ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 ന് സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. ജയസൂര്യ, ഫഹദ് ഫാസിൽ, ജോജു ജോർജ്, മോഹൻലാൽ തുടങ്ങിയവർ മികച്ച നടനുള്ള അവസാന പട്ടികയിലുണ്ട്. മഞ്ജു വാരിയർ, ഉർവശി, നസ്രിയ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മികച്ച നടിക്കായുള്ള മല്‍സരത്തില്‍. മികച്ച ചിത്രത്തിനും സംവിധായകനുമായി അവസാന നിമിഷവും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അവാർഡ് പ്രഖ്യാപിക്കാനായി ഇന്നലെ രാത്രിയും സിനിമകൾ കണ്ടാണ് ജഡ്ജിങ് കമ്മിറ്റി പുരസ്കാര നിർണയം പൂർത്തിയാക്കിയത്. കുട്ടികളുടെ നാല് ചിത്രങ്ങളടക്കം 104 സിനിമകളാണ് കുമാർ സാഹനിയുടെ നേതൃത്വത്തിലെ കമ്മിറ്റി പരിഗണിച്ചത്. ടൊവിനൊ, സുരാജ് വെഞ്ഞാറമൂട്, നിവിൻ പോളി, ദിലീപ് തുടങ്ങിയവർ പരിഗണനയിലുണ്ടെങ്കിലും ഞാൻ മേരിക്കുട്ടി, കാപ്റ്റൻ എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യയും വരത്തൻ, കാർബൺ തുടങ്ങിയവയിലൂടെ ഫഹദും ജോസഫിലൂടെ ജോജു ജോർജും ഒടിയനിലൂടെ മോഹൻലാലുമാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.

ആമിയിലൂടെ മഞ്ജു വാര്യരും അരവിന്ദന്റെ അതിഥികൾ, എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങളിലൂടെ ഉർവശിയും മികച്ച നടിയായി പരിഗണിക്കുമ്പോൾ പുതുതലമുറ താരങ്ങളായ നസ്രിയ, ഐശ്വര്യ ലക്ഷ്മി, അനു സിത്താര തുടങ്ങിയവരും അവസാന റൗണ്ടിലുണ്ട്. സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ഷാജി എൻ.കരുണിന്റെ ഓള്, ടി.വി.ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം തുടങ്ങി എട്ട് ചിത്രങ്ങൾ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പോരാട്ടത്തിലുണ്ട്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സംവിധാനം ചെയ്ത ആമിയും അംഗം ബീനാ പോൾ എഡിറ്റിങ് നിർവഹിച്ച കാർബണും മൽസരത്തിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും അവയും പരിഗണിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com