ADVERTISEMENT

കോട്ടയം ∙ കാസർകോട് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസുകാർ ക്രൂരമായി കൊല്ലപ്പെട്ടതിൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. കൊടുവാള്‍ പോലെയുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ കൃപേഷ്, ശരത് ലാൽ എന്നിവരാണു കഴിഞ്ഞദിവസം മരിച്ചത്. കൊലപാതക സംഭവത്തിനെതിരെ സമൂഹമാധ്യമത്തിലെ രണ്ടു കുറിപ്പുകളിലൂടെയാണു ഷാഫി രോഷം പ്രകടിപ്പിച്ചത്.

നാൻ പെറ്റ മകനേ എന്നു വിളിച്ചുകരയാൻ ഇവർക്കുമുണ്ട് അമ്മമാർ. എന്നാണു നിങ്ങളുടെ ചോരക്കൊതി തീരുക? എത്ര കാലം നിങ്ങൾ കൊന്നു കൊണ്ടേയിരിക്കും? ശാപമാണു വിജയാ ഈ രക്തദാഹം– ആദ്യ കുറിപ്പിൽ ഷാഫി പൊട്ടിത്തെറിച്ചു. കോൺഗ്രസ്സിന്റെ കൊടി പിടിച്ച ഒരാൾ കൊല്ലപ്പെടുമ്പോൾ മാത്രമല്ല മറ്റുള്ളവർ‌ കൊല്ലപ്പെടുമ്പോഴും മനസ്സ് വേദനച്ചിട്ടുണ്ടെന്നു തിങ്കളാഴ്ച രാവിലെയിട്ട കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

അഭിമന്യു കൊല്ലപ്പെട്ടപ്പോഴും മനസ്സ് വേദനിച്ചിട്ടുണ്ട്, പ്രതികരിച്ചിട്ടുമുണ്ട്. ചന്ദ്രശേഖരനാണെങ്കിലും ഷുക്കൂറാണെങ്കിലും ഷുഹൈബാണെങ്കിലും രമിത് ആണെങ്കിലും ഹനീഫയാണെങ്കിലുമെല്ലാം ആ വേദന ഉണ്ട്. കൊല്ലപ്പെടുന്നത് ഏത് കൊടിപിടിക്കുന്നവൻ എന്നു നോക്കാതെ തന്നെ എതിർക്കപ്പെടേണ്ട കാടത്തമാണ് ഈ കൊലപാതക രാഷ്ട്രീയം.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലിരുന്ന് അവനവന്റെ പാർട്ടിക്കാരൻ കൊല്ലപ്പെടുമ്പോൾ മാത്രം സന്ദർശിക്കുകയും അല്ലാത്തപ്പോൾ മൗനം പാലിക്കുകയും ചെയ്യുന്ന നിലപാട് കൊലപാതക രാഷ്ട്രീയ പ്രവണതകളെ ചെറുക്കാൻ പര്യാപ്തമല്ല എന്ന് തിരിച്ചറിയാനാവാത്ത ആളൊന്നുമല്ലല്ലോ പിണറായി. കൊന്നും കൊല്ലിച്ചും മതിയായെങ്കിൽ കുറഞ്ഞപക്ഷം ബോറടിക്കുകയെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവസാനിപ്പിക്കാം ഈ കാടത്തം– ഷാഫി പറഞ്ഞു.

ഷാഫി പറമ്പിലിന്റെ കുറിപ്പ്:

കാസർകോട് എത്തി. പ്രിയ സഹോദരന്മാരെ അവസാനനോക്കു കാണാൻ. സഹപ്രവർത്തകർ സംയമനം പാലിക്കണം. അതൊരു ദൗർബല്യമോ കഴിവുകേടോ അല്ല. എല്ലാവർക്കും കഴിയുന്നതുമല്ല. അതിനു കഴിയാത്തവരാണ് അമ്മമാർക്കു മക്കളെ ഇല്ലാതാക്കുന്നത്. നെഞ്ചിൽ കൈവച്ചു പറയാം കോൺഗ്രസ്സിന്റെ കൊടി പിടിച്ച ഒരാൾ കൊല്ലപ്പെടുമ്പോൾ മാത്രം തോന്നുന്ന വേദനയല്ല.

അഭിമന്യു കൊല്ലപ്പെട്ടപ്പോഴും മനസ്സ് വേദനിച്ചിട്ടുണ്ട്, പ്രതികരിച്ചിട്ടുമുണ്ട്. ചന്ദ്രശേഖരനാണെങ്കിലും ഷുക്കൂറാണെങ്കിലും ഷുഹൈബാണെങ്കിലും രമിത് ആണെങ്കിലും ഹനീഫയാണെങ്കിലുമെല്ലാം ആ വേദന ഉണ്ട്. കൊല്ലപ്പെടുന്നത് ഏത് കൊടിപിടിക്കുന്നവൻ എന്നു നോക്കാതെ തന്നെ എതിർക്കപ്പെടേണ്ട കാടത്തമാണ് ഈ കൊലപാതക രാഷ്ട്രീയം .

എന്നാൽ സെലക്ടീവ് വേദന മാത്രം പങ്ക് വയ്ക്കുന്ന ഇരട്ടത്താപ്പ് ഈ അക്രമങ്ങൾ അവസാനിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നു. ചന്ദ്രശേഖരനെ തുണ്ടംതുണ്ടമാക്കിയ കൊടി സുനിയെ പോലും ജയിലിൽ സന്ദർശിക്കാൻ കോടിയേരി ബാലകൃഷ്ണനു മടിയില്ലാതാവുമ്പോൾ പിന്നെ ഇതെങ്ങിനെ അവസാനിക്കും? കുഞ്ഞനന്തനു പരോൾ കൊടുക്കുന്ന നിങ്ങളുടെ മാനുഷിക പരിഗണനയിൽ എന്തേ ജീവിച്ചിരിക്കാനുള്ള ഈ ചെറുപ്പക്കാരുടെ അവകാശം കടന്നുവരാത്തത്?

അണികളാരോ ജയരാജനെ കുറിച്ച് ഒരു പാട്ടെഴുതിയപ്പോ പാർട്ടി കമ്മിറ്റിയിൽ നടപടി പ്രഖ്യാപിച്ച നിങ്ങളെന്തേ മീശ മുളച്ചിട്ടില്ലാത്ത ഒരു പയ്യനെ പട്ടാപ്പകൽ നൂറുകണക്കിന് ആളുകളുടെ മുന്നിൽ കൊന്നുതള്ളിയ ഉത്തരവിൽ ഒപ്പിട്ട കാലനായി മാറിയ ജില്ലാ സെക്രട്ടറിയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോവുന്നത്?

നിങ്ങളുടെ യുവജന സംഘടനയുടെ നേതാവും എംഎൽഎയുമായ ഒരാൾ ഈ ഗൂഡാലോചനയിൽ പങ്കാളിയാണ് എന്നു തെളിവുസഹിതം കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടു പോലും പുലർത്തുന്ന മൗനത്തിന്റെ അർത്ഥമെന്താണ്?

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലിരുന്ന് അവനവന്റെ പാർട്ടിക്കാരൻ കൊല്ലപ്പെടുമ്പോൾ മാത്രം സന്ദർശിക്കുകയും അല്ലാത്തപ്പോൾ മൗനം പാലിക്കുകയും ചെയ്യുന്ന നിലപാട് കൊലപാതക രാഷ്ട്രീയ പ്രവണതകളെ ചെറുക്കാൻ പര്യാപ്തമല്ല എന്നു തിരിച്ചറിയാനാവാത്ത ആളൊന്നുമല്ലല്ലോ പിണറായി. ജയരാജനെതിരെ സിബിഐ നടപടി രാഷ്ട്രീയപ്രേരിതമല്ല എന്നു പറയാൻ വിഎസ് പോലും ശ്രമിച്ചപ്പോൾ മുഖ്യൻ പാലിച്ച മൗനം പലതിലുമുള്ള പങ്കിനെ തന്നെയാണു കാണിക്കുന്നത്. 

അല്ലെങ്കിൽ മാഷാ അല്ലാഹ് സ്റ്റിക്കർ ചൂണ്ടികാണിക്കേണ്ട ഗതികേടിലേക്കു നിങ്ങൾ എത്തില്ലല്ലോ. ഷുഹൈബിനെ കൊന്ന കേസിലെ പ്രതിയെ പാർട്ടിയുടെ ഹീറോ ആയി വാഴ്ത്തുന്ന സോഷ്യൽമീഡിയ വിപ്ലവത്തോട് അരുതെന്നു പറയാത്ത നിങ്ങളുടെ നിസ്സംഗത ഇനിയും കൊന്നോളൂ ആഘോഷിച്ചോളു എന്ന ആഹ്വാനമല്ലേ കൊടുക്കുന്നത്. കൊന്നുംകൊല്ലിച്ചും മതിയായെങ്കിൽ കുറഞ്ഞപക്ഷം ബോറടിക്കുകയെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവസാനിപ്പിക്കാം ഈ കാടത്തം. ഇല്ലെങ്കിലും ഈ കൊടി ഞങ്ങൾ താഴെവയ്ക്കില്ല, നിങ്ങളെത്ര കൊന്നാലും.

നാൻ പെറ്റ മകനേ എന്നു വിളിച്ചു കരയാൻ ഇവർക്കുമുണ്ട് അമ്മമാർ. എന്നാ നിങ്ങടെ ചോരക്കൊതി തീരാ? എത്ര തലകൾ ഇനിയും അറുത്തുമാറ്റണം? എത്ര വെട്ടുകൾ ഇനിയും നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ശരീരത്തിൽ ഏൽപ്പിക്കണം? എത്ര കാലം നിങ്ങൾ കൊന്നു കൊണ്ടേയിരിക്കും? ശിലയായി മാറിയ ഹൃദയംകൊണ്ട് എതിർപാർട്ടിക്കാരനെ കൊന്നുതള്ളാൻ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തിൽ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്തു കാർക്കിച്ചു തുപ്പണം. ശാപമാണു വിജയാ ഈ രക്തദാഹം. നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചതു നിയന്ത്രിക്കാൻ കഴിഞ്ഞില്ലേൽ അമ്മമാരുടെ കണ്ണീരിൽ ഒലിച്ചുപോവും നിങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com