ADVERTISEMENT

കൊച്ചി∙ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസിന് മൊഴികൊടുത്തതിന് തടങ്കലിലാക്കി പീഡിപ്പിക്കുന്നെന്നും ജീവഭയമുണ്ടെന്നുമുള്ള കന്യാസ്ത്രീയുടെ പരാതിയിൽ പൂർണ പൊലീസ് സുരക്ഷ നൽകാൻ കോടതി ഉത്തരവ്. ഇവർ ആവശ്യപ്പെട്ടതനുസരിച്ച് രോഗിയായ മാതാവിനെ കാണുന്നതിന് തൊടുപുഴയിലെ ആശുപത്രിയിൽ പോകാൻ അനുവദിക്കണമെന്നും മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി മഠം അധികൃതർക്ക് നിർദേശം നൽകി. ഇടുക്കി രാജാക്കാട് സ്വദേശിനി സിസ്റ്റർ ലിസി കുര്യനാണ് മൂവാറ്റുപുഴ തൃക്ക ജ്യോതിർഭവൻ അധികൃതർക്കെതിരെ പൊലീസിനും തുടർന്ന് കോടതിയിലും മൊഴി നൽകിയത്.

സിസ്റ്റർ ലിസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മദർ സുപ്പീരിയർ ഉൾപ്പടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സിസ്റ്റർ ലിസിയെ വിജയവാഡയിലേയ്ക്ക് മാറ്റരുതെന്നും മഠം അധികൃതരോട് കോടതി നിർദേശിച്ചു. തിരുവസ്ത്രം ഉപേക്ഷിക്കാൻ തയാറല്ലെന്ന് അറിയിച്ച അവർ ആയിരിക്കുന്ന സ്ഥലത്ത് സംരക്ഷണം നൽകാനാണ് കോടതി നിർദേശം. ഇന്ന് അമ്മയെ കാണാൻ തൊടുപുഴയിൽ കൊണ്ടുപോയതിനു ശേഷം മൂവാറ്റുപുഴയിലെ മഠത്തിലേയ്ക്ക് തിരികെയെത്തിക്കും. വിജയവാഡയിലേയ്ക്ക് പോകാൻ തയാറല്ലെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.

ബിഷപ് ഫ്രാങ്കോ പീഡനത്തിന് ഇരയാക്കിയെന്ന വിവരങ്ങൾ ഇരയായ കന്യാസ്ത്രീ ആദ്യം തുറന്നു പറഞ്ഞത് സിസ്റ്റർ ലിസിയോടായിരുന്നു. ഇക്കാര്യം പൊലീസ് മൊഴിയെടുക്കുമ്പോൾ പറഞ്ഞതിനെ തുടർന്ന് തന്നെ ഫോണിൽ സംസാരിക്കാൻ പോലും അനുവദിക്കാതെ പീഡിപ്പിക്കുകയാണെന്നും രോഗിയായ മാതാവിനെ കാണാൻപോലും പുറത്തു പോകാൻ അനുവദിക്കാത്ത സാഹചര്യമാണ് മഠത്തിലുള്ളതെന്നും ഇവർ പൊലീസിനോടു പറഞ്ഞു. ഏതാനും ആഴ്ച മുമ്പ് നിർബന്ധം പിടിച്ചതിനെ തുടർന്ന് മാതാവിനെ കാണാൻ തൊടുപുഴയ്ക്ക് പോകാൻ അനുവദിച്ചിരുന്നു. അപ്പോഴാണ് സഹോദരങ്ങളോട് താൻ തടങ്കലിലാണെന്നും മറ്റുള്ളവരുമായി ഇടപഴകാനോ പുറത്തു പോകാനോ അനുവദിക്കുന്നില്ലെന്നുമുളള കാര്യം പറഞ്ഞത്.

പിന്നീട് സഹോദരിയുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സഹോദരൻ ജിമി കുര്യൻ ആദ്യം കോട്ടയം പൊലീസ് സ്റ്റേഷനിലും തുടർന്ന് മൂവാറ്റുപുഴ സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ മോചിപ്പിക്കുകയും മൊഴിയെടുക്കുകയും രാത്രിയിൽ കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. തന്നെ വിജയവാഡയിലേയ്ക്ക് മാറ്റുന്നതിനാണ് മഠം അധികൃതർ ശ്രമിക്കുന്നതെന്നും അവിടെ സുരക്ഷിതയായിരിക്കില്ലെന്നും അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും സിസ്റ്റർ കോടതിയിൽ ബോധിപ്പിച്ചു. കോടതിയിൽ 13 പേജുള്ള രഹസ്യ മൊഴിയാണ് നൽകിയിട്ടുള്ളത്. ബിഷപ്പിനെതിരെ മൊഴി നൽകിയ ശേഷം ഒരുതവണ വിജയവാഡയിലേയ്ക്ക് കൊണ്ടുപോയിരുന്നതായി സിസ്റ്റർ ലിസി പറയുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com