ADVERTISEMENT

ന്യൂഡൽഹി ∙ ‘അസാധ്യമായത് ഇപ്പോൾ സാധ്യമാണ്’ എന്ന (നമുംകിൻ അബ് മുംകിൻ ഹേ) പരസ്യവാചകവുമായി ബിജെപി തിരഞ്ഞെടുപ്പു പ്രചാരണത്തിന്. യുപിഎയുടെ 10 വർഷ ഭരണകാലത്തു നടക്കാതിരുന്നതും എൻഡിഎ 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയതുമായ പദ്ധതികളും പരിഷ്കാരങ്ങളുമാണു മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ‘യെസ്, വി ക്യാൻ’ മാതൃകയിലുള്ള പ്രചാരണപരിപാടിയുടെ കേന്ദ്രബിന്ദു. 

മോദി സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മൻമോഹൻ സിങ് സർക്കാർ പുറത്തുപോകും മുൻപു വിവിധ പദ്ധതികളുടെ സ്ഥിതി എന്തായിരുന്നെന്ന വിവരവും ശേഖരിക്കും. ഒരിക്കൽ അസാധ്യമെന്നു കരുതിയ കാര്യങ്ങൾ സാധ്യമായതെങ്ങനെയെന്ന ഹ്രസ്വവിശകലനം തയാറാക്കും.

ഒൗദ്യോഗിക തിരഞ്ഞെടുപ്പു പ്രചാരണത്തിനു മുൻപു തന്നെ ഇതിന്റെ പ്രചാരണം തുടങ്ങും. വിദൂര പ്രദേശങ്ങളിലും സാധാരണക്കാരിലും സന്ദേശമെത്തിക്കേണ്ട ദൗത്യം പാർട്ടി പ്രവർത്തകർക്കാണ്. മറ്റു സർക്കാരുകൾക്കു കഴിയാതിരുന്ന ഒട്ടേറെ പരിപാടികൾ ഏറ്റെടുത്തു വിജയിപ്പിക്കാൻ മോദി സർക്കാരിനു കഴിഞ്ഞെന്നാണു ബിജെപിയുടെ വിലയിരുത്തൽ.

ദരിദ്ര കുടുംബങ്ങളിൽ പാചകവാതകമെത്തിക്കുന്ന ഉജ്വല, എല്ലാവർക്കും പാർപ്പിടം, ശുചിത്വഭാരതം, ജൻധൻ, കിസാൻ ക്രെഡിറ്റ് കാർഡ്, ബേഠി ബചാവോ ബേഠി പഠാവോ പദ്ധതികളും ജനകീയമായി. മുൻപെങ്ങും കാണാത്ത അടിസ്ഥാനസൗകര്യ വികസനമാണു രാജ്യത്തു നടപ്പായത്. 22 ഉൽപന്നങ്ങൾക്കു ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില പ്രഖ്യാപിച്ചതു കർഷകക്ഷേമ പദ്ധതികളിൽ പ്രധാനം. കർഷകർക്കു പ്രതിവർഷം 6,000 രൂപ നേരിട്ടു നൽകാനുള്ള തീരുമാനത്തിലൂടെയാണു സർക്കാർ തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്.

ഇവയ്ക്കൊപ്പം മുൻ സർക്കാരിന്റെ കാലത്തു മുടന്തിനിന്ന ആധാറും നേരിട്ട് ആനുകൂല്യങ്ങൾ നൽകുന്ന ഡിബിടി പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കിയതും ‘അസാധ്യമല്ല, സാധ്യം’ പ്രചാരണത്തിൽ ഇടം കാണും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com