2 യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

krupesh-sarath-lal
കൃപേഷ്, ശരത് ലാൽ
SHARE

കാസർകോട്∙ പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷ് (19), ശരത് ലാൽ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്നു സംസ്ഥാനത്ത് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ യൂത്ത് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താൽ സമാധാനപരമായി നടത്തുമെന്നും പ്രവർത്തകരുടെ ഭാഗത്തു നിന്ന് അക്രമം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു.

രാത്രി എട്ടരയോടെയായിരുന്നു അക്രമം. മൂന്നംഗ സംഘ‌ം കൃപേഷിനെയും ശരത്തിനെയും ബൈക്കിൽ പിന്തുടർന്ന് അടിച്ചുവീഴ്ത്തിയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി മാരകമായി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നു  മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്. കൃപേഷിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു.

krupesh-kasargod-murder
വെട്ടേറ്റു മരിച്ച കൃപേഷിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ. ചിത്രം: രാഹുൽ.ആർ.പട്ടം

പെരിയയിൽ സിപിഎം–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്നു കോൺഗ്രസ് ആരോപിച്ചു. കൊലപാതകം ആസൂത്രിതമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണത്തിന്റെ തണലിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് തിങ്കാളാഴ്ച പ്രതിഷേധദിനമായി ആചരിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജനമഹായാത്രയുടെ തിങ്കളാഴ്ചത്തെ പരിപാടികൾ മാറ്റിവച്ച് കാസർകോട്ടേക്ക് പോകും.

എന്നാൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കില്ലെന്നു സിപിഎം പറഞ്ഞു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA