ADVERTISEMENT

ഹേഗ് ∙ പെഷവാർ സ്കൂളിലെ ഭീകരാക്രമണം ഇന്ത്യ സ്പോൺസർ ചെയ്തതാണെന്ന ആരോപണവുമായി പാക്കിസ്ഥാൻ. കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിൽ ഹേഗിലെ രാജ്യാന്തര കോടതിയിൽ വാദങ്ങൾ ഉന്നയിക്കവേയാണു പാക്കിസ്ഥാന്റെ ആരോപണം. പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിസ്ഥാനത്തു നിൽക്കവേയാണു പുതിയ ആരോപണവുമായി പാക്കിസ്ഥാന്റെ രംഗപ്രവേശമെന്നതു ശ്രദ്ധേയം.

വാദം കേൾക്കുന്നതിനിടെ, കഴിഞ്ഞദിവസം ഹൃദയാഘാതത്തെത്തുടർന്ന് പാക്കിസ്ഥാന്റെ താൽക്കാലിക ജഡ്ജി തസാദുഖ് ഹുസൈൻ ഗില്ലാനിയെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇതു ചൂണ്ടിക്കാട്ടി പുതിയ ജഡ്ജി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ ജാദവ് കേസിൽ വാദം നീട്ടിവയ്ക്കണമെന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. എന്നാൽ പാക്കിസ്ഥാന്റെ ആവശ്യം രാജ്യാന്തര കോടതി തള്ളി. പാക്കിസ്ഥാനു വേണ്ടി ഖവാർ ഖുറേഷിയാണു വാദിച്ചത്.

‘ജാദവ് ഇന്ത്യയുടെ ‘റോ’ ഓഫിസറാണ്. ബലൂചിസ്ഥാനിൽ ആക്രമണങ്ങൾ നടപ്പാക്കാനായി സർക്കാർ നിയോഗിച്ച വ്യക്തിയാണ്. സ്വതന്ത്ര കോടതി മുൻപാകെ ഇക്കാര്യം ജാദവ് സമ്മതിച്ചിട്ടുണ്ട്. രാജ്യാന്തര കോടതിയിൽ ഇന്ത്യ നൽകിയ ഹർജി, പാക്കിസ്ഥാനെ ഇടിച്ചുതാഴ്‍ത്താനുള്ള പരമ്പരാഗത രീതിയുടെ ഭാഗമാണ്. ഇന്ത്യയുടെ ഇത്തരം ക്രൂരതയ്ക്കു വ്യക്തിപരമായി താൻ ഇരയായിട്ടുണ്ട്. ചെറുപ്പത്തിൽ ആർമി ഓഫിസറായിരിക്കെ യുദ്ധത്തടവുകാരനായി തന്നെ ജയിലിൽ അടച്ചിരുന്നു.

ജനീവ കൺവൻഷനിലെ തീരുമാനങ്ങൾ ഇന്ത്യ എപ്പോഴും ലംഘിക്കാറുണ്ട്. 2014ൽ പെഷവാറിലെ സ്കൂളിൽ 140 കുട്ടികൾ കൊല്ലപ്പെട്ട ഭീകരാക്രമണം അഫ്ഗാനിസ്ഥാൻ വഴി ഇന്ത്യയാണു സ്പോൺസർ ചെയ്തത്. പാക്കിസ്ഥാനിൽ അസ്ഥിരത സൃഷ്ടിക്കാനായി ചാവേറുകളെ കണ്ടെത്താൻ നിരവധി നാട്ടുകാരുമായി ജാദവ് ബന്ധപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ചൈന–പാക്ക് സാമ്പത്തിക ഇടനാഴിക്കു (സിപിഇസി) വിഘ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചു. വ്യക്തിപരമായ നടപടികളല്ല ജാദവിന്റേത്, സർക്കാർ പിന്തുണയോടെയുള്ള പ്രവൃത്തികളാണ്.

1947 മുതൽ പാക്കിസ്ഥാനെ നശിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ നയം. കരാറുകൾ ലംഘിച്ച് പാക്കിസ്ഥാനുള്ള ജലവിതരണം ഇന്ത്യ തടസ്സപ്പെടുത്തി. മാനുഷിക പരിഗണനയിൽ ജാദവിനു കുടുംബത്തെ കാണാൻ പാക്കിസ്ഥാൻ അവസരമൊരുക്കി. എന്നാൽ ചാരവൃത്തിയുടെ പേരിൽ അറസ്റ്റിലായ ഏതെങ്കിലും പാക്കിസ്ഥാനിക്ക് ഇത്തരം സൗകര്യം ഇന്ത്യ ചെയ്തു കൊടുത്തിട്ടുണ്ടോ? ഇന്ത്യയ്ക്കകത്തും പുറത്തും വ്യാജപേരിലെടുത്ത പാസ്പോർട്ടിൽ ജാദവിനു സഞ്ചരിക്കാൻ കഴിഞ്ഞതെങ്ങനെയാണ്?’– ഖവാർ ഖുറേഷി ചോദിച്ചു.

ചാരപ്രവർത്തനം, ഭീകരാക്രമണം എന്നീ കുറ്റങ്ങൾക്കാണ് 2017 ൽ ജാദവിനെ പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരായ ഇന്ത്യയുടെ ഹർജി സ്വീകരിച്ച രാജ്യാന്തര കോടതി വധശിക്ഷ മരവിപ്പിച്ചു. ജാദവിനെ വധശിക്ഷയ്ക്കു വിധിച്ച പാക്കിസ്ഥാൻ പട്ടാളക്കോടതി, നടപടിക്രമങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിച്ചില്ലെന്നും വിധി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 

മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെയാണു ഇന്ത്യയുടെ വാദങ്ങൾ ഉന്നയിച്ചത്. വിയന്ന കൺവൻഷനിലെ ധാരണ പാക്കിസ്ഥാൻ ലംഘിച്ചു; കുൽഭൂഷണുമായി ബന്ധപ്പെടാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് അവസരം നിഷേധിച്ചു. 13 തവണ ഇതാവശ്യപ്പെട്ട് പാക്കിസ്ഥാനു കത്തയച്ചിട്ടും പ്രതികരിച്ചില്ല. കുൽഭൂഷൺ ചാരവൃത്തിയോ ഭീകരപ്രവർത്തനമോ നടത്തി എന്നതിന് ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com