ADVERTISEMENT

ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി– എഐഎഡ‍ിഎംകെ സഖ്യം. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ചെന്നൈയിലെത്തി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സംയുക്തമായി സഖ്യപ്രഖ്യാപനം നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 5 സീറ്റുകളില്‍ ബിജെപി സ്ഥാനാർഥികൾ മൽസരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം പറഞ്ഞു. 

21 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി എഐഎഡ‍ിഎംകെയ്ക്കു പിന്തുണ നൽകുമെന്ന് പീയൂഷ് ഗോയലും അറിയിച്ചു. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു വാശിയേറിയ പോരിന് കളമൊരുങ്ങുമെന്ന് ഉറപ്പായി. അണ്ണാഡിഎംകെയും പിഎംകെയും തമ്മിലുള്ള സഖ്യത്തിനു ധാരണയായിക്കഴിഞ്ഞു. ആകെയുള്ള 39 സീറ്റുകളില്‍ (പുതുച്ചേരിയിലെ ഒന്നുള്‍പ്പെടെ 40) പിഎംകെയ്ക്കു ഏഴ് ലോക്‌സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും നല്‍കും.

21 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പിഎംകെ അണ്ണാഡിഎംകെയെ പിന്തുണയ്ക്കും. തമിഴ്‌നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമിയുള്‍പ്പെടെയുള്ള അണ്ണാഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി. ഉച്ചയ്ക്കു ശേഷം പീയൂഷ് ഗോയല്‍ വിജയകാന്തുമായി ചര്‍ച്ച നടത്തി. ഡിഎംഡികെയും സഖ്യത്തിന്റെ ഭാഗമായേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 60 ശതമാനത്തോളം വോട്ട് ഈ കക്ഷികള്‍ സ്വന്തമാക്കിയിരുന്നു. ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് വിഭജന പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണു സൂചന. ബിജെപിയുടെ സഖ്യപ്രഖ്യാപനത്തിനായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ചെന്നൈയിലെത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് യാത്ര റദ്ദാക്കി.

2014-ല്‍ എംഡിഎംകെ, പിഎംകെ, ഡിഎംഡികെ എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കു രണ്ടു സീറ്റില്‍ മാത്രമാണു ജയിക്കാന്‍ കഴിഞ്ഞത്. ജയലളിതയുടെ നേതൃത്വത്തില്‍ എഐഎഡിഎംകെ 37 സീറ്റുകള്‍ വാരുകയും ചെയ്തു. പുതുച്ചേരി സീറ്റ് രംഗസാമി കോണ്‍ഗ്രസിന് ലഭിച്ചു. വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ക്കൊപ്പം മുന്നണിയായി മല്‍സരിച്ച ഡിഎംകെയ്ക്കു ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ എന്നിവ ഒറ്റയ്ക്കു മല്‍സരിച്ചെങ്കിലും ഒരു സീറ്റിലും ജയിച്ചില്ല. 2016-ല്‍ ജയലളിത മരിച്ചതോടെയാണ് വീണ്ടും ബിജെപി-എഐഎഡിഎംകെ സഖ്യത്തിനുള്ള സാധ്യതകള്‍ സജീവമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com