരെ അവളെ തുടർച്ചയായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി.

രണ്ടു തവണ ഹൃദയാഘാതം വന്ന പിതാവിനെ അറിയിച്ചാൽ അദ്ദേഹത്തെക്കൂടി നഷ്ടപ്പെടുമെന്ന ഭീതികൊണ്ട് അവൾ ഒന്നും തുറന്നു പറഞ്ഞില്ല. മരണക്കിടക്കയിൽ ‘അച്ഛനെക്കൊണ്ട് ഒന്നിനും പറ്റില്ല, ബിജുവിന് ഭയങ്കര ശക്തിയാണ്’ എന്ന് അവൾ പറഞ്ഞിരുന്നതായി അമ്മ പറയുന്നു. മറ്റു വീടുകളിൽ പണിയെടുക്കാൻ പോയി അമ്മ കൊണ്ടു വരുന്നതുകൊണ്ട് അച്ഛനു മരുന്നു വാങ്ങാനും വീട്ടുചെലവിനും മതിയാവില്ല. തികച്ചും മോശം സാമ്പത്തിക, സാമൂഹിക സാഹചര്യത്തിൽ ആയിരുന്നതുകൊണ്ടു മാത്രം നീതി ലഭിക്കാതെ പോയ ഒരു പെൺകുട്ടിയുടെ കഥയാണിത്.

അഗ്നിഗോളമായി അവൾ

അമ്മയും അനിയത്തിയും വരുന്നതിനു മുമ്പ് വീട്ടിലെത്തണം. അതിനാണ് അന്നവൾ സ്കൂൾ വിട്ട് നേരത്തെ വീട്ടിൽ വന്നത്. വീട്ടിലെത്തി കുളിമുറിയിൽ കയറി കതകടച്ച് മണ്ണെണ്ണയൊഴിച്ച് ശരീരത്തിനു തീ കൊളുത്തുകയായിരുന്നു പെൺകുട്ടിയെന്ന് ബന്ധുക്കൾ പറയുന്നു.

‘ചേച്ചിയുടെ മകളുടെ കരച്ചിൽ കേട്ടാണ് ഞാൻ ഓടി ചെല്ലുന്നത്. ചെല്ലുമ്പോൾ കണ്ട കാഴ്ച ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തതാണ്. എന്റെ മകൾ നിന്ന് കത്തുന്നു. തീക്കഷണം ശരീരത്തുനിന്നു വീഴുന്നുണ്ട്. ഉടുപ്പും നിക്കറുമാണ് അവൾ ധരിച്ചിരുന്നത്. അത് കത്തിയമർന്നു. ഞാൻ അവളെ പിടിക്കാൻ ശ്രമിച്ചപ്പോഴേക്ക് അടുത്തുണ്ടായിരുന്നവർ വലിച്ചു. തൊട്ടടുത്തു വരെ എത്തിയെങ്കിലും അവൾ എന്നെ തൊടാതെ പിന്നിലേക്കു മാറി.

വെള്ളമൊഴിക്കാൻ പറഞ്ഞ് അവൾ കരയുന്നുണ്ടായിരുന്നു. രണ്ടു ബക്കറ്റ് വെള്ളം ഒഴിച്ചപ്പോഴേക്കു നിലത്തുവീണു. പിന്നെ എല്ലാവരും താങ്ങിയെടുത്ത് ആശുപത്രിയിൽ കൊണ്ടു പോകുകയായിരുന്നു’ - കണ്ണീരോടെയാണ് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

അഞ്ചാം ക്ലാസ് മുതൽ ക്രൂരതയ്ക്ക് ഇര

അഞ്ചാം ക്ലാസ് മുതൽ പീഡനത്തിന് ഇരയായിരുന്നു എന്നാണ് അവൾ മരണക്കിടക്കയിൽ പറഞ്ഞത്. ‘ഞാൻ പറഞ്ഞാലും എല്ലാവരും ഞാനാണു മോശമെന്നേ പറയൂ, അതാണ് പറയാതിരുന്നത്’ എന്നാണ് അമ്മയോട് അവസാന നിമിഷങ്ങളിൽ അവൾ മനസ്സു തുറന്നത്.

സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടി ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞതാണത്രെ. അന്ന് ക്ലാസ് ടീച്ചറോടും ചൈൽഡ് ലൈൻ പ്രവർത്തകരോടും പറഞ്ഞിട്ടും അവർ വേണ്ടതു ചെയ്യാതിരുന്നതിനെ മാതാവ് കുറ്റപ്പെടുത്തുന്നു. അവൾ ടീച്ചറോട് പറഞ്ഞപ്പോൾ ഇത് ആരോടും പറയണ്ട എന്നു പറഞ്ഞ് പേപ്പർ വലിച്ചു കീറി കളഞ്ഞു.

അയൽവാസിയായ ബിജുവാണ് പെൺകുട്ടിയെ പത്താം വയസ്സ് മുതൽ പീഡിപ്പിക്കുന്നതത്രേ. പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ അയാൾ ഫോണിൽ പകർത്തുകയും അതു കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ എല്ലാവരെയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നെന്നും പെൺകുട്ടി മരണക്കിടക്കയിൽ വച്ച് വെളിപ്പെടുത്തി. പൊലീസിനോടും ഇതെല്ലാം പറഞ്ഞ് മൊഴി കൊടുത്തിട്ടുണ്ട്. എന്നാൽ എന്തെല്ലാം പൊലീസ് എഴുതിയിട്ടുണ്ടെന്ന് അറിയില്ലെന്നാണ് അമ്മ പറയുന്നത്.

നാട്ടുകാർക്കു വേണ്ടപ്പെട്ടയാളാണ് ബിജു. പള്ളിയിലും സ്കൂളിലും നാട്ടിലുമെല്ലാം ആരും എന്ത് ആവശ്യപ്പെട്ടാലും ചെയ്തു കൊടുക്കുന്നയാളാണ്. അയാൾ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അത് അയാൾക്ക് അവസരമായെന്നു പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു. അതുകൊണ്ടുതന്നെ അയാളെ രക്ഷിക്കാനുള്ള ശ്രമം പലയിടത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും സംശയിക്കുന്നു.

പ്രണയം നടിച്ചും ക്രൂരത

പെൺകുട്ടിയോട് പ്രണയം നടിച്ച് അടുത്തുകൂടിയാണ്, അറസ്റ്റിലായ യുവാക്കളിൽ ഒരാൾ ലൈംഗികമായി ദുരുപയോഗം ചെയ്തത്. പറഞ്ഞതു കേൾക്കാത്തതിന്റെ പേരിൽ സ്കൂളിൽ ചെന്നും യുവാവ് പെൺകുട്ടിയോടു വഴക്കുണ്ടാക്കിയിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിൽ കയറി ബഹളം വച്ചതായും പെൺകുട്ടിയുടെ ബന്ധു പറയുന്നു.

പെൺകുട്ടിയുടെ അടുത്ത കൂട്ടുകാരിയുടെ ബന്ധുക്കളിൽ ഒരാളാണ് പീഡിപ്പിച്ച മറ്റൊരാൾ. ഇയാളും കസ്റ്റഡിയിലാണ്. താൻ പീഡിപ്പിക്കപ്പെടുന്നെന്നും സഹായിക്കണമെന്നും അഭ്യർഥിച്ചാണത്രെ പെൺകുട്ടി ഇയാളെ സമീപിച്ചത്. അത് അവസരമാക്കി ഇയാളും പെൺകുട്ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നു.

ഇടവഴികളിലും ക്രൂരത

വൈകിട്ട് ട്യൂഷൻ ക്ലാസ് കഴിഞ്ഞു മടങ്ങുമ്പോൾ കൂടെയുള്ള മൂന്നു കുട്ടികൾ അവളെ ഉപദ്രവിക്കുമായിരുന്നത്രേ. അവളുടെ വസ്ത്രം അഴിക്കുക, സ്വകാര്യഭാഗങ്ങളിൽ പിടിക്കുക, രണ്ടുപേർ പിടിച്ചു നിർത്തി മൂന്നാമൻ ലൈംഗികമായി ദുരുപയോഗം ചെയ്യുക തുടങ്ങിയ ക്രൂരതയാണ് അവർ ചെയ്തിട്ടുള്ളത്.

ഇതെല്ലാം ചെയ്തത് ട്യൂഷൻ ക്ലാസിൽ ഒപ്പമുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. ഇവരെ പൊലീസ് പിടികൂടിയെങ്കിലും പ്രായപൂർത്തിയാകാത്തതിന്റെ ഇളവിൽ പുറത്താണുള്ളത്. പ്രായപൂർത്തിയാകാത്തതു കൊണ്ടു മാത്രം അവർ ചെയ്തത് തെറ്റല്ലാതാകുന്നില്ല, അവർക്കും തക്ക ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് അവളുടെ ബന്ധുക്കളുടെ അപേക്ഷ.

എഫ്ഐആറിൽ പൊലീസ് ക്രൂരത

മകൾക്ക് ഒരിക്കലും നീതി കിട്ടരുത് എന്നും പ്രതി രക്ഷപ്പെടണമെന്നും ഇപ്പോഴേ ഉറപ്പിച്ചാണ് പൊലീസ് എഫ്ഐആർ തയാറാക്കിയിരിക്കുന്നതെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. പ്രതി താമസിക്കുന്നത് പുറമ്പോക്കിലെ കുടിലിലാണ്. പക്ഷേ പൊലീസ് എഴുതിയ എഫ്ഐആർ കണ്ടാൽ അവരെ പരിചയമുള്ളവർ ഞെട്ടും.

രണ്ടു നില വീടിന്റെ താഴത്തെ നിലയിലാണത്രെ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇല്ലാത്ത രണ്ടുനില വീട്ടിൽ പീഡിപ്പിച്ച പ്രതി കോടതിയിൽ സുഖമായി രക്ഷപ്പെട്ടു പോരും എന്നതിനു സംശയമില്ല. പക്ഷേ ഇതുകൊണ്ട് നേട്ടം ആർക്കാണെന്നാണു ചോദ്യം.

അധ്യാപികയ്ക്കെതിരെ ബന്ധുക്കൾ

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പെൺകുട്ടിക്ക് കൈത്താങ്ങാകാൻ ആരുമില്ലെന്നു മനസ്സിലാക്കി നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവർ നടത്തിയ പത്രസമ്മേളനത്തിൽ പെൺകുട്ടിയുടെ ക്ലാസ് ടീച്ചറിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടി പീഡനത്തിന് ഇരയാകുന്ന വിവരം അറിയുന്ന ഒരാൾ ഈ അധ്യാപികയായിരുന്നു.

അവർ അതു മറച്ചുവച്ചു. മാത്രമല്ല, ക്ലാസിൽ മറ്റു വിദ്യാർഥികൾക്കു മുന്നിൽവച്ച് അധിക്ഷേപിക്കുമായിരുന്നെന്നു പെൺകുട്ടി തന്നെയാണ് പറഞ്ഞിട്ടുള്ളത്. സംഭവദിവസവും പെൺകുട്ടിയെ അധിക്ഷേപിച്ചതിനെ തുടർന്നാണ് അവൾ ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ പറയുന്നത്. അധ്യാപികയ്ക്കെതിരെ ഒരു നടപടിക്കും പൊലീസ് തയാറാകുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

രക്ഷപ്പെടാൻ മോഹിച്ച പെൺകുട്ടി

എല്ലാത്തിൽനിന്നും മോചനം ആ പെൺകുട്ടി ആഗ്രഹിച്ചിരുന്നു. മറ്റൊരു സ്കൂളിൽ പഠിക്കാനുള്ള അവസരം ഒരുങ്ങിയിരുന്നത്രേ. അതിനുള്ള വസ്ത്രവും ബാഗുമെല്ലാം ശരിയാക്കി വച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഈ വർഷം കഴിഞ്ഞ് തനിക്ക് ഇവിടെനിന്നു പോകാൻ സാധിക്കുമെന്നും പഠിച്ച് വലിയ നിലയിലാകുമെന്നും തന്റെ മാതാപിതാക്കൾക്ക് തുണയാകുമെന്നും അവൾ പറഞ്ഞിരുന്നു.

ബന്ധുക്കൾക്കിടയിലെല്ലാം എപ്പോഴും ആഹ്ലാദത്തോടെ നടന്നിരുന്ന പെൺകുട്ടി മനസ്സിൽ ഇത്ര വലിയൊരു കനൽ സൂക്ഷിക്കുന്ന കാര്യം ആർക്കും അറിയില്ലായിരുന്നു. മറ്റൊരു സ്കൂളിൽ പഠിക്കുന്നതിന് മുന്നോടിയായി അടയ്ക്കേണ്ട തുക അധ്യാപികയുടെ അനുവാദമില്ലാതെ അടച്ചതിന്റെ പേരിൽ അധിക്ഷേപിക്കപ്പെട്ടു. ജാതി പറഞ്ഞും ‘നിനക്ക് എവിടുന്നാടീ ഇത്രയും പൈസ കിട്ടിയെ’ എന്നു ചോദിച്ചുമെല്ലാം പെൺകുട്ടിയെ മാനസികമായി തളർത്തിയത്രെ. അന്നാണ് പെൺകുട്ടി തനിക്ക് ഇനി ജീവിക്കേണ്ട എന്നു തീരുമാനിച്ചതെന്നും ബന്ധുക്കൾ പറയുന്നു.

ലൈംഗികമായി ദുരുപയോഗിച്ചവരും അത് മറച്ചു വച്ചവരും പെൺകുട്ടിയെ അധിക്ഷേപിച്ച് ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടവരും എല്ലാം ഒരുമിച്ചു നിൽക്കുമ്പോൾ വെറും സാധാരണക്കാരായ തങ്ങൾക്ക് ആരു നീതി വാങ്ങിത്തരുമെന്നാണ് അവളുടെ ബന്ധുക്കൾ സമൂഹത്തോടു ചോദിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com