ADVERTISEMENT

ന്യൂഡൽഹി∙ നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ബാലാക്കോട്ടിൽ ആക്രമണം നടത്തി ഇന്ത്യയുടെ മിറാഷ് 2000 പോർവിമാനങ്ങൾ തിരിച്ചെത്തിയത് മിനിറ്റുകള്‍ക്കകമെന്ന് റിപ്പോർട്ട്. ലേസർ ഗൈഡഡ് ബോംബുകളാണ് ജയ്ഷ് ഭീകരരുടെ താവളങ്ങൾ തകർക്കാൻ ഉപയോഗിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

എന്നാൽ ആക്രമണത്തിന്റെ രീതിയനുസരിച്ച് ഇസ്രയേൽ നിർമിത സ്പൈസ് ബോംബുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ചർച്ചകൾ ശക്തമാകുന്നത്. ലോകത്തെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണ് സ്പൈസ്. ഇന്ത്യ നാലു വർഷം മുൻപ് ഇതു സ്വന്തമാക്കിയിരുന്നു. 

‘ഫയർ ആൻഡ് ഫോർഗെറ്റ്’ എന്നാണ് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് തന്നെ. വിമാനത്തിൽനിന്നു വർഷിച്ചു കഴിഞ്ഞാൽ അതു ലക്ഷ്യസ്ഥാനത്തെത്തുമോ എന്നാലോചിച്ചു തലപുകയ്ക്കേണ്ട ആവശ്യമേയില്ല. അത്രയേറെ കൃത്യതയോടെ ലക്ഷ്യസ്ഥാനം തകർത്തിരിക്കും സ്പൈസ് ബോംബ്.

സ്മാർട്ട്, പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്പൈസ്’. പേരുപോലെത്തന്നെ സാറ്റലൈറ്റ് ഗൈഡൻസിന്റെ സഹായത്താൽ ലക്ഷ്യസ്ഥാനത്തെ കൃത്യമായി ‘ലോക്ക്’ ചെയ്താണ് ബോംബ് വന്നുവീഴുക. ഈ ബോംബുകളുടെ മെയിന്റനൻസിനും കാര്യമായ ചെലവു വരില്ല (ബോംബിന്റെ പ്രവർത്തനക്ഷമത അഞ്ചു വർഷത്തിലൊരിക്കൽ പരിശോധിച്ചാൽ മതിയാകും) 

ഒരൊറ്റ കേന്ദ്രത്തെ ലക്ഷ്യമാക്കി തുരുതുരാ ബോംബുകൾ വർഷിക്കുകയെന്നതാണു പഴയരീതി. ഏതെങ്കിലും ഒരെണ്ണം ലക്ഷ്യസ്ഥാനം കാണും. പ്രതിരോധ വകുപ്പിന് ഏറെ നഷ്ടമുണ്ടാക്കുന്നതാണ് ഈ രീതി. ഇതിനു പരിഹാരമായാണ് സ്പൈസ് കിറ്റിന് ഇസ്രയേൽ കമ്പനിയായ റഫായേൽ രൂപം നൽകിയത്.

ഇന്ത്യ ആക്രമണത്തിനുപയോഗിച്ചത് 1000 കിലോഗ്രാമിന്റെ ബോംബായിരുന്നെന്നാണു കരുതുന്നത്. എന്നാൽ ഇതില്‍ 600 കിലോ മാത്രമാണ് സ്ഫോടക വസ്തുക്കൾ. വന്നുവീഴുന്നയിടത്തെ ഓക്സിജൻ വലിച്ചെടുക്കുമെന്ന പ്രത്യേകതയും സ്പൈസിനുണ്ട്. അതോടെ ശ്വാസം വിലങ്ങിയാണ് ശത്രുക്കൾ കൊല്ലപ്പെടുക. 

Rafael Spice Bomb
സ്പൈസ് ബോംബ് (ചിത്രം: റഫായേൽ)

വിവിധ ഇന്റലിജൻസ് ഏജൻസികൾ നൽകിയതുൾപ്പെടെയുള്ള ചിത്രങ്ങൾ സ്പൈസ് കിറ്റിന്റെ മിഷൻ പ്ലാനിങ് സിസ്റ്റത്തിലേക്കു നേരിട്ടു നൽകുകയാണ് ആദ്യം ചെയ്യുക. കൂടാതെ ബോംബ് വർഷിക്കേണ്ട മേഖലയുടെ ഡിജിറ്റൽ ടെറെയ്ൻ മാപ്പും നൽകും.

തുടർന്ന് പ്ലാനിങ് സിസ്റ്റം ഒരു മിഷൻ ഫയൽ സൃഷ്ടിക്കും. ഒപ്പം റഫറൻസ് ചിത്രങ്ങളും. മിനുട്ടുകൾക്കകം  ഇതു നടക്കും. ഈ മിഷൻ ഫയൽ മെമ്മറി കാട്രിജിലേക്കു മാറ്റും. ഇവ സ്പൈസ് ബോംബുകളിലേക്കും. സർവസജ്ജമായ ഈ ബോംബുകളാണ് പോർവിമാനത്തിലേക്കെടുക്കുക.

Spice Bomb Israel
സ്പൈസ് ബോംബ് (ട്വിറ്റർ ചിത്രം)

അന്തരീക്ഷം മേഘാവൃതമാണെങ്കിലും മഞ്ഞുമൂടിയാലും ഇരുട്ടിലും കാലാവസ്ഥ മാറിയാലും കൃത്യമായി ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കാൻ സ്പൈസ് ബോംബിന് സാധിക്കുന്നത് ഈ മിഷൻ ഫയൽ കാരണമാണ്.

ലക്ഷ്യസ്ഥാനത്തിന്റെ ഭൂപ്രകൃതി സംബന്ധിച്ച കൃത്യമായ ചിത്രം നേരത്തേ തന്നെ ബോംബ് ‘മനസ്സിലാക്കി’ വച്ചിട്ടുണ്ടാകുമെന്നു ചുരുക്കം. പാക്കിസ്ഥാനിൽ പുലർച്ചെയാണ് മിറാഷ് പോർവിമാനങ്ങൾ തീ വർഷിച്ചതെന്നും ഓര്‍ക്കണം.

ഇനർഷ്യൽ നാവിഗേഷൻ, സാറ്റലൈറ്റ് ഗൈഡൻസ്, ഇലക്ട്രോ–ഒപ്റ്റിക്കൽ സെൻസർ എന്നിവയടങ്ങിയ സംവിധാനത്തിലൂടെ ലക്ഷ്യസ്ഥാനം കൃത്യമായി ഉറപ്പിക്കാനാകും. യഥാർഥ സ്ഥലവും നേരത്തേ ഫീഡ് ചെയ്ത പ്രദേശത്തിന്റെ ചിത്രങ്ങളും താരതമ്യം ചെയ്യാൻ അത്യാധുനിക ‘സീൻ മാച്ചിങ് അൽഗോരിതമാണ്’ സിസ്റ്റം ഉപയോഗിക്കുന്നത്. വലുപ്പക്കുറവു കാരണം റഡാറിനു പോലും പിടികൊടുക്കാതെയാണ് സ്പൈസ് ലക്ഷ്യസ്ഥാനത്തെത്തുക.

ലേസർ ഗൈഡഡ് ബോംബുകൾക്ക് 15 കി.മീ വരെയാണ് ദൂരപരിധി. മാത്രവുമല്ല ഇവ പാക്കിസ്ഥാന്റെ പോർവിമാനങ്ങൾക്ക് എളുപ്പത്തിൽ ഇന്ത്യൻ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്നതുമാണ്. പാക്ക് റഡാറുകളിലൊന്നും ഇന്ത്യൻ ആക്രമണത്തിന്റെ വിവരങ്ങൾ ലഭിച്ചിട്ടില്ല എന്നതാണ് ഉപയോഗിച്ചത് സ്പൈസ് ബോംബാണെന്നതിന്റെ സാധ്യത ശക്തമാക്കുന്നത്.

ലക്ഷ്യം ഭേദിച്ചു പോർവിമാനങ്ങൾക്കു പോറൽ പോലുമേൽക്കാതെ നിമിഷങ്ങൾക്കകം തിരികെ വരാനാകണമെങ്കിലും സ്പൈസ് ബോംബ് തന്നെ വേണ്ടി വരും. ‘ലോങ് റേഞ്ച്’ ആണ് ഇന്ത്യൻ വ്യോമസേന ലക്ഷ്യമിട്ടിരുന്നതും. 500 കിലോ ബോംബുകൾക്കു വേണ്ട സ്പൈസ്–1000 കിറ്റിന് 100 കി.മീ വരെ ഗ്ലൈഡ് റേഞ്ചുണ്ട്.

1000 കിലോ ബോംബിനു വേണ്ടിയുള്ള സ്പൈസ്–2000 കിറ്റിനാകട്ടെ 60 കിലോമീറ്ററും. 2015ൽ ഇന്ത്യൻ വ്യോമസേന സ്പൈസ്–2000 ബോംബുകൾ വാങ്ങിയതിന്റെ വിവരം പുറത്തുവിട്ടിരുന്നു. വരാനിരിക്കുന്ന റഫാൽ യുദ്ധ വിമാനങ്ങളിലും ഇന്ത്യ ഉപയോഗിക്കാനിരിക്കുന്നത് സ്പൈസ് ബോംബുകളാണ്.

English Summary: IAF air strikes: Did India take the Israeli 'SPICE bomb'?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com