ADVERTISEMENT

ന്യൂയോര്‍ക്ക് ∙ ചൈനയുടെ എതിർ നീക്കങ്ങള്‍ മറികടന്നു പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍. ഇന്ത്യ നിർദേശിച്ച അതേ വാചകങ്ങൾ ഉൾപ്പെടുത്തി യുഎൻ സുരക്ഷാ കൗൺസിൽ പ്രസ്താവന ഇറക്കിയതു രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ നേട്ടമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞാണു യുഎന്‍ പ്രസ്താവന ഇറക്കിയതെന്നതും ശ്രദ്ധേയം.

നീണ്ട നേരത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണു ഇതു സംബന്ധിച്ച കുറിപ്പ് പുറത്തിറങ്ങിയത്. ചിന്തിക്കാന്‍ ചൈന അധികസമയം ആവശ്യപ്പെട്ടതാണു വൈകാൻ കാരണമായത്. ‘ജമ്മു കശ്മീരില്‍ 40 ഇന്ത്യന്‍ അര്‍ധസൈനികരുടെ മരണത്തിനിടയാക്കി ഫെബ്രുവരി 14-ന് നടന്ന ചാവേര്‍ ആക്രമണം ഹീനവും ഭീരുത്വം നിറഞ്ഞതുമാണ്. ജയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു’- പ്രസ്താവനയില്‍ പറയുന്നു.

വിഷയത്തില്‍ രാജ്യാന്തര നിയമങ്ങളുടെയും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും അടിസ്ഥാനത്തില്‍ എല്ലാ അംഗരാജ്യങ്ങളും ഇന്ത്യയുമായി സഹകരിക്കണമെന്നു യുഎന്‍ ആവശ്യപ്പെട്ടു. പ്രസ്താവന പുറത്തിറക്കുന്നതു തടയാന്‍ ആറു ദിവസമായി ചൈന ശ്രമിച്ചെന്നാണു റിപ്പോര്‍ട്ട്. ജയ്‌ഷെ മുഹമ്മദിന്റെ പേര് പ്രസ്താവനയില്‍ ഉള്‍പ്പെടുത്താന്‍ ചൈന ആഗ്രഹിച്ചിരുന്നില്ല. എല്ലാ രാജ്യങ്ങളും ഇന്ത്യയുമായി സഹകരിക്കണമെന്ന ഭാഗം ഉള്‍പ്പെടുത്തിയതിലും ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചു.

ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കത്തെ യുഎന്നില്‍ വര്‍ഷങ്ങളായി വീറ്റോ അധികാരം ഉപയോഗിച്ച് എതിർക്കുകയാണു പാക്കിസ്ഥാന്റെ സഖ്യകക്ഷിയായ ചൈന. പുല്‍വാമ ആക്രമണത്തെ ചൈന അപലപിച്ചെങ്കിലും പാക്കിസ്ഥാന്റെ പേര് പരാമര്‍ശിക്കാന്‍ തയാറായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com