ADVERTISEMENT

ശ്രീനഗർ ∙ ഇന്ത്യയുടെ ചോറുണ്ട് പാക്കിസ്ഥാനോടു കൂറ് കാണിക്കുന്നു എന്ന ആരോപണം നേരിടുന്ന വിഘടനവാദി നേതാക്കൾക്കായി രാജ്യം ചെലവഴിക്കുന്നതു കോടികണക്കിനു രൂപ. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ വിഘടനവാദി നേതാക്കൾക്കുള്ള സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചതിനു പിന്നാലെയാണു ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.

ജമ്മു കശ്മീർ സർക്കാരിന്റെ രേഖകൾ പ്രകാരം കഴിഞ്ഞ 10 വർഷം വിഘടനവാദി നേതാക്കളുടെ സുരക്ഷയ്ക്കും മറ്റുമായി 15 കോടിയിലധികം രൂപയാണു ചെലവഴിച്ചത്. സുരക്ഷ, കാവൽക്കാർ, പഴ്സനൽ സെക്യൂരിറ്റി ഓഫിസർമാർ (പിഎസ്ഒ) എന്നീ ഇനങ്ങളിലാണു ചെലവ്. പാക്ക് അനുകൂല നിലപാടു സ്വീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മിർവായ്സ് ഉമർ ഫാറൂഖ്, പ്രഫ. അബ്ദുൽ ഗനി ഭട്ട്, ബിലാൽ ഗനി ലോൺ, ഹാഷിം ഖുറേഷി, ഫസൽ ഹഖ് ഖുറേഷി, ഷബീർ ഷാ എന്നിവർക്കുള്ള സുരക്ഷ കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു.

മുതിർന്ന വിഘടനവാദി നേതാവ് മിർവായ്സ് ഉമർ ഫാറൂഖിനു വേണ്ടിയാണു കൂടുതൽ പണം ഖജനാവിൽനിന്നു ചെലവാക്കിയത്. പൊലീസ് അകമ്പടിക്ക് 1.27 കോടി, സുരക്ഷാ ഡ്യൂട്ടിക്ക് 5.06 കോടി എന്നിങ്ങനെയാണു സർക്കാരിനു ചെലവ്. ശ്രീനഗറിലെ നഗീൻ പ്രദേശത്ത് മിർവായ്സിന്റെ വസതിക്ക് 10 പൊലീസുകാർ സദാസമയവും സുരക്ഷയൊരുക്കുന്നു. പിഎസ്ഒമാരുടെ സേവനവുമുണ്ട്.

2011 മുതൽ പ്രഫ. അബ്ദുൽ ഗനി ഭട്ടിന് 6–8 പൊലീസുകാരും 4 എസ്പിഒമാരും കാവലൊരുക്കുന്നു. സർക്കാരിനു ചെലവ് 2.34 കോടി രൂപ. മിർവായ്സിന്റെ നേതൃത്വത്തിലുള്ള ഹുറിയത്ത് കോൺഫറൻസിന്റെ എക്സിക്യൂട്ടിവ് അംഗമാണു ഭട്ട്. മറ്റൊരു നേതാവായ ബിലാൽ ഗനി ലോണിന്റെ സുരക്ഷയ്ക്കായി 1.65 കോടിയുടെ ബാധ്യതയാണു സർക്കാരിനുണ്ടായത്. ഇദ്ദേഹത്തിന്റെ സഹോദരൻ സജ്ജദ് ലോൺ മുൻ ബിജെപി സഹയാത്രികനും മുൻ മന്ത്രിയുമാണ്.

വിഘടനവാദിയും ഷിയാ നേതാവുമായ അബ്ബാസ് അൻസാരി 3.09 കോടി, മറ്റൊരു ഷിയ നേതാവ് സയിദ് ഹസ്സൻ 1.04 കോടി, സലീ ഗിലാനി 34.70 ലക്ഷം, സഫർ അക്ബർ ഭട്ട് 47.95 ലക്ഷം, ഷാഹിദ് ഉൾ ഇസ്‌ലാം 81.47 ലക്ഷം, അബ്ദുൽ ഗനി ഷാ 8.74 ലക്ഷം, സയിദ് അബ്ദുൽ ഹുസൈൻ 25.21 ലക്ഷം, ഫറൂഖ് അഹമ്മദ് കിച്ച്ലൂ 8.74 ലക്ഷം, മസ്‌രൂർ അബ്ബാസ് അൻസാരി 22.10 ലക്ഷം എന്നിങ്ങനെയാണു മറ്റുള്ളവരുടെ ചെലവ്. മിർവായ്സിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന ഷാഹിദ് ഉൾ ഇസ്‌ലാമിനെ 2017 ജൂലൈ 25ന് എൻഐഎ അറസ്റ്റ് ചെയ്തതിനെ തുടർന്നു സുരക്ഷ പിൻവലിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com