ADVERTISEMENT

ന്യൂഡൽഹി ∙ ബാലാക്കോട്ട് ജയ്ഷെ മുഹമ്മദിന്റെ താവളത്തിൽ ഇന്ത്യൻ പോർവിമാനങ്ങൾ നടത്തിയ മിന്നലാക്രമണത്തിന്റെ ആവേശത്തിലാണു രാജ്യം. പുൽവാമയിൽ വീണ സൈനികരുടെ രക്തത്തിനു പാക്ക് മണ്ണിൽ കടന്ന് ഇന്ത്യ നടത്തിയ കനത്ത തിരിച്ചടി ചർച്ചകളിൽ നിറയുമ്പോൾ, 1971 ലെ ബംഗ്ലദേശ് യുദ്ധകാലത്തു നാല് ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാർ പാക്കിസ്ഥാനിലെ മുറിദ് വ്യോമതാവളത്തിനുനേരേ നടത്തിയ ധീരമായ ആക്രമണവും ഓർമയിലെത്തുന്നു.

1971 ഡിസംബർ എട്ടിനായിരുന്നു അത്. സ്ക്വാഡ്രൻ ലീഡർ ആർ.എൻ.ഭരദ്വാജ്, ഫ്ലയിങ് ഓഫിസർ വി.കെ.ഹെബ്ലെ, ഫ്ലയിങ് ഓഫിസർ ബി.സി.കരമ്പായ, ഫ്ലൈറ്റ് ലഫ്റ്റനന്റ് എ.എൽ.ഡിയോസ്കർ എന്നിവരായിരുന്നു ദൗത്യത്തിൽ. പാക്കിസ്ഥാനിൽ അതിർത്തിയിൽനിന്ന് 120 കിലോമീറ്റർ ഉള്ളിലാണ് മുറിദ് വ്യോമതാവളം. അവിെടയുള്ള പാക്ക് യുദ്ധവിമാനങ്ങളായിരുന്നു ലക്ഷ്യം.

ആക്രമണത്തെപ്പറ്റി ബി.സി.കരമ്പായ ഓർമിക്കുന്നു: ‘ഫോർ എയർക്രാഫ്റ്റ് ഫോർമേഷനിലായിരുന്നു ഞങ്ങളുെട നീക്കം. ഒന്നും രണ്ടും വിമാനങ്ങൾ ഷെഡ്യൂളിനു മുൻപേ ആക്രമണം നടത്തി. മൂന്നും നാലും വിമാനങ്ങളോട് ആക്രമണം നിർദേശിച്ച സമയത്തിൽനിന്ന് ഒന്നര മിനിറ്റ് വൈകിപ്പിക്കാൻ ആവശ്യപ്പെട്ടു. താഴെനിന്നു വിമാനവേധ തോക്കുകൾ പ്രത്യാക്രമണം തുടങ്ങിയിരിക്കുന്നു. ചുറ്റും അവയുടെ വെടിയൊച്ച മുഴങ്ങുന്നുണ്ട്. ചുറ്റും ഇരുട്ടാണ്.

താഴെ ഒരു ബ്ലാസ്റ്റ് പെന്നിൽ ഒരു മിഗ് 19 വിമാനം ഞാൻ കണ്ടു. സത്യത്തിൽ അതൊരു ചൈനീസ് എഫ് 6 ആയിരുന്നു. (ശത്രുവിന്റെ ആക്രമണമുണ്ടായാൽ വിമാനങ്ങളെ സംരക്ഷിക്കാനുള്ള സംവിധാനമാണ് ബ്ലാസ്റ്റ് പെൻ). ഞാൻ അതിനു നേരേ നിറയൊഴിച്ചു. ഒരു ഇന്ധന ടാങ്കറിനു തീ പിടിച്ചു. തുരുതുരെ നിറയൊഴിച്ചുകൊണ്ടിരുന്നു. ഏതാണ്ട് മുന്നൂറടി ഉയരത്തിലായിരുന്നു ഞാൻ. പെട്ടെന്ന് വിമാനം വല്ലാതെ കുലുങ്ങാൻ തുടങ്ങി. വിമാനവേധ തോക്കുകളിൽനിന്നു വെടിയേറ്റെന്ന് എനിക്കു മനസ്സിലായി.

‘ഞാൻ ഇജക്ട് ചെയ്യുകയാണ്’- റേഡിയോ സന്ദേശം കൊടുത്തശേഷം ഇജക്ടിങ് ഹാൻഡിലിലേക്ക് കൈ നീങ്ങി. പെട്ടെന്ന് എനിക്കു തോന്നി, ഒരു യുദ്ധത്തടവുകാരനാകാൻ എനിക്കു മനസ്സില്ല. ഞാൻ താഴ്ന്നു പറക്കാൻ തുടങ്ങി. എനിക്കു കാണാം, ചിറകിന്റെ ഒരു ഭാഗവും ഇന്ധനടാങ്കും കത്തിത്തകർന്നുപോയിരിക്കുന്നു. വിമാനം വല്ലാതെ വിറച്ചുകുലുങ്ങുന്നുണ്ട്. പക്ഷേ പറന്നേ മതിയാവൂ. ഞാൻ ഉയരം ക്രമീകരിച്ച് ഒരുവിധം പറന്ന് സിന്ധുവും സത്‌ലജും കടന്ന് ഇന്ത്യൻ മേഖലയിലെത്തി.’

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഫൻസീവ് കൗണ്ടർ എയർ ഓപ്പറേഷനാണു കരമ്പായയും സംഘവും നടത്തിയത്. മുറിദ് വ്യോമതാവളത്തിലെ അഞ്ചു പാക്ക് പോർവിമാനങ്ങളാണ് അന്നു തകർന്നത്. വീരചക്ര നേടിയ കരമ്പായ വിങ് കമാൻഡറായാണു വിരമിച്ചത്.

English Summary: 50 Years Ago, 4 Young IAF Pilots Hit Pakistan Airbase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com