ADVERTISEMENT

കൊച്ചി∙ ഹർത്താലുകൾക്കെതിരെ കർശന നടപടിയുമായി ഹൈക്കോടതി. എല്ലാ കേസുകളിലും നേതാക്കളെ പ്രതിയാക്കണമെന്ന് ഉത്തരവ്. യൂത്ത് കോൺഗ്രസ് ഹർത്താലിലെ 189 കേസുകളിലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പ്രതിയാകും. കാസർകോട് ജില്ലയിലെ അക്രമങ്ങളിൽ ജില്ലാ യുഡിഎഫ് നേതൃത്വം പ്രതിക്കൂട്ടിലാകും.

ശബരിമല ഹര്‍ത്താലിലെ 990 കേസുകളില്‍ ടി.പി.സെൻകുമാർ അടക്കമുള്ള നേതാക്കള്‍ പ്രതികളാകും. നേതാക്കളെ പ്രതിയാക്കണമെന്ന സർക്കാർ നിലപാട് കോടതി അംഗീകരിച്ചു. ഹർത്താൽ നിരോധിക്കണമെന്ന ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശബരിമല ഹര്‍ത്താലുകളില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു നേതാക്കളില്‍നിന്ന് ഈടാക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മുന്‍കൂട്ടി നോട്ടിസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയതിന്‍റെ പേരില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസില്‍ ഡീൻ കുര്യാക്കോസ് ഉൾപ്പെടെ മൂന്നുപേര്‍ രേഖാമൂലം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഡീൻ അഭിഭാഷകനല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ എം.സി.കമറുദ്ദീന്‍, ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

യൂത്ത് കോൺഗ്രസ് ഹർത്താലിൽ വ്യാപക അക്രമം ഉണ്ടായെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കെഎസ്ആർടിസിക്കു മാത്രം 1.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അക്രമ സംഭവങ്ങളിൽ 189 കേസെടുത്തു. 4,430 പേർ പ്രതികളാണെന്നും സർക്കാർ വ്യക്തമാക്കി. നിയമവ്യവസ്ഥയെ മാനിക്കുന്നുവെന്നും കോടതി നടപടികളുമായി സഹകരിക്കുമെന്നും ഡീൻ അറിയിച്ചു.

ശബരിമല കർമസമിതിയും നഷ്ടപരിഹാരം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല പ്രശ്നത്തിലെ ഹർത്താലുകളിൽ കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ടി.പി.സെൻകുമാർ, കെ.എസ്.രാധാകൃഷ്ണൻ തുടങ്ങിയ സമിതി നേതാക്കളിൽനിന്ന് ഈടാക്കണം. കെഎസ്ആർടിസിക്ക് മൂന്നു കോടിയിലേറെ നഷ്ടമുണ്ടായി. 38.52 ലക്ഷം രൂപയുടെ പൊതുമുതൽ നശിച്ചു. 150 പൊലീസുകാർക്കും 141 സാധാരണക്കാർക്കും 11 ഉദ്യോഗസ്ഥർക്കും പരുക്കേറ്റുവെന്നും സർക്കാർ വ്യക്തമാക്കി.

ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴുദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെ, പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തിയ ഹര്‍ത്താലാണ് കോടതിയലക്ഷ്യ നടപടിക്കിടയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com