ADVERTISEMENT

ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ മത്സരിക്കുന്ന സീറ്റുകൾ സംബന്ധിച്ച് ഡിഎംകെയും കോൺഗ്രസും തമ്മിൽ ധാരണയായി. പുതുച്ചേരിയിൽ ഉൾപ്പെടെ 10 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഡിഎംകെ 20 മുതൽ 25 വരെ സീറ്റുകളിലും മറ്റു സീറ്റുകളിൽ ചെറുകക്ഷികളുമായിരിക്കും മൽത്സരിക്കുക. തമിഴ്നാട്ടിൽ 39 ലോക്സഭാ മണ്ഡലങ്ങളും പുതുച്ചേരിയിൽ ഒരു ലോക്സഭാ മണ്ഡലവുമാണ് ഉള്ളത്. മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനുമായി നടത്തിയ ചർച്ചയിലാണ് സീറ്റുകൾ സംബന്ധിച്ച് ധാരണയായത്.

2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഡിഎംകെയ്ക്കും സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല. 39 സീറ്റുകളിൽ 37 എണ്ണവും ജയലളിതയുടെ നേതൃത്വത്തിലായിരുന്നു അണ്ണാ ഡിഎംകെയാണ് നേടിയത്. ലോക്സഭയിൽ മൂന്നാമത്തെ വലിയ ഒറ്റകക്ഷിയായതും അണ്ണാ ഡിഎംകെ തന്നെ. എന്നാൽ ജയലളിതയുടെ മരണത്തിനു ശേഷം തമിഴ്നാട്ടിലെ സ്ഥിതിഗതികൾ‌ മാറിയെന്നാണ് കോൺഗ്രസും ഡിഎംകെയും വിലയിരുത്തുന്നത്. അണ്ണാ ഡിഎംകെയിലെ വിഭാഗീയതയും സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഗുണം ചെയ്യുമെന്നും അവർ കണക്കുകൂട്ടുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം 21 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പും തമിഴ്നാടിനെ ശ്രദ്ധാകേന്ദ്രമാക്കും. ദിനകരൻ പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് 18 അണ്ണാ ഡിഎംകെ എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇത് അനുകൂലമായാൽ സംസ്ഥാനത്ത് തിരിച്ച് ഭരണത്തിലേറാമെന്നും ഡിഎംകെ പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com