ADVERTISEMENT

കൊച്ചി ∙ എൽഡിഎഫിന് അവസാന നിമിഷം വരെ സ്ഥാനാർഥിയെ നിർണയിക്കാൻ സാധിക്കാത്ത ചരിത്രമുള്ള മണ്ഡലമാണ് എറണാകുളം. സ്ഥാനാർഥി പ്രചാരണം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി മറ്റൊരാൾ സ്ഥാനാർഥിയായ ചരിത്രവും ഇവിടെ എൽഡിഎഫിനു മാത്രം സ്വന്തമാണ്. അതുകൊണ്ടുതന്നെ ഇത്തവണ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ എറണാകുളത്ത് ആര് ഇടതു സ്ഥാനാർഥിയാകും എന്ന ചർച്ച എല്ലാ കോണിൽ നിന്നും ഉയർന്നു കേൾക്കുന്നുണ്ട്.

തിരഞ്ഞെടുപ്പു പ്രഖ്യാപനം വരും മുമ്പേ പലരെയും പരിഗണിക്കുന്നതായി വാർത്തകൾ വന്നു കഴിഞ്ഞു. അതിൽ സൂപ്പർ താരം മഞ്ജു വാരിയർ മുതൽ ചാലക്കുടിയുടെ സിറ്റിങ് എംപി ഇന്നസന്റ് വരെ ഉൾപ്പെടും. സമവാക്യങ്ങൾ കൃത്യമാകുന്ന എറണാകുളത്തിന് പരിചയമുള്ള ഒരു സ്ഥാനാർഥി എത്തിയാൽ ഇത്തവണയെങ്കിലും എറണാകുളം പിടിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്.

ഇതിനു മുമ്പ് 1951 മുതൽ 2014 വരെ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളടക്കം 18 തിരഞ്ഞെടുപ്പുകളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് എറണാകുളത്ത് ഇടതുപക്ഷത്തിന് വിജയിക്കാനായത്. അതിൽ നാലും സ്വതന്ത്ര സ്ഥാനാർഥികളായിരുന്നെങ്കിൽ ഒരേയൊരു തവണ 1967ൽ, സിറ്റിങ് എംപിയായിരുന്ന എം.എം.തോമസിനെ തോൽപിച്ച് സിപിഎമ്മിന്റെ വി.വിശ്വനാഥ മേനോൻ സഭയിലെത്തി. 1996ൽ സേവ്യർ അറയ്ക്കൽ അതിനു മുമ്പ് മൂന്നു പ്രാവശ്യം വിജയിച്ച കെ.വി.തോമസിനെ വീഴ്ത്തിയാണു വിജയം നേടിയത്.

2004ൽ സെബാസ്റ്റ്യൻ പോളാണ് കോൺഗ്രസിന്റെ എഡ്വേർഡ് ഏഴേടത്തിനെ തോൽപിച്ച് എറണാകുളം പിടിച്ചത്. പിന്നെ 2009ൽ പാർട്ടി ചിഹ്നത്തിൽ മൽസരിക്കാനെത്തിയ സിന്ധുജോയ് കെ.വി.തോമസിനോടു തോറ്റത് പതിനായിരത്തിൽ താഴെ മാത്രം വോട്ടുകൾക്കാണ്. ഇതു തന്നെയാണ് ഇപ്പോഴും എറണാകുളത്ത് സിപിഎമ്മിനു പ്രതീക്ഷ നൽകുന്ന ഒരു ഘടകം.

സേവ്യർ അറയ്ക്കൽ മരിച്ചപ്പോൾ 1997ലും 2003ൽ ജോർജ് ഈഡൻ മരിച്ചപ്പോഴും നടന്ന ഉപതിരഞ്ഞെടുപ്പുകളാണ് സെബാസ്റ്റ്യൻ പോളിനെ ലോക്സഭയിലേയ്ക്ക് എറണാകുളം പറഞ്ഞുവിട്ടത്. പിന്നെ നടന്ന പൊതു തിരഞ്ഞെടുപ്പിലും സെബാസ്റ്റ്യൻ പോൾ തന്നെ വിജയമാവർത്തിച്ചു.

kv-thomas
കെ.വി.തോമസ്

ഇത്തവണ ആര്?

ഇടതു പക്ഷത്തിന് മികച്ചൊരു സ്ഥാനാർഥിയെ അവതരിപ്പിക്കാനായാൽ നല്ലൊരു മൽസരം കാഴ്ചവയ്ക്കാൻ അവസരമുള്ള മണ്ഡലമാണ് എറണാകുളം. അതിന് അവസാന നിമിഷം നൂലിൽ കെട്ടിയിറക്കുന്ന സർപ്രൈസ് സ്ഥാനാർഥി മതിയാകില്ല എന്ന വിലയിരുത്തലാണുള്ളത്. സൂപ്പർസ്റ്റാറുകളെ ആരെയെങ്കിലും കളത്തിലിറക്കാനുള്ള ശ്രമം തുടക്കം മുതലേ ഉണ്ടെന്നാണ് പ്രചാരണം. ഒരു സ്വതന്ത്ര സ്ഥാനാർഥിയാണെങ്കിൽ അത് ആരായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അതേസമയം, പാർട്ടിചിഹ്നത്തിൽ ഒരു സ്ഥാനാർഥിയുണ്ടാകണം എന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം. അങ്ങനെയെങ്കിൽ പ്രവർത്തകർക്കിടയിൽ ഇപ്പോഴും പ്രതീക്ഷയുള്ള സ്ഥാനാർഥി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് ആണ്. മൽസരിക്കാൻ ഇറങ്ങിയാൽ എതിരാളിയായി കെ.വി.തോമസാണ് വരുന്നതെങ്കിലും വിജയ പ്രതീക്ഷയാണ് രാജീവിൽ പാർട്ടിക്കും പ്രവർത്തകർക്കും ഉള്ളത്.

ഇന്നസന്റ് വരുമോ?

സിനിമാ താരങ്ങൾക്ക് കേരള രാഷ്ട്രീയത്തിൽ സ്ഥാനമില്ലെന്ന പതിവു ചിന്താഗതിയെ തകിടം മറിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ തവണ ചാലക്കുടിയിൽ ഇന്നസന്റ് സീറ്റ് പിടിച്ചത്. ഇത്തവണ മൽസരിക്കുന്നില്ലെന്ന് ആദ്യമൊക്കെ പറഞ്ഞെങ്കിലും പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കുമെന്ന് നിലപാട് വ്യക്തമാക്കിയതോടെ സിറ്റിങ് എംപി എന്ന നിലയിൽ ഇന്നസന്റിനു സീറ്റ് നൽകേണ്ട സാഹചര്യമുണ്ട് പാർട്ടിക്ക്. അങ്ങനെയെങ്കിൽ എറണാകുളത്തേക്ക് ഇന്നസന്റിനെ കൊണ്ടുവന്നാൽ ഗുണമാകുമോ എന്ന ആലോചനയും പാർട്ടിയിലുണ്ടത്രേ; പ്രത്യേകിച്ചും ഒരു മികച്ച സ്ഥാനാർഥിയെ ഇവിടെ പാർട്ടിക്കു കണ്ടെത്താൻ സാധിക്കാതെ വന്നാൽ.

എന്നാൽ വീണ്ടും മൽസരിച്ചാൽ തോൽക്കും എന്ന ഭീതികൊണ്ടാണ് എറണാകുളത്തേക്കു മാറ്റി മൽസരിപ്പിക്കുന്നതെന്ന ആരോപണവും ഉണ്ടായേക്കാം. എറണാകുളത്ത് കെ.വി.തോമസിനോട് ഏറ്റുമുട്ടേണ്ടുന്ന സാഹചര്യമുണ്ടായാൽ എന്തു സംഭവിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണെന്നു മാത്രം. രാജീവ് കഴിഞ്ഞാൽ എറണാകുളത്ത് പാർട്ടിക്കു പരിഗണിക്കാവുന്ന മികച്ച സ്ഥാനാർഥിയായാണ് ഇന്നസന്റിനെ നേതാക്കൾ പരിഗണിക്കുന്നത്.

എസ്.ശർമയ്ക്കും സാധ്യത?

എറണാകുളത്ത് ലത്തീൻ സമവാക്യങ്ങൾ നിലനിൽക്കുമ്പോഴും യാതൊരു ഭീതിയുമില്ലാതെ ഇടതുപക്ഷത്തിനു സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്താവുന്ന പേരാണ് വൈപ്പിൻ എംഎൽഎ എസ്.ശർമയുടേത് എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സിറ്റിങ് എംപി കെ.വി.തോമസ് മൽസരിക്കാൻ എത്തിയാലും ലത്തീൻ വോട്ടുകളെ ചോർത്തി പാളയത്തിലെത്തിക്കാൻ സാധിക്കുന്ന സ്ഥാനാർഥിയായിരിക്കും ശർമയെന്നാണ് വിലയിരുത്തൽ.

മന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും തീരമേഖലയ്ക്കു വേണ്ടി എസ്.ശർമ ചെയ്തിട്ടുള്ളതെല്ലാം ലത്തീൻ വിശ്വാസികൾക്ക് അത്ര പെട്ടെന്ന് അവഗണിക്കാനാവില്ല. മാത്രമല്ല, സഭാ നേതൃത്വങ്ങളുമായും അടുത്ത ബന്ധമാണ്. വടക്കൻ പറവൂർ സ്വദേശിയായ ശർമയ്ക്ക് മറ്റ് ഹിന്ദുസമുദായങ്ങളുടെ പരിഗണനയും ലഭിക്കും. ശബരിമല വിഷയം പ്രതിസന്ധി സൃഷ്ടിച്ചാൽ അതുപോലും മറികടക്കാൻ ശർമയുടെ വ്യക്തിബന്ധങ്ങൾക്കു കഴിയുമെന്നാണു നിരീക്ഷണം.

താരങ്ങൾ മുതൽ റോൺ ബാസ്റ്റ്യൻ വരെ

എറണാകുളം മണ്ഡലത്തിൽ നടൻ മമ്മൂട്ടി തയാറാകുമെങ്കിൽ മൽസരിപ്പിക്കാൻ പാർട്ടിക്ക് എതിർപ്പുണ്ടാകില്ല. കൈരളിയുടെ ചെയർമാനെന്ന നിലയിൽ സിപിഎം മമ്മൂട്ടിയെ പരിഗണിക്കുന്നതിൽ അദ്ഭുതവുമില്ല. പക്ഷേ മമ്മൂട്ടി മൽസരത്തിനു തയാറല്ല എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. അതുപോലെ, തുടക്കം മുതൽ സ്ഥാനാർഥിപ്പട്ടികയിൽ ചർച്ച ചെയ്യപ്പെട്ടവരിൽ സംവിധായകൻ ആഷിക് അബു, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുമുണ്ട്.

എറണാകുളം മണ്ഡലത്തിലെ സാധ്യതകൾ പരിഗണിക്കുമ്പോൾ ഒഴിവാക്കാനാകാത്ത കാര്യമാണ് തീരദേശമേഖല. 30 ശതമാനത്തിലധികം ലത്തീൻ ഭൂരിപക്ഷമുള്ള എറണാകുളം മണ്ഡലത്തിൽ ഒരു ലത്തീൻകാരനെ പരിഗണിക്കാൻ ഏതു പാർട്ടിയും നിർബന്ധിതരായേക്കും. അതുകൊണ്ടുതന്നെ പാർട്ടി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പള്ളിയുടെ പേരു പരിഗണിക്കുന്നതിനുള്ള സാധ്യതയും തള്ളാനാവില്ല.

കോളജ് കാലത്ത് എസ്എഫ്ഐ നേതാവായിരുന്ന റോൺ ബാസ്റ്റ്യന്റെ പേരും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. നേരത്തെ മൂന്നു തവണ സ്വതന്ത്രനായി മൽസരിച്ച് ഇടതുപക്ഷത്തിന് എറണാകുളം നേടിക്കൊടുത്ത സെബാസ്റ്റ്യൻ പോളിന്റെ മകനാണ് റോൺ. ലത്തീൻ സഭാംഗവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com