ADVERTISEMENT

കൊല്ലം ∙ എൻജിനീയറിങ് കോളജിൽ മോട്ടോർ എക്സ്പോയുടെ ഭാഗമായി നടന്ന അഭ്യാസപ്രകടനത്തിനിടെ ആഡംബരക്കാറിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്വമേധയാ കേസെടുത്തു.

വാഹനം ഓടിച്ചിരുന്ന ചങ്ങനാശേരി സ്വദേശിയും ഡോക്ടറുമായ ഉണ്ണികൃഷ്ണന്‍ ഒളിവിലാണെന്ന് പൊലീസ് പറ‍ഞ്ഞു. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പ്രതിക്കെതിരെ മൊഴി നല്‍കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

car-accident-campus
അപകടത്തിനിടയാക്കിയ കാർ.

വൈകിട്ട് നാലരയോടെ നഗരമധ്യത്തിലുള്ള സ്വകാര്യ എൻജിനീയറിങ് കോളജിലെ ബാസ്കറ്റ് ബോൾ കോർട്ടിലാണു സംഭവം. ഏതാനും ദിവസമായി നടന്നുവന്ന മോട്ടോർ എക്സ്പോയുടെ ഭാഗമായാണു അഭ്യാസപ്രകടനം നടത്തിയത്.

ആഡംബര കാർ വട്ടം തിരിച്ചുള്ള അഭ്യാസത്തിനിടെ നിയന്ത്രണം വിട്ട് ഇടിച്ച് എൻജിനീയറിങ് വിദ്യാര്‍ഥികളായ വൈശാഖ് ചന്ദ്രൻ, റോഷൻ എന്നീ വിദ്യാർഥികൾക്കാണു പരുക്കേറ്റത്. ഒരാളുടെ തുടയെല്ല് പൊട്ടി. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഇരുവരും അപകടനില തരണം ചെയ്തു.

ക്യാംപസിനുള്ളിലെ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലുണ്ടായ അപകടത്തെപ്പറ്റി കോളജ് മാനേജ്മെന്റോ അപകടത്തില്‍പ്പെട്ടവരൊ ഇതുവരെ പൊലീസിന് പരാതി നല്‍കിയിട്ടില്ല.

അനുമതി വാങ്ങാതെ അഭ്യാസപ്രകടനം നടത്തിയതിനും അപകടകരമായി വാഹനം ഓടിച്ചതിനും കൊല്ലം ഈസ്റ്റ് പൊലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ആഡംബരക്കാര്‍ കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന ചങ്ങനാശേരി സ്വദേശിയും ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ ഉണ്ണികൃഷ്ണന്‍ ഒളിവിലാണ്.

സുരക്ഷിതമല്ലാതെ കോർട്ടിന്റെ വശങ്ങളിൽ വിദ്യാർഥികളെ നിർത്തിയാണ് അഭ്യാസപ്രകടനം നടത്തിയതെന്നു പറയുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയതിന് പൊലീസ് വിദ്യാർഥികളെ താക്കീത് ചെയ്തിരുന്നു. വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുമ്പോൾ പൊലീസിൽ നിന്നോ മോട്ടോർ വാഹന വകുപ്പിൽ നിന്നോ മുൻകൂർ അനുമതി നേടണമെന്നും മതിയായ സുരക്ഷ ഒരുക്കണമെന്നുമാണു ചട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com