ADVERTISEMENT

മുംബൈ ∙ കേന്ദ്ര സർക്കാരിന് ഇടക്കാല ലാഭവിഹിതമായി 28,000 കോടി രൂപ നൽകാൻ തിങ്കളാഴ്ച ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബോർഡിന്റെ തീരുമാനം.

ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ ലാഭവിഹിതമായാണ് ഈ തുക നൽകുകയെന്ന് റിസർവ് ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.‌

മേയ് മാസത്തിനു മുൻപ് പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന് വിവിധ പദ്ധതികൾക്കായി കൂടുതൽ പണം ചെലവഴിക്കാൻ ഈ നടപടി സഹായകമാകും.

തുടർച്ചയായ രണ്ടാം വർഷമാണ് റിസർവ് ബാങ്ക് സർക്കാരിന് ഇടക്കാല ലാഭവിഹിതം നൽകുന്നത്. ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച നിരവധി നയപരിപാടികൾക്ക് ഊർജം പകരാൻ ഈ ധനവിഹിതം കേന്ദ്ര സർക്കാരിന് തുണയാകും.

രണ്ടു ഹെക്ടർ(4.9 ഏക്കർ) വരെ കൃഷിഭൂമിയുളള കർഷകർക്കു മൂന്ന് തവണയായി 6000 രൂപ, അഞ്ചു ലക്ഷത്തിൽ താഴെ വരുമാനമുള്ള വ്യക്തികൾക്ക് വരുമാന നികുതിയിളവു തുടങ്ങിയ പദ്ധതികൾ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇടക്കാല ബജറ്റിൽ മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജനപ്രിയ ബജറ്റ് നിർദ്ദേശങ്ങൾക്കൊപ്പം ഇടക്കാല ലാഭ വിഹിതം കൂടി ലഭ്യമാകുന്നതോടെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം പകരാൻ സർക്കാരിനാകും. സമ്പദ് വ്യവസ്ഥയിൽ കൂടുതൽ പണലഭ്യതയ്ക്കും ഇത് സഹായിക്കും.

ജൂലൈ–ജൂൺ സാമ്പത്തിക കലണ്ടറാണ് ആർബിഐ പിന്തുടരുന്നത്. തിങ്കളാഴ്ചത്തെ ഇടക്കാല ലാഭവിഹിത പ്രഖ്യാപനത്തോടെ 2018–19 സാമ്പത്തിക വർഷം സർക്കാരിന് ആർബിഐ നൽകുന്ന ലാഭവിഹിതം 68,000 കോടിയായി. ഫെബ്രുവരി 12 ന് രാജ്യസഭയിൽ സർക്കാർ എഴുതിനൽകിയ ഉത്തരത്തിൽ ഓഗസ്റ്റ് 2018 ൽ ആർബിഐ 40,000 കോടി രൂപ ലാഭവിഹിതമായി സർക്കാരിനു നൽകിയതായി അറിയിച്ചിരുന്നു.  

ഒരു ലക്ഷം കോടി രൂപയോളം ധനക്കമ്മി നേരിടുന്ന സർക്കാരിന് ഇത് വലിയ ആശ്വാസമാകും. മോദി സർക്കാർ വികസന പദ്ധതികൾക്കായി റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്ന് ഒരു ലക്ഷം കോടി രൂപ ആവശ്യപ്പെട്ടതു സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് മുൻ ഗവർണർ ഉർജിത് പട്ടേലിന്റെ രാജിയിൽ കലാശിച്ചത്.

തുടർന്ന് മോദിയുടെ വിശ്വസ്തനും മുൻ ധനകാര്യ സെക്രട്ടറിയുമായ ശക്തികാന്ത ദാസിനെ ഗവർണറായി നിയമിക്കുകയായിരുന്നു. റിസർവ് ബാങ്ക് സർക്കാരിനു കൈമാറുന്ന ലാഭവിഹിതം സംബന്ധിച്ചു നയം രൂപീകരിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും നടപ്പു സാമ്പത്തിക വർഷത്തെ തീരുമാനം ആർബിഐ ബോർഡ് കൈക്കൊള്ളുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com