സ്വിമ്മിങ് പൂൾ, പാചകക്കാർ; ജയ്ഷ് ക്യാംപിലുണ്ടായിരുന്നത് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ

HIGHLIGHTS
  • ഹിസ്ബുൽ മുജാഹിദ്ദീനും മറ്റു സംഘടനകളും ഭീകരരെ പരിശീലിപ്പിക്കാൻ ക്യാംപ് ഉപയോഗിച്ചിരുന്നു
  • ബാലാകോട്ട് നഗരത്തിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് ഭീകര ക്യാംപ്
Masood-Azhar-Jaish-e-muhammed
മസൂദ് അസ്ഹറിന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായി മുംബൈയിൽ പ്രതിഷേധ പ്രകടനം നടത്തുന്നവർ (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി∙ ഇന്ത്യൻ തിരിച്ചടിയിൽ തകർന്ന ജയ്ഷെ മുഹമ്മദ് ക്യാംപിലുണ്ടായിരുന്നത് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ. കാട്ടിനുള്ളിലെ കുന്നിനു മുകളിൽ ഫൈവ് സ്റ്റാർ റിസോർട്ടിന്റെ സൗകര്യങ്ങളോടെയാണ് ഈ പരിശീലനക്യാംപ് തയാറാക്കിയിരുന്നത്. നിയന്ത്രണരേഖയിൽനിന്ന് എൺപതോളം കിലോമീറ്റർ അകലെ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ ക്യാംപ്. അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദന്‍ ഒളിച്ചിരുന്ന അബട്ടാബാദിന് അടുത്തുതന്നെ. ബാലാകോട്ട് നഗരത്തിൽനിന്ന് 20 കിലോമീറ്ററായിരുന്നു അകലം.

ജയ്ഷെ മുഹമ്മദിനൊപ്പം ഹിസ്ബുൽ മുജാഹിദ്ദീനും മറ്റു സംഘടനകളും ഭീകരരെ പരിശീലിപ്പിക്കാൻ ക്യാംപ് ഉപയോഗിച്ചിരുന്നു. ജയ്ഷ് തലവൻ മസൂദ് അസ്ഹറടക്കമുള്ള മുതിർന്ന നേതാക്കൾ പഠിപ്പിക്കുകയും ഭീകരരെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. കുനാർ നദീതീരത്തുള്ള ക്യാംപിൽ സ്വിമ്മിങ് പൂൾ അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നീന്തൽ പരിശീലനം നടത്തുന്നതിനാണിതെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. പാക്കിസ്ഥാൻ സൈന്യത്തിലെ മുൻ ഉദ്യോഗസ്ഥരാണ് ഇവിടെ പരിശീലിപ്പിക്കാൻ എത്തുന്നതെന്നാണ് വിവരം.

ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കാൻ, തന്ത്രങ്ങൾ, സുരക്ഷാ വ്യൂഹം ആക്രമിക്കാൻ, ബോംബ് നിർമാണവും വിന്യാസവും, ചാവേർ ആക്രമണത്തിനുള്ള തയാറെടുപ്പുകൾ, ചാവേർ ആക്രമണത്തിന് വാഹനങ്ങൾ തയാറാക്കുക, ഉയർന്ന മലനിരകളിലും അതീവ സമ്മർദ്ദത്തിലാകുന്ന അവസരങ്ങളിലും മറ്റും പെരുമാറേണ്ടതെങ്ങനെയെന്ന പരിശീലനവും ഇവിടെ നൽകിയിരുന്നു. ചാവേർ ആക്രമണങ്ങളിലാണ് ജയ്ഷ് കൂടുതൽ ശ്രദ്ധചെലുത്തുന്നത്. മതപരമായ ഉപദേശം പ്രത്യയശാസ്ത്രപരമായ മസ്തിഷ്കപ്രക്ഷാളനം എന്നിവയ്ക്കും അവർ കൂടുതൽ പ്രാധാന്യം നൽകുന്നു.

ജയ്ഷെ മുഹമ്മദ് ഭീകരരെയും അക്രമികളെയും പരീശീലകരെയും ബാലാകോട്ടിലെ ഈ ക്യാംപിലേക്ക് മാറ്റിയതായി ഇന്ത്യയ്ക്ക് രഹസ്യാന്വേഷണ വിഭാഗം അറിയിപ്പു നൽകിയിരുന്നു. 500 മുതൽ 700 പേരെ വരെ ഇവിടെ താമസിപ്പിക്കാൻ സാധിക്കും. പാചകക്കാരും ശുചീകരണത്തൊഴിലാളികളും ഇവർക്ക് സഹായവുമായി ഇവിടെയുണ്ട്. പാക്ക് അധിനിവേശ കശ്മീരിൽ ആക്രമണത്തിനുള്ള സാധ്യത അവർ പരിഗണിച്ചെങ്കിലും ഇത്രയും ഉള്ളിലേക്ക് കടന്നുചെന്നുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. മുന്നൂറോളം ഭീകരരെ ഒറ്റയടിക്ക് വധിക്കാൻ അതിനാൽ ഇന്ത്യയ്ക്കു സാധിച്ചു.

English Summary: Jaish-e-Mohammed Camp with "5-Star, Resort-Style" With Swimming Pool

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA