ADVERTISEMENT

കോട്ടയം ∙ പെരിയ ഇരട്ടക്കൊലയുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത് കേസ് അട്ടിമറിക്കാനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേസ് അട്ടിമറിക്കുന്നതിൽ പ്രാഗൽഭ്യം നേടിയ, സർക്കാർ കുനിയാൻ പറയുമ്പോൾ ഇഴയാം സാർ എന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് അന്വേഷണം ഏൽപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇങ്ങനെ പോയാൽ കേസ് തെളിയില്ലെന്നും അതിനാലാണ് കേന്ദ്ര ഏജൻസിയെ അന്വേഷണം എൽപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും മനോരമ ഓൺലൈൻ അഭിമുഖ പരിപാടിയായ മറുപുറത്തിൽ പങ്കെടുത്ത് അദ്ദേഹം വിശദീകരിച്ചു. അഭിമുഖത്തിൽ നിന്ന്...

mullappally

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ്സിന്റെ പ്രധാന പ്രചാരണ ആയുധം എന്തായിരിക്കും ?

ഞങ്ങളുടെ ജനമഹായാത്ര കാസർകോടു നിന്നു പുറപ്പെടുമ്പോൾ തന്നെ ഇതുസംബന്ധിച്ചുള്ള ഒരു അജൻഡ തയാറാക്കിയിരുന്നു. ഈ യാത്ര കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളും സന്ദർശിച്ചാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. ജനങ്ങളുമായി സംവദിക്കാനും തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഉന്നയിക്കുന്ന പ്രധാന കാര്യങ്ങൾ അവരുടെ മനസ്സാക്ഷിക്കു മുമ്പിൽ കൊണ്ടുവരാനുമാണ് ഇതുകൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നതു തന്നെ. ഞങ്ങൾ ഇന്ത്യയെ കണ്ടെത്തി ഞങ്ങൾ ഇന്ത്യയെ വീണ്ടെടുക്കുമെന്ന മുദ്രാവാക്യമാണ് പ്രധാനമായിട്ടും ഞ‌ങ്ങൾ ഉന്നയിക്കുന്നത്. അതിൽ എല്ലാം അടങ്ങിയിരിക്കുന്നു. അർഥപൂർണമായ ഒരു ആശയമാണ് ജനങ്ങളുടെ മുമ്പാകെ ഞങ്ങൾ വയ്ക്കുന്നത്. ഇന്ത്യാ രാജ്യത്ത് ഇന്ന് കാണുന്ന എല്ലാ പുരോഗതിയും എല്ലാ വളർച്ചയും കോൺഗ്രസ് ഉണ്ടാക്കിയതാണ്. കോൺഗ്രസ് നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് വൈദേശിക മേധാവിത്വത്തെ മുട്ടുകുത്തിച്ച് ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചത്. അപ്പോൾ ഞങ്ങളാണ് ഇന്ത്യയെ കണ്ടെത്തിയത്. അതു കൊണ്ടു തന്നെ ആ ഇന്ത്യയെ വീണ്ടെടുക്കുക എന്ന ഉത്തരവാദിത്തം ഞങ്ങൾക്കു തന്നെയാണ് എന്ന് രാഷ്ട്രം വിശ്വസിക്കുന്നു. ഇന്ത്യയിലെ കോടിക്കണക്കായ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും നോക്കി കാണുന്നത്. ഇന്നത്തെ ദുരന്തപൂര്‍ണമായ അവസ്ഥയിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കോൺഗ്രസിനല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും സാധിക്കില്ലെന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായിട്ടുണ്ട്. ഇന്ത്യൻ ജനത കോൺഗ്രസ് നേതൃത്വത്തിൽ ഒരു മതേതര ജനാധിപത്യ ഗവൺമെന്റ് വീണ്ടും അധികാരത്തിൽ വരാൻ കാത്തിരിക്കുന്ന ഒരു സന്ദർഭമാണിത്.

കേരളത്തിൽ കോൺഗ്രസിന്റെ പ്രധാന എതിരാളി എൽഡിഎഫ് ആണ്. പിണറായി സർക്കാരിനെക്കുറിച്ചുള്ള വിമർശനങ്ങൾ ഇവിടെ നിങ്ങൾ പ്രചാരണ ആയുധമാക്കുമോ ?

സിപിഎമ്മിന്റേത് ഉന്മൂലന സിദ്ധാന്തമാണ്. അതാണ് അവർ രാഷ്ട്രീയത്തിൽ എടുക്കുന്ന നിലപാട്. അവരുടെ ഭരണമാകട്ടെ തികഞ്ഞ പരാജയമാണ്. നരേന്ദ്ര മോദി എങ്ങനെയാണോ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് പരാജിതനായത്. അതുപോലെ തന്നെ ആയിരം ദിവസങ്ങൾ പൂർത്തിയാക്കുന്ന സന്ദർഭത്തിൽ നമ്മുടെ നാട് ഭരിച്ച മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അദ്ദേഹം കേരളം കണ്ട ഏറ്റവും ദുർബലനായ, കഴിവുകെട്ട, ഭരണരംഗത്തെ പിടിപ്പുകേടിന് മാത്രം ഖ്യാതി നേടിയ മുഖ്യമന്ത്രിയായിട്ട് ചുരുങ്ങിയിരിക്കുന്നു. കാര്യനിർവഹണം അദ്ദേഹത്തിന് അറിയില്ല. അതുപോലെ ഉദ്യോഗസ്ഥന്മാരെ വിശ്വാസത്തിലെടുത്ത് കൊണ്ടുപോകാൻ അദ്ദേഹത്തിന് അറിയില്ല. ധാര്‍ഷ്ട്യവും ധിക്കാരവും മാത്രമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. അറിയാത്ത ഒരു ഇൻഫീരിയോരിറ്റി കോംപ്ലക്സിന്റെ തടവുകാരനാണ് അദ്ദേഹം. അതുകൊണ്ടാണ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നതും പത്രലേഖകന്മാരോട് കടക്കു പുറത്ത് എന്ന് പറയുന്നതും. എല്ലാവരോടും ക്ഷോഭിക്കുന്ന ഒരു മനുഷ്യനായിട്ടാണ് അദ്ദേഹത്തെ കാണേണ്ടത്. ഒരു ജനാധിപത്യ സമ്പ്രദായത്തിൽ ഒരു മുഖ്യമന്ത്രിയും ഭരണാധികാരിയും എങ്ങനെയാണ് പെരുമാറേണ്ടത് ? അവർ വിനയത്തോടെ പെരുമാറണം. ജനങ്ങളാണ് തന്റെ യജമാനൻ എന്ന് ഒരു ഭരണാധികാരിക്ക് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ ആ ഭരണാധിപതി ഏകഛത്രാധിപതി ആയിരിക്കും. അദ്ദേഹത്തെ ഒരു സ്റ്റാലിനിസ്റ്റായി മാത്രമേ കാണാൻ സാധിക്കൂ. അദ്ദേഹത്തിന് വിമർശനം ഇഷ്ടമല്ല. വിമർശിക്കുന്ന ആളുകളെ അദ്ദേഹം വൈരാഗ്യത്തോടെയാണ് നോക്കിക്കാണുന്നത്. ആയിരം ദിവസത്തെ ഈ സർ‌ക്കാരിന്റെ ബാക്കിപത്രം പരിശോധിച്ചാൽ ഞാൻ കൊടുക്കുന്ന മാർക്ക് ഞങ്ങളുടെ പാർട്ടി കൊടുക്കുന്ന മാർക്ക് പൂജ്യമാണ്. ഒന്നും വിജയിപ്പിക്കാൻ സാധിച്ചില്ല. ശബരിമലയിലെ പ്രശ്നത്തിൽ അദ്ദേഹം കേറിപ്പിടിച്ചു. ആ പ്രശ്നത്തിൽ അദ്ദേഹംഅപഹാസ്യനായി. അദ്ദേഹത്തിന്റെ നിലപാട് കേരള സമൂഹം അംഗീകരിക്കാത്ത രൂപത്തിൽ അദ്ദേഹം ഒറ്റപ്പെട്ടു.

mullappally-marupuram-interview

കാസർകോട് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലാണ് കേരളം ഇപ്പോഴും. പൊലീസ് പ്രധാന പ്രതികളെ കണ്ടെത്തിക്കഴിഞ്ഞു. അന്വേഷണത്തിൽ കോൺഗ്രസ് തൃപ്തരാണോ ?

ആരംഭത്തിൽ തന്നെ ഈ അന്വേഷണത്തിൽ ഞങ്ങൾക്ക് യാതൊരു സംതൃപ്തിയുമില്ല. കാരണം ആ അന്വേഷണത്തിന്റെ ദിശ തിരിക്കാൻ വേണ്ടിയുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. നീതിബോധമുള്ള കുറേ പൊലീസ് ഉദ്യോഗസ്ഥൻമാർ കേരളത്തിൽ ഉണ്ട് എന്ന് നിങ്ങൾക്കറിയാം. നിർഭയമായി കാര്യങ്ങൾ നിർവ്വഹിക്കാൻ അവർക്ക് കഴിയുകയും ചെയ്യും. പക്ഷേ അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടോ എന്നാണ് ചോദിക്കാനുള്ളത്. അവർക്കാ സ്വാതന്ത്ര്യമില്ല അവർക്കാ ചുമതല കൊടുക്കാറുമില്ല. ഇപ്പോൾ തന്നെ പിടക്കപ്പെട്ടു എന്നു പറയുന്ന പ്രാദേശിക നേതാവ് ഈ കേസിൽ ഉണ്ടായിരിക്കട്ടെ ഉണ്ടാകാതിരിക്കട്ടെ അത് അന്വേഷണ ഉദ്യോഗസ്ഥൻമാർ തീരുമാനിക്കട്ടെ. പക്ഷേ അദ്ദേഹത്തിന്റെ മൊഴി തന്നെ പരസ്പര വിരുദ്ധമാണ്. ഇരകളുടെ കുടുംബത്തിലെ ആളുകൾ എല്ലാം തന്നെ ഈ കേസ് അട്ടിമറിക്കപ്പെടും എന്ന് ആശങ്കയുള്ളവരാണ്. ഇതിനൊക്കെ പുറമെ അറസ്റ്റചെയ്യപ്പെട്ടിരിക്കുന്ന പ്രാദേശിക നേതാവിന്റെ ഭാര്യയും അമ്മയും പാർട്ടിയുടെ അറിവും സമ്മതവുമില്ലാതെ അത്തരമൊരു കൊലപാതകം നടക്കില്ല എന്നാണ് പറയുന്നത്. പാർട്ടിയുടെ സമ്മതത്തോടു കൂടി ആസൂത്രിതമായി നടത്തിയ കൊലപാതമായിട്ടു മാത്രമേ ഈ കൊലപാതകത്തെ നോക്കിക്കാണാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് ആ കൊലപാതകത്തിന്റെ കാരണങ്ങളിലേക്ക് പോകുമ്പോൾ സംശയത്തിന്റെ സൂചിമുന തീർച്ചയായിട്ടും പാർട്ടിയുടെ ഉന്നത നേതൃത്വത്തിലേക്കാണ് ചെന്നെത്തുന്നത്. ഈ കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് വിട്ടു കൊടുക്കാൻ തീരുമാനിച്ചു. ഏതാണീ ക്രൈംബ്രാഞ്ച്? ആരാണീ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ? അത് നിങ്ങള്‍ അന്വേഷിക്കണം. ക്രൈംബ്രാഞ്ചിന്റെ ചുമതല ഐജി ശ്രീജിത്തിനാണ് കൊടുത്തിരിക്കുന്നത്. ആരാണ് ഐജി ശ്രീജിത്ത് ? നിങ്ങള്‍ക്കറിയാമല്ലോ? എല്ലാ കേസും അട്ടിമറിക്കുന്നതിൽ പ്രാഗൽഭ്യം നേടിയ, സർക്കാർ കുനിയാൻ പറയുമ്പോൾ ഇഴയാം സാർ എന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് അദ്ദേഹം പരക്കെ പൊലീസ് സർക്കിളിൽ അറിയപ്പെടുന്നത്. ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ടുകൊണ്ട് നടന്ന യുവതീ പ്രവേശനം എന്ന നാടകത്തിലെ മുഖ്യ നടനായിരുന്നു അദ്ദേഹം. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം അന്വേഷിക്കാൻ ഇദ്ദേഹത്തെയാണ് ഏൽപ്പിച്ചത്. എവിടെയെത്തി അന്വേഷണം? ഈ സർക്കാരിന്റെ വിനീതവിധേയനായ ഒരു ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. അദ്ദേഹത്തെ വച്ചുകൊണ്ട് കേസ് അന്വേഷിച്ചാൽ കേസിന് തുമ്പുണ്ടാവുകയില്ല. ഈ കേസ് അട്ടിമറിക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ വച്ചത്. അതുകൊണ്ടാണ് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ പറയുന്നത്. അല്ലാതെ ഈ കേസ് തെളിയില്ല. മറ്റുള്ള കേസുകളെപ്പോലെ ഇതും വിസ്മൃതിയിലേക്ക് തള്ളപ്പെടും സംശയമില്ല.

abhimanyu-murder
അഭിമന്യു.

കേരളത്തിൽ ഇതിനു മുമ്പ് നടന്ന രാഷ്ട്രീയ കൊലപാതകം എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റേതാണ്. കണക്കുകളിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാമെങ്കിലും പൊതുവിൽ നോക്കിയാൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇതിലൊക്കെ തുല്യ പങ്കല്ലേ ഉള്ളത് ?

അഭിമന്യുവിന്റെ വധം കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതകം ആണ്. ക്യാംപസ് രാഷ്ട്രീയത്തിന്റെ ഇരയാണ് ആ കുട്ടി. ആരാണ് ക്യാംപസ് രാഷ്ട്രീയം ഇന്നത്തെ അവസ്ഥയിലെത്തിച്ചത്? കേരള യൂണിവേഴ്സിറ്റിയുടെ ചാൻസലർ ഞാൻ പങ്കെടുത്ത ഒരു സിംപോസിയത്തിൽ വച്ച് പറയുകയുണ്ടായി, കേരള യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റൽ ഒരു ആയുധപ്പുരയാണെന്ന്. എസ്എഫ്ഐക്കാരുടെ ആയുധം സൂക്ഷിക്കുന്ന ഒരു ആയുധപ്പുരയായി അവിടം മാറിയെന്ന്. മിക്ക കോളജുകളിലെയും പ്രിൻസിപ്പലുമാരുടെ അഭിപ്രായം ഇതാണ്. ക്യാംപസിലെ രാഷ്ട്രീയത്തെ ആയുധവല്‍ക്കരിച്ചത് സിപിഎമ്മും എസ്എഫ്ഐ യും ആണ്. ക്യാംപസിൽ ഒരു കുഞ്ഞിന്റെയും രക്തം വീഴാൻ ആഗ്രഹിക്കാത്തൊരാളാണ് ഞാൻ. ഞാൻ പഴയൊരു വിദ്യാർഥി നേതാവായിരുന്നു. കേരളത്തിലെ ക്യാംപസിനെ അധഃപതിപ്പിച്ചത് സിപിഎം ആണ്. ആ കാലത്തൊന്നും ക്യാംപസ് ഇങ്ങനെയായിരുന്നില്ല. അഭിമന്യുവിന്റെ വധത്തെപ്പോലും സിപിഎം രാഷ്ട്രീയവൽക്കരിച്ചു. അതിന്റെ പേരിൽ പിരിച്ചത് 4 കോടിയും വീട്ടിൽ കൊടുത്തത് വെറും 35 ലക്ഷവുമാണ്. ഒരു രാഷ്ട്രീയവധം പോലും പാർട്ടിക്ക് ഫണ്ട് സമാഹരിക്കാനുള്ള അവസരമായി കണ്ട പാർട്ടി തരം താഴ്ന്നിരിക്കുന്നു.

mullappally-ramachadran

ഇരട്ടക്കൊലപാതകത്തിലേക്ക് വന്നാൽ ആ കുട്ടികൾ തീർത്തും നിരപാധികളാണ്. കോളജിൽ കുട്ടികൾ തമ്മിലുണ്ടായ ചെറിയൊരു വഴക്ക് അവിടെ പ്രാദേശികമായി തീർക്കാവുന്നതായിരുന്നു. അതാണ് കൊലയിൽ അവസാനിച്ചത്. അവരുടെ വീട്ടിൽ ചെന്ന ഹൃദയമുള്ള ആർക്കും കരയാതെ മടങ്ങാൻ പറ്റില്ല. ഞാൻ മാത്രമല്ല അവിടെയുണ്ടായിരുന്ന പലരും കരഞ്ഞു. അക്രമം ഒന്നിനും പരിഹാരമല്ല. എന്റെ പാർട്ടിയിലെ തന്നെ ക്രിമിനൽ സ്വഭാവമുള്ള നേതാക്കന്മാര്‍ക്കെതിരെ അതിശക്തമായി പാർട്ടിക്കുള്ളിൽ പോരാടുന്നൊരാളാണ് ഞാൻ. കഴിഞ്ഞു പോയ കാലത്തെ കണക്കൊന്നും ഇപ്പോൾ ഞാൻ നോക്കുന്നില്ല. പ്രത്യാക്രമണത്തിലല്ല പ്രതിരോധത്തിൽ ഞങ്ങൾക്കും ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ സമീപകാലത്ത് അങ്ങനെയൊരു സംഭവം കോൺഗ്രസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അക്രമം ദുർബലന്റെ ആയുധമാണ്. ആശയമാണ് ധീരന്റെ ആയുധം. എനിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് പറയാനുള്ളത് ഇത് നിങ്ങളെ എവിടെയും എത്തിക്കില്ല. ലോകത്തിന്റെ ചരിത്രം അതാണ്. ഹിറ്റ്ലർ, മുസ്സോളിനി, സ്റ്റാലിൻ ഇവരൊക്കെ ആയുധത്തിന്റെ മാർഗ്ഗത്തിലൂടെ പോയവരാണ്. ചരിത്രം അവർക്ക് കല്‍പ്പിച്ച് നൽകിയത് ചവറ്റുകുട്ടയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും കാത്തിരിക്കുന്നത് ഇതാണ്.

മനുഷ്യസ്നേഹമുള്ള പാർട്ടിയെന്നാണല്ലോ കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് പഠിപ്പിച്ചിരിക്കുന്നത്. കൊലപാതകം എന്നു കേട്ടിട്ടുണ്ട്, പക്ഷേ ഇങ്ങനെ ബീഭത്സമായ കൊലപാതകം ഉണ്ടോ? എന്റെ നാട്ടുകാരനായ ചന്ദ്രശേഖരന്റെ മുഖത്ത് അവർ വെട്ടിയത് 51 വെട്ടാണ്. 41 വെട്ടാണ് ഷുഹൈബിനെ വെട്ടിയത്. പ്രഫഷനൽ ഗുണ്ടകളെ വച്ചു കൊണ്ട് രാഷ്ട്രീയത്തെ നിയന്ത്രിക്കുക എന്നു പറഞ്ഞാൽ ഇതിലേറെ അധഃപതനം ഒരു പാർട്ടിക്ക് ഉണ്ടാകാനുണ്ടോ? ഒരു കൊലപാതകം നടക്കുമ്പോൾ പറയും പാർട്ടിക്ക് ഇതിൽ പങ്കില്ല എന്ന്. അന്വേഷണം നടക്കുമ്പോൾ പറയും പാർട്ടിക്ക് പങ്കുണ്ട് എന്ന് അപ്പോൾ ഞങ്ങൾ ഖേദിക്കുന്നു എന്നു പറയും. എന്ത് ഖേദം? അക്രമം ഞങ്ങളുടെ മാർഗമല്ല അക്രമികളെ ഞങ്ങൾ സംരക്ഷിക്കില്ല എന്നു പറയണം. ചന്ദ്രശേഖരന്റെ കേസിലെ പ്രതികളെ നിങ്ങൾ സംരക്ഷിക്കുകയല്ലേ? അവർ പരോളിന് വരുന്നു നിങ്ങൾ‌ സ്വീകരണം നൽകുന്നു അവർക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു. അപ്പോൾ പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്. മുഖ്യമന്ത്രിക്കിതിൽ വലിയ ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി പ്രധാന പ്രതിയായിരുന്നു അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നില്ല എങ്കിൽ പോലും. ആ കേസിന്റെ തുടക്കക്കാരൻ കൊടിയേരി ബാലകൃഷ്ണനാണ്. ഒരു ചെറിയ വഴക്കായിരുന്നു കാരണം. അതാണ് മൃഗീയമായ കൊലപാതകത്തിൽ കലാശിച്ചത്. അതുകൊണ്ട് പശ്ചാത്താപബോധത്തോടെ ഹൃദയമുണ്ടെങ്കിൽ ഈ കൊല അവസാനിപ്പിക്കണം. ഈ അരുംകൊല രാഷ്ട്രീയത്തിന് അന്ത്യം വരണം.

Mullappally Ramachandran

ശബരിമല വിഷയത്തിൽ നിയമപരമായി നോക്കിയാൽ‌ സർക്കാർ ചെയ്തതിൽ തെറ്റെന്നു പറയാവുന്ന ഒന്നുമില്ല. പക്ഷേ പിണറായി സർക്കാരിന് പിഴച്ചത് എവിടെയാണ്?

എല്ലാക്കാലത്തും ജുഡീഷ്യറിയെ ബഹുമാനിക്കുന്ന പാർട്ടിയാണ് എന്റേത്. പക്ഷേ അത് അന്തിമവിധിയാണെന്ന് കരുതാനും വയ്യ. സുപ്രീംകോടതി പല വിധിന്യായങ്ങളും പിന്നീട് തിരുത്തിയിട്ടുണ്ട്. കേരളത്തിൽ യുവതീപ്രവേശന പ്രശ്നത്തിൽ കൂടുതലും സ്ത്രീകളാണ് ക്ഷുഭിതരായത്. അവരാണ് പറഞ്ഞത് ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കപ്പെടാൻ പാടില്ല എന്ന്. ഇത്തരം ഒരു വിധി വന്നപ്പോൾ കേരളം അതിനെ വൈകാരികമായാണ് കണ്ടത്. കേരളത്തെപ്പോലെ ഒരു ബഹുസ്വരസമൂഹത്തിൽ വിശ്വാസികളുടെ വികാരത്തെ മാനിക്കേണ്ടതുണ്ട്.

അതുകൊണ്ട് കോൺഗ്രസെടുത്ത ഒരു പ്രഖ്യാപിത നയം അത് നെഹ്റുവിന്റെയും ഗാന്ധിയുടെയും നയമാണ്. അമ്പലത്തിലും പള്ളിയിലും ഗുരുദ്വാറിലും പോകാത്തയാളായിരുന്നു നെഹ്റു എങ്കിൽ പോലും ഏതെങ്കിലും ഒരു വിശ്വാസിക്ക് തന്റെ ആരാധനാലയത്തിൽ എന്തെങ്കിലും പ്രയാസം ഉണ്ടായാൽ അവന്റെ അവകാശം സംരക്ഷിക്കാൻ അവസാനം വരെ അവരോടൊപ്പം പോരാടും എന്നു പറഞ്ഞയാളാണ് അദ്ദേഹം. ഗാന്ധിജി പറഞ്ഞത് യുക്തിയും വിശ്വാസവും തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ ഞാൻ വിശ്വാസിയുടെ കൂടെ നിൽക്കുമെന്നാണ്. ആ നിലപാടാണ് ഞങ്ങൾ ഈ കാര്യത്തിൽ എടുത്തത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നു എന്നു പറയുന്നവർ സുപ്രീംകോടതി തന്നെ വിധിച്ച എത്രയോ വിധികൾ നടപ്പാക്കാതെ മാറ്റി വച്ചിരിക്കുന്നു.

സിപിഎം ഇവിടെ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയും ആര്‍എസ്എസും കൂടി ഇവിടം അയോധ്യയാക്കാൻ ശ്രമിക്കുന്നു. യോഗി ആദിത്യനാഥ് പത്തനംതിട്ടയിൽ പറ‍ഞ്ഞത് എന്താണ് ? ഞങ്ങൾ ഇവിടമൊരു അയോധ്യയാക്കിമാറ്റുമെന്ന്. ഇത് രാഷ്ട്രീയം തന്നെയാണ്, വിശ്വാസം മാത്രമല്ല എന്നാണ് ശ്രീധരൻ പിള്ള പറഞ്ഞത്. ഇവർ രണ്ടു പേരും കേരളത്തിലെ ഹിന്ദുമത വിശ്വാസികളെ വഞ്ചിച്ചു. ഞങ്ങൾ എപ്പോഴും വിശ്വാസികളുടെ കൂടെയാണ്. ഇപ്പോഴും ആ നിലപാടിൽ ഉറച്ചു നിൽക്കുന്നു. മാധ്യമങ്ങളെടുത്ത സർവ്വേയിൽ പോലും ഞങ്ങളുടെ എടുത്ത നിലപാടാണ് കേരള പൊതുസമൂഹം അംഗീകരിച്ചിരിക്കുന്നത് എന്നാണ് തെളിഞ്ഞത്.

ശബരിമലയെ രാഷ്ട്രീയപരമായി കോൺഗ്രസ് ഒരിക്കലും ഉപയോഗിക്കില്ലേ ?

ഒരിക്കലുമല്ല. ശബരിമലയെ രാഷ്ട്രീയവൽക്കരിക്കുക എന്നത് കോൺഗ്രസിന്റെ ലക്ഷ്യമേയല്ല. ശബരിമലയെ വോട്ടാക്കി മാറ്റാൻ മറ്റു പാർട്ടികൾ ശ്രമിക്കുന്നതു പോലെ കോൺഗ്രസ് ഒരിക്കലും ചെയ്യില്ല.

പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളിയാൽ കോൺഗ്രസ് എന്തു നിലപാട് എടുക്കും ?

അങ്ങനെയൊരു വിധി വരുമ്പോൾ പറയാം. അപ്പോൾ ഞങ്ങളുടെ നിലപാട് വിശദീകരിക്കാം.

എല്ലാ തിരഞ്ഞെടുപ്പിലും കേൾക്കുന്ന പരാതിയാണ് കോൺഗ്രസ് യുവാക്കൾക്കും സ്ത്രീകൾക്കും ജയസാധ്യതയുള്ള സീറ്റുകൾ കൊടുത്തില്ല എന്നത്. ഇത്തവണയെങ്കിലും അതിനൊരു മാറ്റമുണ്ടാകുമോ ?

യുവാക്കൾക്കും മഹിളകൾക്കും കോൺഗ്രസ് കൊടുത്ത പോലൊരു പ്രാതിനിധ്യം മറ്റൊരു പ്രസ്ഥാനവും കൊടുത്തിട്ടില്ല. ഞാൻ യുവാവായിട്ടാണ് ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്ത് വന്നത്. ഞാൻ കോഴിക്കോട്ടുകാരനാണ് പക്ഷേ പാർട്ടി പറഞ്ഞത് കണ്ണൂരിൽ നിൽക്കാനാണ്. ഞാൻ കണ്ണൂരിൽ തുടർച്ചയായി അഞ്ച് തവണയാണ് വിജയിച്ചത്. മഹിളകൾക്ക് ഇതുപോലെ അംഗീകാരം കൊടുത്ത വേറെയൊരു പാർട്ടിയുണ്ടോ. ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയുമൊക്കെ ഉദാഹരണങ്ങളല്ലേ. രാഷ്ട്രപതി പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാർ, സ്പീക്കർ, ഗവർണർ മന്ത്രിമാർ ഏതെല്ലാം പദവികൾ ഞങ്ങൾ സ്ത്രീകൾക്കു കൊടുത്തു. അവർക്ക് മാന്യമായ പദവി കൊടുത്തത് ഞങ്ങളുടെ പാർട്ടിയാണ്. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ സമീപനം രാഹുൽഗാന്ധി വ്യക്തമാക്കിയിട്ടുണ്ട് നമുക്ക് ഓരോ സീറ്റും പ്രധാനമാണ് . 20 നിയോജക മണ്ഡലങ്ങളും പ്രധാനപ്പെട്ടതാണ്. അതിനനുസരിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. അതിൽ ഓരോ നിയോജക മണ്ഡലത്തിലും ആർക്കാണോ അർഹത അവരായിരിക്കും സ്ഥാനാർഥികൾ. അർഹത മാത്രമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ മുഖ്യപരിഗണന. അതിനർത്ഥം യുവാക്കൾക്ക് പ്രാതിനിധ്യം കൊടുക്കില്ല എന്നല്ല. അർഹതയാണ് അംഗീകാരം.

സീറ്റ് വിഭജനത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന മാനദണ്ഡം എന്തായിരിക്കും ? ഘടകക്ഷികളെയും ഗ്രൂപ്പുകളെയുമൊക്കെ എങ്ങനെയാണ് തൃപ്തിപ്പെടുത്തുക ?

ഗ്രൂപ്പ് സമവാക്യം എന്നത് ഞാൻ നിഷേധിക്കുന്നില്ല. ഞാൻ കെപിസിസി യുടെ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ ഞാൻ എല്ലാ നേതാക്കന്മാരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ഒരു തരത്തിലുള്ള അസ്വാരസ്യവും ഇല്ലാതെ ഞങ്ങളുടെ പാർട്ടിക്കുള്ളിലെ സ്ഥാനാർത്ഥി നിർണയം നടത്താൻ സാധിക്കും. ഘടകകക്ഷികളുടെ കാര്യത്തിലും അങ്ങനെ തന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എ.കെ ആന്റണിയുടെ മകനെ ഐടി സെൽ ചുമതലക്കാരനാക്കിയതിനെ യൂത്ത് കോൺഗ്രസ്സും കെഎസ്‌യുവും വിമർശിച്ചു. മക്കൾ രാഷ്ട്രീയം ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ ?

ഈ പറയുന്ന ഐടി വിഭാഗത്തിന്റെ ചുമതല ഞാൻ ശശി തരൂരിനാണ് കൊടുത്തത്. അദ്ദേഹത്തിന് ആ ചുമതല കൊടുത്തത് തന്നെ ആ വിഭാഗത്തിന്റെ പ്രാധാന്യം വളരെയേറെ വർധിച്ചു എന്നു മനസ്സിലാക്കിയതുകൊണ്ടാണ്. അദ്ദേഹത്തിനോട് ഞാൻ പറഞ്ഞത് ഏറ്റവും മികച്ച ഒരു ടീം നമുക്ക് വേണമെന്നാണ്. അദ്ദേഹമാണ് ആ പേര് സജസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ മകൻ വളരെ ബ്രില്ല്യന്റായിട്ടുള്ള കുട്ടിയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആ കുട്ടിയുടെ പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. ദയവു ചെയ്ത് ബഹുമാന്യനായ ഒരു നേതാവിന്റെ പേര് ഇതിലേക്ക് വലിച്ചിഴ‌യ്ക്കരുത് അദ്ദേഹം ഇത് അറിഞ്ഞിട്ടുപോലുമില്ല. മക്കൾ രാഷ്ട്രീയം കേരളത്തിൽ നടപ്പാകും എന്ന് നിങ്ങൾ കരുതുന്നുണ്ടോ ? കേരള രാഷ്ട്രീയത്തിൽ അതു നടക്കുമെന്ന് ആരും വിശ്വസിക്കില്ല. കഴിവില്ലാത്തവൻ ഇവിടെ വളരില്ല. കഴിവുള്ളവൻ മാത്രമേ ഇവിടെ നിലനിൽക്കുകയുള്ളൂ. ‌അല്ലാത്തവരെ ഈ സമൂഹം സ്വീകരിക്കില്ല. അടിച്ചേൽപ്പിച്ചാൽ അതേറ്റുവാങ്ങുന്ന സമൂഹമല്ല കേരള സമൂഹം.

കേന്ദ്രത്തിൽ ഇത്തവണ യുപിഎ അധികാരത്തിൽ വരാനുള്ള സാധ്യതകൾ എത്രത്തോളമാണ് ?

ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്. മോദി അധികാരത്തിൽ വന്നാൽ ഈ രാജ്യത്തിന്റെ ജനാധിപത്യ മതേതരത്വത്തിന്റെ അന്ത്യമായിരിക്കും എന്നു വിശ്വസിക്കുന്നൊരാളാണ് ഞാൻ. അതുകൊണ്ട് എല്ലാക്കാലത്തും അങ്ങനെയായിരിക്കുമെന്ന് ധരിക്കരുത്. ഒരു രണ്ടാം സ്വാതന്ത്ര്യസമരം എന്നൊക്കെ പറയുന്ന രീതിയിൽ വലിയ പോരാട്ടത്തിൽ കൂടിയെ മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സാധിക്കൂ. അദ്ദേഹം തികഞ്ഞ ലക്ഷ്യബോധത്തോടെയാണ് വരുന്നത്. ഈ രാഷ്ട്രത്തിന്റെ വളർച്ചയും പുരോഗതിയുമല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. പരമമായിട്ട് ഇന്ത്യയെ ഒരു ഹൈന്ദവ രാഷ്ട്രമാക്കി മാറ്റിയെടുക്കുക എന്ന ഹിന്ദുമഹാസഭയുടെ ലക്ഷ്യമാണ് മോദിയുടേത്. സംഘപരിവാറിന്റെ മനസ്സാണ് അദ്ദേഹത്തിനുള്ളത്. യുപിഎ തന്നെ ഇത്തവണ കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നാണ് ഞാൻ കരുതുന്നത്.

കേരളത്തിലെ യുഡിഎഫിന്റെ പ്രതീക്ഷകൾ എത്രത്തോളമാണ് ?

ഇരുപതു സീറ്റിലും ഞങ്ങൾ പ്രതീക്ഷയിലാണ്. ‍ഞാൻ ഭംഗിവാക്ക് പറഞ്ഞതല്ല. എല്ലാ പഴുതുകളുമടച്ച് ഞങ്ങൾ മുന്നോട്ടു പോയാൽ ഐക്യജനാധിപത്യ മുന്നണി കെട്ടുറപ്പോടും ഐക്യത്തോടു കൂടി പോയാൽ ആത്മവിശ്വാസത്തോടെ തന്നെ ഞാൻ പറയും തീർച്ചയായും ഈ തിരഞ്ഞെടുപ്പിൽ 20–20 ഞങ്ങൾ നേടിയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com