ADVERTISEMENT

‘അമേരിക്കയിൽനിന്നെത്തിയ നമ്മുടെ അവർണ സഹോദരൻ’ – ആ വംശീയാധിക്ഷേപം കൊത്തിവലിച്ചത് ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ഹൃദയത്തെയായിരുന്നു. 1959 ഫെബ്രുവരി 22ന്, ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത്, തിരുവനന്തപുരത്തെ ഒരു സ്കൂളിൽ പ്രഭാഷണത്തിന് എത്തിയതായിരുന്നു കിങ്. സ്കൂൾ പ്രിൻസിപ്പൽ തന്റെ ആമുഖപ്രസംഗത്തിൽ കിങിനെ പരിചയപ്പെടുത്തുകയായിരുന്നു: "Young people, I would like to present to you a fellow untouchable from the United States of America".

വിചിത്രമായ ആ വിശേഷണം കിങിനെ ഞെട്ടിച്ചു കളഞ്ഞു. ‘അവർണസഹോദരൻ’! ഇന്ത്യയിലെ അധഃകൃതരെ വിളിക്കുന്ന അതേ പേര്.  ആ വേദിയിലിരുന്നു കിങ് ചിന്താമഗ്നനായി. അശാന്തമായ മനസ്സ് അറ്റ്‌ലാന്റിക് സമുദ്രം കടന്നു ഞൊടിയിടകൊണ്ട് അമേരിക്കയിലെത്തി. ഒരു നീണ്ട രാത്രിയാത്രയ്ക്കു ശേഷം ക്ഷീണിച്ചവശനായെത്തുമ്പോൾ ഹൈവേകളിലെ സത്രങ്ങളും അമേരിക്കയിലെ തെക്കൻ നഗരങ്ങളിലെ ഹോട്ടലുകളും കറുത്തവർഗക്കാരനായ തനിക്കുനേരെ വാതിൽകൊട്ടിയടയ്ക്കും. ചന്തയിൽപോയി സാധനങ്ങളും വാങ്ങി ക്ഷീണിച്ചുനടന്നുവരുന്ന വൃദ്ധയായ കറുത്തവർഗക്കാരിക്ക് ഒരു കപ്പു കാപ്പി വിൽക്കാൻ ഒരു കടയും തയാറാകില്ല. ബസിൽ കയറിയാലോ, മുൻവശത്ത് എത്ര സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ടെങ്കിലും കറുത്തവർഗക്കാരായ യാത്രക്കാർ പുറകിലേക്കു നീങ്ങി, ആ ദൂരം മുഴുവൻ നിന്നു യാത്രചെയ്യണം. കറുത്തവർഗക്കാരുടെ കുട്ടികൾക്കു സ്കൂളിൽ കടുത്തവിവേചനം നേരിടണം. അമേരിക്കയെന്ന സമ്പന്ന രാജ്യത്ത് രണ്ടുകോടി കറുത്ത വർഗക്കാർ പട്ടിണി കിടക്കുന്നു.

Martin Luther King Jr.
മാർട്ടിൻ ലൂഥർ കിങ് ജൂനിയർ

കറുത്ത വർഗക്കാർ അമേരിക്കയിൽ അവർണർ തന്നെയാണല്ലോയെന്ന സത്യം മെല്ലെ മെല്ലെ അദ്ദേഹത്തിനു ബോധ്യപ്പെടുകയായിരുന്നു. ‘അതേ, ഞാനും അവർണനാണ്. അമേരിക്കയിലെ ഓരോ കറുത്ത വർഗക്കാരനും അവർണനാണ്.’ തിരുവനന്തപുരത്തെ ആ സ്കൂളിലിരുന്ന് കിങ് ആത്മഗതം നടത്തി. ദുഃഖം ഉള്ളിലൊതുക്കി.

ആറു വർഷം നീണ്ട മൗനത്തിനുശേഷം 1965 ജൂലൈ 4–ന്, അറ്റ്ലാന്റയിലെ എബനേസർ ബാപ്റ്റിസ്റ്റ് ചർച്ചിൽ നടത്തിയ പ്രസംഗത്തിലാണു കിങ് കേരളത്തിലുണ്ടായ അനുഭവം തുറന്നു പറഞ്ഞത്. ഹൃദയത്തെ അത്രമേൽ മഥിച്ചതുകൊണ്ടായിരിക്കണം അക്കാലമത്രയും അദ്ദേഹമത് ഓർമയിൽ സൂക്ഷിച്ചത്. 1963 ൽ, ലിങ്കൺ മെമ്മോറിയലിൽ നടത്തിയ വിഖ്യാതമായ ‘ഐ ഹാവ് എ ഡ്രീം’ പ്രസംഗത്തിലെ കവിതയ്ക്കു തുല്യമായ വരികൾ ആവർത്തിച്ച്, ആ സ്വപ്നം തകർന്നു തരിപ്പണമായതിന്റെ ഇച്ഛാഭംഗം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. കിങിനെക്കുറിച്ച് എഴുതുന്നവർ ഇന്നും ‘ ഐ ഹാവ് എ ഡ്രീം’ ഉദ്ധരിക്കാറുണ്ട്. ആ സ്വപ്നം തകർന്നതിൽ മനംനൊന്ത് രണ്ടു വർഷത്തിനു ശേഷം എബനേസർ ബാപ്റ്റിസ്റ്റ് ചർച്ചിൽ നടത്തിയ ‘ദ അമേരിക്കൻ ഡ്രീം’ എന്ന പ്രസംഗത്തിനുമുണ്ട് അതേ പ്രസക്തി.

പത്തു വർഷം മുൻപ്, 2009ൽ, കിങിന്റെ മകൻ മാർട്ടിൻ ലൂഥർ കിങ് മൂന്നാമൻ ഇന്ത്യ സന്ദർശിച്ചിരുന്നു. 1959–ൽ കിങ് പിന്നിട്ട അതേ വഴിത്താരകളിലൂടെ, ആ സന്ദർശനത്തിന് അര നൂറ്റാണ്ടു തികയുന്ന വേളയിൽ മകന്റെ യാത്ര ചരിത്രത്തെ പുനരാനയിക്കുന്നതായിരുന്നു.

മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ കേരള സന്ദർശനത്തെപ്പറ്റി അന്ന് അന്വേഷണം തുടങ്ങിയപ്പോൾ ആദ്യം കണ്ടെടുത്തത് മലയാള മനോരമയുടെ റഫറൻസ് ലൈബ്രറിയിൽ, ചരിത്രം തുടിക്കുന്ന താളുകളിൽ ഉറങ്ങിക്കിടന്നിരുന്ന അര നൂറ്റാണ്ടു പഴക്കമുള്ള വാർത്തയാണ്. കൂടുതൽ വിവരങ്ങൾക്കായി യുഎസിലെ സ്ററാൻഫഡ് സർവകലാശാലയുടെ കീഴിലുളള കിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു. എബനേസർ ബാപ്റ്റിസ്റ്റ് ചർച്ചിൽ കിങ് നടത്തിയ പ്രസംഗം അവർ അയച്ചുതന്നു. പ്രസംഗത്തിലെ സ്കൂൾ അനുഭവം വായിച്ച് തരിച്ചിരുന്നുപോയി.

martin-luther-king-jr-memorial-park
വാഷിങ്ടൺ ഡിസിയിലെ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ മെമ്മോറിയൽ പാർക്ക്.

സ്കൂൾ ഏതാണെന്നറിയാൻ സമീപകാലത്ത് വീണ്ടും കിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു. തിരുവനന്തപുരത്തെ സ്കൂൾ സന്ദർശനം മുൻകൂട്ടി നിശ്ചയിച്ച പരിപാടിയായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ വിശദാംശങ്ങൾ യാത്രാരേഖകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും മാർട്ടിൻ ലൂഥർ കിങ് ജൂനിയർ പേപ്പേഴ്സ് പ്രോജക്ടിന്റെ അസിസ്റ്റന്റ് എഡിറ്റർ ഡേവിഡ് ലായ് അറിയിച്ചു.

quotes-martin-luther-king-jr-memorial-park
വാഷിങ്ടൺ ഡിസിയിലെ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ മെമ്മോറിയൽ പാർക്കിൽ ആലേഖനം ചെയ്ത മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ വാക്കുകൾ.

ഇന്ത്യയിൽ ചെന്ന് മഹാത്മാഗാന്ധി സാധിച്ചെടുത്ത നേട്ടങ്ങൾ നേരിട്ടുകാണുന്നത് നല്ലതല്ലേയെന്ന് സുഹൃത്തുക്കളിലാരോ അഭിപ്രായപ്പെട്ടപ്പോഴാണ് കിങ് ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചത്. 1956ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അമേരിക്കയിലെത്തിയപ്പോൾ കിങിനെ ക്ഷണിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും നയതന്ത്രപ്രതിനിധികൾ ഇതു സബന്ധിച്ചു ചർച്ച നടത്തുകയും ചെയ്തിരുന്നു. പക്ഷേ, യാത്രയ്ക്കു പദ്ധതിയിട്ടപ്പോഴെല്ലാം ഓരോ തടസ്സങ്ങൾ.

അതിനും മുൻപ് തീരുമാനിച്ച ഘാന സന്ദർശനവും ‘ സ്ട്രൈഡ് ടുവേർഡ്സ് ഫ്രീഡ’ത്തിന്റെ രചനയുമായി ബന്ധപ്പെട്ട് പ്രസാധകർ തിരക്കു കൂട്ടിയതും ഇന്ത്യാ സന്ദർശനം അനിശ്ചിതമായി നീളാൻ കാരണമായി. ഇസോള കറി എന്ന മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീ പേനാക്കത്തിയുപയോഗിച്ചു കിങിനെ ആക്രമിച്ചതും ആയിടെയായിരുന്നു. തുടർന്ന് ആശുപത്രിവാസം. യാത്ര ചെയ്യാനുള്ള അനുമതി കിട്ടിയപ്പോൾ ആദ്യം പരിഗണിച്ചത് മുടങ്ങിക്കിടന്നിരുന്ന ഇന്ത്യാ സന്ദർശനമായിരുന്നു. ഭാര്യ കോറെറ്റയ്ക്കും സ്നേഹിതനും ജീവചരിത്രകാരനുമായ ഡോ. ലോറെൻസ് റെഡിക്കിനുമൊപ്പം 1959 ഫെബ്രുവരി മൂന്നിന് കിങ് ന്യൂയോർക്കിൽനിന്നു വിമാനം കയറി.

056 BIO-MARTIN LUTHER KING-FUNERAL
1968 എപ്രിൽ 9 ന് മാർട്ടിൻ ലൂഥർ കിങ്ങിന്റെ സംസ്കാരച്ചടങ്ങിനു മുന്നോടിയായി നടത്തിയ ശവമഞ്ചയാത്ര. 1968 ഏപ്രിൽ നാലിനാണ് മാർട്ടിൻ ലൂഥർ കിങ് കൊല്ലപ്പെട്ടത്.

ഇന്ത്യയിലെത്തിയ കിങിനും സംഘത്തിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി നെഹ്റു അദ്ദേഹത്തിന് അത്താഴവിരുന്നൊരുക്കി. ബ്രിട്ടീഷ് രാജിലെ അവസാന വൈസ്രോയിയായി വിരമിച്ച മൗണ്ട് ബാറ്റൺ പ്രഭുവും പത്നിയും വിരുന്നിൽ പങ്കെടുത്തു. വിനോബാ ഭാവെയും ജയപ്രകാശ് നാരായണനും ഉൾപ്പെടെ ഒട്ടേറെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്.

തിരുവനന്തപുരത്തുനിന്നു കിങ് പോയത് കന്യാകുമാരിയിലേക്കാണ്. അവിടെ, പ്രാചീനമായ പാറക്കൂട്ടങ്ങൾക്കിടയിൽ സമുദ്രത്തിന്റെ സൗന്ദര്യം ആസ്വദിച്ച നിമിഷങ്ങളെക്കുറിച്ച് ആത്മകഥയിൽ അദ്ദേഹം വാചാലനാകുന്നുണ്ട്– ‘ സമുദ്രത്തിലേക്കു തള്ളിനിന്ന ഒരു വലിയ പാറയിലിരുന്ന് ഞങ്ങൾ ആ മഹാവിസ്‍തൃതിയിലേക്കു നോക്കി. അതിന്റെ പേടിപ്പെടുത്തുന്ന ആഴവും ഗരിമയും ഞങ്ങളെ സ്തബ്ധരാക്കി. തിരകളുടെ സംഗീതം. ഞങ്ങളിരുന്ന പാറയുടെ ചുവട്ടിൽ, തിരകൾ ആഞ്ഞടിച്ചപ്പോൾ, കടലിന്റെ ശ്രുതിമധുരമായ രാഗമുയർന്നു. പടിഞ്ഞാറൻ ആകാശത്ത് ബ്രഹ്മാണ്ഡത്തിന്റെ അഗ്നിഗോളമായി ജ്വലിക്കുന്ന ചുവന്ന സൂര്യൻ കടലിൽ മുങ്ങിത്താഴാൻ ഒരുങ്ങുന്നു. ദൃഷ്ടിപഥത്തിൽനിന്നു സൂര്യബിംബം മറഞ്ഞയുടൻ പത്നി കോറെറ്റ എനിക്കാ മനോഹരദൃശ്യം കാട്ടിത്തന്നു. ‘നോക്കൂ മാർട്ടിൻ, എത്ര സുന്ദരം’. ഞാൻ തിരിഞ്ഞുനോക്കി.

കണ്ണഞ്ചിക്കുന്ന തേജസ്സുമായി ചന്ദ്രബിംബം. സൂര്യൻ കടലിൽ താഴുന്ന അതേ നിമിഷം ചന്ദ്രൻ കടലിൽനിന്ന് ഉയരുന്നു. സൂര്യദീപ്തി പൂർണമായും മറഞ്ഞയുടൻ ഭൂമിയിൽ അന്ധകാരം നിറഞ്ഞു. എല്ലാത്തിനും മേലേ, കിഴക്കൻദിക്കിൽ ചന്ദ്രികയുടെ ദിവ്യപ്രകാശം. ആകാശത്ത് പൂർണചന്ദ്രൻ വിരിയുന്ന ദിനങ്ങളായിരുന്നു അവ. സൂര്യന്റെ അസ്തമനവും ചന്ദ്രന്റെ ഉദയവും ഒരേസമയം കാണാൻ കഴിയുന്ന ലോകത്തിലെ ചുരുക്കം ചില ഭാഗങ്ങളിലൊന്നാണിത്.. ആ ദൃശ്യം ആസ്വദിക്കുന്നതിനിടെ എന്റെ മനസ്സിൽ ഒരു ചിന്തയുയർന്നു– ‘ ഏത് അന്ധകാരത്തെയും അതിജീവിക്കാനുള്ള പ്രകാശം ദൈവത്തിന്റെ കൈയിലുണ്ട്.’

Martin Luther King Speech
വാഷിങ്ടൺ ഡിസിയിൽ 1963 ഓഗസ്റ്റ് 28 ന് മാർട്ടിൻ ലൂഥർ കിങ് അനുയായികളെ അഭിസംബോധന ചെയ്തപ്പോൾ. ചിത്രം – എഎഫ്പി.

മഹാത്മാഗാന്ധിയുടെ മരണശേഷമായിരുന്നു കിങിന്റെ ഇന്ത്യാ സന്ദർശനം. ഗാന്ധിജിയെ യുഗപുരുഷൻ എന്നാണ് കിങ് വിശേഷിപ്പിച്ചത്. ഗാന്ധിയുടെ നാട് സന്ദർശിക്കാനും ജനങ്ങളുമായി അടുത്തിടപഴകാനും കഴിഞ്ഞത് തന്റെ ജീവിതത്തെയും വീക്ഷണത്തെയും മാറ്റിമറിച്ചുവെന്ന് അദ്ദേഹം വിശ്വസിച്ചു. ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘കറുത്ത വർഗക്കാരായ എന്റെ സഹോദരങ്ങൾക്ക് അക്രമരാഹിത്യത്തിലൂടെ സ്വാതന്ത്യം നേടിയെടുക്കണമെന്ന തീരുമാനം ആഴത്തിൽ ഊട്ടിയുറപ്പിച്ചാണ് ഞാൻ അമേരിക്കയിലേക്കു മ‍ടങ്ങിയത്. ഇന്ത്യാ സന്ദർശനത്തിന്റെ ഫലമായി അക്രമരാഹിത്യത്തെക്കുറിച്ചുള്ള എന്റെ അവബോധം വർധിക്കുകയും ലക്ഷ്യബോധം ദൃഡപ്പെടുകയും ചെയ്തു.’

മാർട്ടിൻ ലൂഥർ കിങ്ങിന് വയലാറിന്റെ കവിതാഞ്ജലി

മാർട്ടിൻ ലൂഥർ കിങിന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ച് രചിക്കപ്പെട്ട ആദ്യ കവിത വന്നത് മലയാളത്തിലായിരിക്കണം. അതിന്റെ പിന്നിലും ഒരു അധിക്ഷേപത്തിന്റെ കഥയുണ്ട്. വംശീയാധിക്ഷേപമല്ലെന്നു മാത്രം. കിങിന്റെ മരണത്തിന്റെ പിറ്റേ ദിവസം, 1968 ഏപ്രിൽ 5 നായിരുന്നു കവിതയുടെ പിറവി. കൊല്ലത്തെ നീലാ ഹോട്ടലിലായിരുന്നു മലയാളത്തിന്റെ പ്രിയ കവി വയലാർ രാമവർമയും പ്രഫ. ജോസഫ് മുണ്ടശ്ശരിയും.

‘എടോ താൻ വെറും സിനിമാപ്പാട്ടെഴുതുന്ന ആളായിപ്പോയി. തന്നെക്കൊണ്ട് ഇനി കവിത എഴുതാൻ സാധിക്കയില്ല.’ മികച്ച കവിയാണെങ്കിലും ചലച്ചിത്രഗാനരചനയിൽ അഭിരമിക്കുന്നതിലുള്ള സങ്കടവും അമർഷവുമായിരുന്നു മുണ്ടശ്ശേരിയുടെ അധിക്ഷേപത്തിനു പിന്നിൽ. ‘ മാഷേ, ഇന്നത്തെ ചൂടുപിടിച്ച ഒരു പത്രവാർത്തയാണല്ലോ മാർട്ടിൻ ലൂഥർ കിങിനെ വെടിവച്ചുകൊന്നത്. ആ സംഭവം ഞാൻ കവിതയിൽ പകർത്താം’ എന്നായിരുന്നു വയലാറിന്റെ പെട്ടെന്നുള്ള പ്രതികരണം. തുടർന്ന് പതിനഞ്ചു മിനിട്ടിനകം ശോകം ശ്ലോകമായി കടലാസിലേക്കു വാർന്നുവീണു. അഞ്ചു ശ്ലോകങ്ങളുള്ള ആ നിമിഷകവിത സമാപിക്കുന്നതിങ്ങനെ–

‘വാഷിംഗ്ടൺ നഗരത്തിൽനിന്നൊരു വെടിത്തീയുണ്ടയാൽ, മണ്ണിലെ
ശേഷിക്കുന്ന മനുഷ്യ ധർമനിലയംകൂടിത്തകർന്നങ്ങനെ
ഹാ ഷിക്കാറികൾ, വെള്ളനായ്ക്കൾ കലിതുള്ളുമ്പോൾ വെയിൽച്ചൂടിലീ
ശോഷിക്കുന്നൊരു ബോധിവൃക്ഷശിഖരം വീണ്ടും തളിർത്തീടുമോ?

വായിക്കാം: 

എനിക്ക് ഒരു സ്വപ്നമുണ്ട്...

വരുമോ തോക്കുകൾ സംസാരിക്കാത്ത ഒരു കാലം' മാർട്ടിൻ ലൂഥർ കിങിന്റെ കൊച്ചുമകളുടെ പ്രസംഗം

Martin Luther King Jr.'s birthplace becomes US national historical park...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com