ADVERTISEMENT

മലപ്പുറം∙ മുസ്‌ലിം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീറിനെ പൊന്നാനിയില്‍ മല്‍സരിപ്പിക്കരുതെന്ന പ്രമേയത്തില്‍ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം രാഷ്ട്രീയപ്രമേയത്തിലെ വിവാദപരാമര്‍ശം പിന്‍വലിച്ചു. സംഭവത്തിൽ പൊന്നാനി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയോടു സംസ്ഥാന നേതൃത്വം വിശദീകരണം തേടി.

പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെ മാറ്റി പി.കെ. കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തെ തള്ളി സംസ്ഥാന നേതൃത്വം നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. മുന്നണി ഐക്യം തകര്‍ക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി. പൊന്നാനി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തിരൂരില്‍ യോഗം ചേര്‍ന്നായിരുന്നു പൊന്നാനി ലോക്സഭാ ണ്ഡലത്തില്‍ ഇ.ടി.മുഹമ്മദ് ബഷീറിനെ മാറ്റി പുതിയൊരാളെ പരീക്ഷിക്കണമെന്ന പ്രമേയം പാസാക്കിയത്. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്.

തെറ്റ് ഏറ്റുപറഞ്ഞു പരസ്യമായി വിശദീകരണം നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രമേയം അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപാണ് ഇക്കാര്യം അറിഞ്ഞതെന്നും അപ്പോള്‍ തന്നെ അതു തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട പ്രമേയത്തിലെ പരാമര്‍ശം മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ലെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.

മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതാണു പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എതിരാളികള്‍ക്ക് ആയുധമാക്കാവുന്ന ഇത്തരം പ്രവര്‍ത്തനം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന താക്കീതും നേതാക്കള്‍ പ്രവര്‍ത്തകര്‍ക്കു നല്‍കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com