ADVERTISEMENT

മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരായ ശിവസേനയുടെ മൂന്നു വർഷത്തോളം നീണ്ട വിമർശനങ്ങൾക്കു താത്ക്കാലിക വെടിനിർത്തല്‍. വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശിവസേനയും ബിജെപിയും ഒരുമിച്ചു പോരാടും. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസതിയായ  ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ചർച്ച നടത്തി. അമിത് ഷായും ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് സഖ്യം തുടരുമെന്ന് അറിയിച്ചത്.

മഹാരാഷ്ട്രയിൽ ശിവസേന 23 ഉം ബിജെപി 25 ഉം സീറ്റുകളിലേക്കു മൽ‌സരിക്കാൻ ധാരണയായതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒരുമിച്ചു പോരാടുമെന്നും ഫട്നവിസ് പ്രതികരിച്ചു. ഈ വര്‍ഷം തന്നെ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ഇരു കക്ഷികളും സീറ്റുകൾ തുല്യമായി വീതം വച്ചു മൽസരിക്കാനും തീരുമാനമായി.

ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകൾ മഹാരാഷ്ട്രയിൽനിന്നാണ് – 48 പേർ. 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപി 26 ഉം ശിവസേന 22 ഉം സീറ്റുകളിലാണു മൽസരിച്ചത്. മൂന്നു പതിറ്റാണ്ടായി തുടർന്ന ബിജെപി– ശിവസേന സഖ്യം 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉലഞ്ഞത്.

സീറ്റ് വിഭജനത്തിൽ ധാരണയില്ലാതെ ഇരു പാർട്ടികളും സഖ്യമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടു. അന്ന് 288 നിയമസഭാ സീറ്റുകളിൽ 123 ഉം ബിജെപി നേടി. ശിവസേനയ്ക്കു കിട്ടിയത് ആകെ 63 സീറ്റുകൾ മാത്രം. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും സഖ്യം രൂപീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശിവസേന ശക്തമായ വിമർശനം ഉയർത്തിയതോടെ ഇക്കുറി സഖ്യ സാധ്യതകൾ മങ്ങിയിരുന്നു. എന്നാൽ ബിജെപി ഇടപെടലിന് ശിവസേന വഴങ്ങുകയായിരുന്നു.

ഇത് ബദൽ ‘സഖ്യമന്ത്രം’

മോദിസർക്കാരിനെ നേരിട്ട് വിമർശിച്ചും മറ്റും പടലപിണക്കത്തിലേക്ക് നീങ്ങുമെന്ന പ്രതീതി പരത്തിയ മാസങ്ങൾക്കു പിന്നാലെ ലോക്സഭയിലും നിയമസഭയിലും സഖ്യമുണ്ടാക്കി മൽസരിക്കാൻ ബിജെപിയെയും ശിവസേനയേയും പ്രേരിപ്പിച്ചതെന്തായിരിക്കും? തീർച്ചയായും അത് മഹാരാഷ്ട്രയിലെ രൂപം കൊള്ളുന്ന ബദൽ സഖ്യനീക്കമാണ്.

പ്രതിപക്ഷത്ത് പോരടിച്ചു നിലകൊണ്ട കോൺഗ്രസും എൻസിപിയും സഖ്യത്തിലേക്ക് നീങ്ങുന്നതിന്റെ അപകടം മുൻകൂട്ടി കണ്ടാണ് സേനയും ബിജെപിയും കൈകോർക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സീറ്റ് വിഹിതത്തിൽ രാജ്യത്ത് രണ്ടാമതായ മഹാരാഷ്ട്രയിലെ പോരാട്ടം ശിവസേനയ്ക്കും ബിജെപിക്കും ഒന്നു പോലെ നിർണായകമാണ്. യുപിയിൽ എസ്പി–ബിഎസ്പിയും മമതയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ രൂപംകൊള്ളുന്ന ബദൽ മുന്നണിയും രാജ്യത്തെ പൊതുതിരഞ്ഞെടുപ്പു ചിത്രത്തിൽ വരുത്തുന്ന മാറ്റങ്ങളുടെ പൊരുൾ കൂടി ഉൾക്കൊണ്ടുള്ള തന്ത്രമാണ് സഖ്യനീക്കത്തിന് ബിജെപിക്കും ശിവസേനയ്ക്കും പ്രേരകമാകുന്നത്.

1989 ലാണ് ശിവസേനയും ബിജെപിയും മഹാരാഷ്ട്രയിൽ ഒന്നിച്ച അണിനിരക്കുന്നത്. സഖ്യത്തിന്റെ ആദ്യവർഷങ്ങളിൽ ശിവസേനയ്ക്കായിരുന്നു മുൻതൂക്കമെങ്കിലും പിന്നീട് സീറ്റ് ജയത്തിൽ നിർണായകമായ മുന്നേറ്റത്തിലേക്ക് ബിജെപി എത്തി. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഏറ്റവുമധികം സീറ്റു നേടി ബിജെപി ശക്തിതെളിയിക്കുകയും ചെയ്തു. മറ്റ് അവസരങ്ങളില്ലാതെ ബിജെപിയുടെ നിയമസഭാ മുന്നണിയിൽ കക്ഷി ചേരേണ്ടി വന്ന ശിവസേന ഇതിനിടെയും മുന്നണിയിലെ പ്രതിപക്ഷമെന്ന നിലയിലാണ് പെരുമാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com