ADVERTISEMENT

ന്യൂഡല്‍ഹി ∙ ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന ജയ്‌ഷെ ഭീകരരെ അതിര്‍ത്തിക്കപ്പുറം കടന്നുചെന്ന് ഇന്ത്യന്‍ വ്യോമസേന വധിച്ചത് ഉറങ്ങിക്കിടക്കുമ്പോള്‍. പാക് അധീന കശ്മീരിലാവും ഇന്ത്യ ആക്രമണം നടത്തുക എന്ന പ്രതീക്ഷയില്‍ അവിടങ്ങളിലെ ക്യാംപുകളില്‍നിന്ന് പാക്ക് ചാരസംഘടനകള്‍ ഭീകരരെ കഴിഞ്ഞ ദിവസം ബാലാകോട്ടിലെ വനമേഖലയിലെ കുന്നിന്‍പുറത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.

ഇന്ത്യയില്‍ നുഴഞ്ഞു കയറി ആക്രമണം നടത്താന്‍ സജ്ജരായിരുന്ന ഭീകരരെയാണ് ഇത്തരത്തില്‍ ഒഴിപ്പിച്ചത്. തങ്ങളുടെ അതിര്‍ത്തി കടന്ന് ഇത്ര ദൂരത്തേക്ക് എത്തി ഇന്ത്യ ആക്രമണം നടത്തുമെന്നു പാക്ക് ചാരസംഘടനകള്‍ കരുതിയിരുന്നില്ല. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പറന്നെത്തി ബോംബ് വര്‍ഷിച്ചപ്പോള്‍ പാക്കിസ്ഥാന്‍ സ്തബ്ധരായി. ജയ്‌ഷ് കേന്ദ്രത്തില്‍ ഭീകരര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഇന്ത്യന്‍ ആക്രമണം നടന്നത്. ആറു ബോംബുകളാണ് ക്യാംപില്‍ വര്‍ഷിച്ചത്.

JeM Terrosrist
ഇന്ത്യ ലക്ഷ്യം വച്ച ജയ്ഷെ മുഹമ്മദിന്റെ ഭീകരർ. മുഫ്തി അസ്ഹർ ഖാൻ, മൗലാന തൽഹ സൈഫ്, ഇബ്രാഹിം അസ്ഹർ, മൗലാന അമർ. ചിത്രം: എഎൻഐ, ട്വിറ്റർ

കൊടും ഭീകരരും പരിശീലകരും ഉള്‍പ്പെടെ 500 മുതല്‍ 700 വരെ ആളുകളാണ് ബാലാക്കോട്ടിലെ ക്യാംപിലുണ്ടായിരുന്നത്. ഇതില്‍ 350 പേര്‍ കൊല്ലപ്പെട്ടുവെന്നാണു സൂചന. പാക്ക് അധിനിവേശ കശ്മീരിലെ ക്യാംപുകളില്‍നിന്ന് ഭീകരരെ പാക്ക് സൈന്യം ഒഴിപ്പിച്ചതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. സ്വിമ്മിങ് പൂളും പരിചാരകരും പാചകക്കാരും ഉള്‍പ്പെടെ വന്‍ സന്നാഹങ്ങളാണ് ബാലാക്കോട്ടിലെ കേന്ദ്രത്തില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.

പാക്ക് ചാരസംഘടനകള്‍ക്ക് ഒരു തരത്തിലുള്ള സംശയവും തോന്നാതിരിക്കാന്‍ ശക്തമായ ആസൂത്രണമാണ് ആക്രമണത്തിനു മുമ്പ് ഇന്ത്യന്‍ വ്യോമസേന നടത്തിയത്. മധ്യ, പടിഞ്ഞാറന്‍ കമാന്‍ഡിലുള്ള വിവിധ വ്യോമതാവളങ്ങളില്‍നിന്നാണ് മിറാഷ് വിമാനങ്ങള്‍ ഒരേസമയം പറന്നുയര്‍ന്നത്.

വിമാനങ്ങള്‍ എവിടേക്കാണു പറക്കുന്നതെന്ന് പാക്ക് ചാര ഏജന്‍സികള്‍ക്കു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പറക്കലിനിടയില്‍ ഒരു ചെറുവിഭാഗം പെട്ടെന്ന് തെന്നിമാറി ബാലാകോട്ട് ലക്ഷ്യമാക്കി പോവുകയായിരുന്നു. അല്‍ഖായിദ നേതാവ് ഒസാമ ബിന്‍ ലാദനെ അമേരിക്കൻ കമാന്‍ഡോകള്‍ വധിച്ച അബട്ടാബാദില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ബാലാകോട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com