ADVERTISEMENT

ന്യൂഡല്‍ഹി∙ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്ക് അധിനിവേശ കശ്മീരിലെ മൂന്നു ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തിയ നടപടി നീണ്ടത് 21 മിനിറ്റെന്നു റിപ്പോര്‍ട്ടുകള്‍. ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാംപുകളിലാണ് 1000 കിലോയോളം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് മിറാഷ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.

മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ, ഹിസ്ബുൽ മുജാഹിദ്ദീൻ എന്നീ പാക് ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് ഇവിടെ തകർത്തത്. മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയായിരുന്നു ആക്രമണം. ചകോതിയില്‍ 3.58 മുതല്‍ 4.04 വരെ ആക്രമണം നീണ്ടു.

ഇന്ത്യ വിട്ടയച്ച പാക് ഭീകരനായ മൗലാന മസൂദ് അസര്‍ 2001-ല്‍ സ്ഥാപിച്ചതാണ് ബാലാക്കോട്ടിലെ ജയ്ഷ് പരിശീലന ക്യാംപ്. ജമ്മു കശ്മീര്‍ നിയമസഭാ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെ ഇന്ത്യക്കെതിരായ നിരവധി നീക്കങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത് ഈ ക്യാംപിൽ നിന്നായിരുന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇന്ത്യന്‍ വിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് ആയുധങ്ങള്‍ വര്‍ഷിച്ചുവെന്ന് പാക്കിസ്ഥാന്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. ഏറെ വൈകിയും ഇന്ത്യ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചില്ല. ആക്രമണത്തിന്റെ വിവരങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചുവെന്നാണ് വിവരം. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

12 മിറാഷ് വിമാനങ്ങൾ ആയിരം കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. 200 മുതൽ 300 ഭീകരർ കൊല്ലപ്പെട്ടിരിക്കാമെന്നും റിപ്പോർട്ടുകളിൽ സൂചനയുണ്ട്. പാക്ക് പ്രത്യാക്രമണ സാധ്യത മുൻനിർത്തി വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പാക്കിസ്ഥാൻ തിരിച്ചടിച്ചാൽ ശക്തിയോടെ ചെറുക്കാനാണ് നിർദ്ദേശം.

English Summary: Surgical strike lasted for 21 minutes and destroyed largest terror camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com